വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
വസുക്കളേ, ആരാണ്, നിങ്ങളിൽ രക്ഷകന്‍? ആരാണ്, നിവാരകന്‍? ദ്യോവേ, ഭൂവേ, അദിതേ, വരുണ, മിത്ര, നിങ്ങൾ തീറ്റിക്കേറുന്ന മനുഷ്യനില്‍നിന്നു ഞങ്ങളെ രക്ഷിച്ചാലും! ദേവന്മാരേ, യാഗത്തിൽ നിങ്ങളിലാരാണ്, ധനം നല്കുന്നത്; 1
യാവചിലര്‍ പുരാതനസ്ഥാനങ്ങൾ നല്കുന്നുവോ; പ്രൌഢരായ യാവചിലര്‍ ദുഃഖം പോക്കി വെളിച്ചമരുളന്നുവോ; ആ ശാശ്വതരായ കർത്താക്കൾ അഭീഷ്ടം തരും. ആ ദർശനീയര്‍ സത്യകർമ്മാക്കളായി വിളങ്ങുന്നു! 2
പ്രാപ്യയായ അദിതി, സിന്ധു, സ്വസ്തി എന്നീ ദേവിമാരെ ഞാൻ, സഖ്യത്തിന്നായി മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു; ഇരുമഹതിമാര്‍ ഞങ്ങളെ രക്ഷിയ്കണം. അഹിംസനീയകളായ അഹോരാത്രികളും കനിയട്ടെ! 3
അര്യമാവ്, വരുണന്‍ എന്നിവര്‍ വഴിയരുളട്ടെ; അന്നപാലകനായ അഗ്നിയും സുഖകരമായ മാർഗ്ഗം അരുളട്ടെ; ഇന്ദ്ര, വിഷ്ണോ, നന്നായി സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങക്ക് ആളുകളും ഉറപ്പുമുള്ള സ്പൃഹണീയമായ ധനം തരുമാറാകണം! 4
പർവതനും, മരുത്തുക്കളും, പാലകനായ ഭഗദേവനും രക്ഷിയ്കേണമെന്നു ഞാനപേക്ഷിയ്ക്കുന്നു. വരുണന്‍ ജനങ്ങളുടെ പാപത്തിൽ നിന്നു ഞങ്ങളെ രക്ഷിയ്ക്കട്ടെ. മിത്രനും മിത്രഭാവത്താൽ ഞങ്ങളെ രക്ഷിയ്ക്കണം! 5
ദ്യാവാപൃഥിവികളാകുന്ന ദേവിമാരെയും, അഹിബ്ബുധ്ന്യനെയും കടുത്തിരമ്പുന്ന നദികളെ തുറന്നവരെയും ഞാന്‍ അഭീഷ്ടലബ്ദിയ്ക്കായി, ധനത്തിന്നുവേണ്ടി സഞ്ചരിയ്ക്കുന്നവര്‍ സമുദ്രത്തെയെന്നപോലെ സ്തുതിയ്ക്കുന്നു. 6
അദിതിദേവി ദേവന്മാരോടൊന്നിച്ചു ഞങ്ങളെ രക്ഷിയ്ക്കട്ടെ; പാലകനായ ദേവൻ വീഴ്ചകൂടാതെ പാലിയ്ക്കട്ടെ, മിത്രന്റെയും വരുണന്റെയും അഗ്നിയുടെയും ഉത്തമമായ അന്നം ഞങ്ങൾ കുറയ്ക്കുകയില്ല! 7
അഗ്നി ധനസമൂഹത്തിന്റെയും, അഗ്നി വലിയ സൌഭാഗ്യത്തിന്റെയും ഉടമയാണല്ലോ; അവ ഞങ്ങൾക്കു തരട്ടെ! 8
ഉഷസ്സേ, മഘോനി, സൂനൃതവചനേ, വാജിനീവതി, ഭവതി ഞങ്ങൾക്കു വരണീയമായ ധനം വളരെ കൊണ്ടുവന്നാലും! 9
സവിതാവും ഭഗനും വരുണനും മിത്രനും അയ്യുമാവും ഇന്ദ്രനും ഞങ്ങളിൽ വരുമാറുള്ളതു, യാതൊന്നോടുകൂടിയോ; ആ ധനം ഞങ്ങക്ക്! 10
[1] നിവാരകന്‍ – ദുഃഖങ്ങളെ തടുക്കുന്നവന്‍. തീറ്റിക്കേറുന്ന – എതിർക്കുന്ന.
[2] നല്കുന്നുവോ – സ്തോതാക്കൾക്ക്.
[3] ഇരുമഹതിമാര്‍ – ദ്യാവാപൃഥിവികൾ.
[4] വഴി – യജ്ഞാദിമാർഗ്ഗം.
[5] പർവതന്‍ – ഇന്ദ്രസഖനായ ഒരു ദേവന്‍.
[6] അഹിബ്ബൂധ്ന്യന്‍ – ഒരു ദേവന്‍. തുറന്നവര്‍ – വൃഷ്ടികർത്താക്കൾ. ധനത്തിന്നുവേണ്ടി – ദ്വീപാന്തരങ്ങളിൽ ചെന്നു കച്ചവടംകൊണ്ടു പണം സമ്പാദിപ്പാൻ.
[7] പാലകനായ ദേവൻ – ഇന്ദ്രന്‍. കുറയ്ക്കുടകയില്ല – അനുഷ്ഠാനംകൊണ്ടു വർദ്ധിപ്പിയ്ക്കുകയേ ചെയ്യൂ.
[9] ഉഷഃപർയ്യായങ്ങളാണ്, സംബുദ്ധിപദങ്ങൾ.
[10] ഞങ്ങൾക്ക് – തരട്ടേ എന്ന ക്രിയാപദം അധ്യാഹരിയ്ക്കണം.