പുരുമീള്ഹനും അജമീള്ഹനും ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
യജ്ഞാർഹരിൽ ആരുള്ള കേൾപ്പാൻ? ഏതൊരു ദേവൻ സ്തോത്രം കൈക്കൊള്ളും? തിളക്കവും നല്ല ഹവിസ്സും ചേർന്ന ഈ അരുമസ്തുതിയെ നാം അമരരിൽ ആരുടെ ഹൃദയത്തിൽ പതിയ്ക്കും? 1
ദേവകളിൽ ആരുള്ളു, സുഖിപ്പിയ്ക്കാൻ? ആര്‍, തീർച്ചയായും വരും? ആരാണ്, ഏറ്റവും സുഖപ്രദൻ? ഏതൊരു തേരാണ്, ഓടുന്ന കതിരകളാൽ വേഗവത്തെന്നു പറയുന്നത്? അതിലാണല്ലോ, സൂര്യന്റെ മകൾ ചെന്നു കേറിയത്. 2
നിങ്ങളിരുവരും അടുത്ത ദിവസങ്ങളില്‍, ശക്തിമാനായ ഇന്ദ്രന്‍ പ്രഭാതത്തിലെന്നപോലെ ശീഘ്രം വന്നുചേരണം: സ്വർഗ്ഗത്തില്‍ നിന്നു വരുന്ന, ദിവ്യരായ ശോഭനഗമനരായ നിങ്ങൾ എന്തൊരു കർമ്മത്താലാണ്, ഇത്ര ശക്തരായത്? 3
അശ്വികളേ, എന്തായിരിയ്ക്കും നിങ്ങൾക്കുള്ള സ്തുതി? എന്തൊരു സ്തുതികൊണ്ടു വിളിയ്ക്കണം, നിങ്ങൾ വരാൻ? അടുത്തെങ്ങാനും ആരുണ്ട്, നിങ്ങളുടെ വമ്പിച്ച ക്രോധം താങ്ങാന്‍? മധു പൊഴിയ്ക്കുന്ന ദസ്രരേ, നിങ്ങൾ രക്ഷകൊണ്ടു ഞങ്ങളെ പാലിച്ചാലും! 4
വിണ്ണിനു ചുറ്റും വളരെസ്സഞ്ചരിയ്ക്കുന്ന നിങ്ങളുടെ രഥം അന്തരിക്ഷത്തില്‍നിന്നു നിങ്ങളുടെ മുമ്പിലെയ്ക്കു വരുന്നു: മധു പൊഴിയ്ക്കുന്നവരേ, നിങ്ങൾക്കുള്ള മധുവിൽ മധു പകർന്നുകഴിഞ്ഞു; സോമവും പൊരിയവിലും നിങ്ങളിൽ വന്നെത്തുന്നു! 5
നിങ്ങളുടെ കുതിരകളെ മേഘം നനച്ചു; ആ മിന്നിത്തിളങ്ങുന്ന പാവകൾ ചുറവം സഞ്ചരിയ്ക്കുന്നു. യാതൊന്നിൽ നിങ്ങൾ സൂര്യപുത്രിയെ കേറ്റിയാ, നിങ്ങളുടെ ആ വാഹനം ക്ഷണേന വെളിപ്പെടുന്നു! 6
രമ്യമായ അന്നമുള്ളവരേ, ഞാൻ ഇവിടെ സമാനമനസ്കരായ നിങ്ങളോടു ചേർക്കുന്ന ഈ സ്തുതി ഞങ്ങളുടേതാണ്. നിങ്ങൾ സ്തോതാവിനെ രക്ഷിയ്കുണം: നാസത്യരേ, അഭിലാഷം നിങ്ങളില്‍ത്തന്നേ വന്നുനില്ക്കുന്നു! 7
[1] യജ്ഞാഹര്‍-ദേവകൾ. പതിയ്ക്കും – ഒട്ടിയ്ക്കും. അശ്വികൾതന്നേ സ്തുതിയ്ക്കുടമകൾ എന്നു ധ്വനി.
[2] സുഖിപ്പിയ്ക്കാന്‍ – നമ്മെ. വരും – യജ്ഞത്തില്‍. ഏറ്റവും സുഖപ്രദൻ ആരാണ്? അശ്വികൾതന്നേ.
[4] മധു – മധുരജലം.
[5] മധുവില്‍ – സോമരസത്തില്‍. മധു – മധുരമായ പാല്‍.
[6] പറവകൾ – പക്ഷിസദൃശങ്ങളായ അശ്വങ്ങൾ.
[7] ഞങ്ങളുടേതാണ് – ഞങ്ങൾക്കു ഫലം തരട്ടേ എന്നു ഭാവം. അഭിലാഷം – സ്തോതാവായ എന്റെ.