വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; ദ്യാവാപൃഥീവികൾ ദേവത.
വലിയ, ശ്രേഷ്ഠകളായ ദ്യാവാപൃഥിവികൾ ഇവിടെ ഉദ്ദീപിപ്പിക്കുന്ന മന്ത്രങ്ങൾകൊണ്ടു മിന്നിത്തിളങ്ങട്ടെ: എങ്ങും പരപ്പേറിയ ഈ മഹതികളെ ഉറപ്പിച്ചുകൊണ്ടാണല്ലോ, പർജ്ജന്യൻ തഴച്ചു പായുന്നവരോടൊന്നിച്ച് ഒലിയിടുന്നത്! 1
യഷ്ടവ്യകളായ, ഹിംസിയ്ക്കുകയോ ദ്രോഹിയ്ക്കുകയോ ചെയ്യാത്ത, നനയ്ക്കുന്ന, സത്യവതികളായ, ദേവമാതാക്കളായ, യജ്ഞം നിർവ്വഹിയ്ക്കുന്ന ദേവിമാര്‍ യജനീയരായ ദേവന്മാരൊന്നിച്ച്, ഉദ്ദീപിപ്പിയ്ക്കുന്ന മന്ത്രങ്ങളോടു ചേർന്നുനില്ക്കട്ടെ! 2
ആര്‍ ദ്യാവാപൃഥിവികളെ സൃഷ്ടിച്ചുവോ; പരപ്പും ഉറപ്പും വെടുപ്പുമുള്ള ഈ ഇരുലോകങ്ങളെ ധീരനായ ആര്‍ ത്രാണികൊണ്ടു നിരാലംബത്തിൽ വഴിപോലെ നിർത്തിയോ; അദ്ദേഹംതന്നെ, ലോകത്തിൽ ശുഭകർമ്മാവ്! 3
ദ്യാവാപൃഥിവികളേ, പരപ്പേറിയ, വ്യാപ്തകളായ, യഷ്ടവ്യകളായ, അന്നം തരാനിച്ഛിയ്ക്കുന്ന നിങ്ങൾ ഒത്തൊരുമിച്ചു, ഞങ്ങളെ വേഗത്തിൽ പത്നീസഹിതങ്ങളായ വലിയ ഗൃഹങ്ങൾകൊണ്ടു സംരക്ഷിയ്ക്കുവിൻ! തേരാളികളായ ഞങ്ങൾ സ്തുതിച്ചു സേവിയ്ക്കുമാറാകണം! 4
ദേവിമാരേ, നിങ്ങൾക്ക് ഒരു വലിയ സ്തോത്രം ഞങ്ങൾ ഒരുക്കാം: പരിശുദ്ധമാരേ, സ്തുതിപ്പാൻ ഞങ്ങൾ സമീപിയ്ക്കുന്നു. 5
നിങ്ങൾ സ്വന്തം ദേഹംകൊണ്ടും ബലംകൊണ്ടും പരസ്പരം ശുദ്ധിപ്പെടുത്തിക്കൊണ്ടു സംശോഭിയ്ക്കുന്നു; എന്നെന്നും യജ്ഞം നിർവഹിയ്ക്കന്നു. 6
മഹതികളേ, നിങ്ങൾ സഖാവിന്ന് ഇഷ്ടം സാധിപ്പിയ്ക്കുന്നു. അന്നം വിതച്ചും നിറച്ചും യജ്ഞത്തിനു ചുറ്റും വാണരുളുന്നു!7