ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അഗ്നേ, രശ്മികൾക്കു തടവില്ലാത്തവനേ, നിന്തിരുവടി ഞങ്ങൾക്കു കരുത്തേറിയ കനകം കൊണ്ടുവന്നാലും; ഞങ്ങളെ ചുറ്റും ചുഴന്ന ധനത്തോടു ചേർത്താലും; അന്നത്തിന്നു വഴി വെട്ടിയാലും! 1
അഗ്നേ, അദ്ഭുത, അവിടുന്നു ഞങ്ങൾക്കു കർമ്മത്താൽ കരുത്തു തന്നാലും: ബലത്തിന്റെ ഇരിപ്പിടമാണല്ലോ, അങ്ങ്; സൂന്‍ പോലെ യജ്ഞാഹനായ ഭവാൻ വിക്രമം പൂണ്ടാലും! 2
അഗ്നേ, അവിടുന്ന് ഈ ഞങ്ങൾക്കു ഗൃഹവും പുഷ്ടിയും വളർത്തിയാലും: സൂരികളായ മനുഷ്യര്‍ സ്തോത്രങ്ങളാൽ സമ്പത്തു നേടിയല്ലോ! 3
അഗ്നേ, ആഹ്ലാദക അങ്ങയ്ക്കു സ്തുതി രചിയ്ക്കുന്നവരെവരോ, ആ മനുഷ്യര്‍ അശ്വങ്ങളാകുന്ന സമ്പത്തു നേടും; ബലവാന്മാരായിത്തീർന്നു, ബലംകൊണ്ടു ജയിയ്ക്കും; ആകാശത്തെക്കാൾ വലുതായിരിക്കും, അവരുടെ സല്‍ക്കീർത്തി! (ഗയൻ) സ്വയം ഉണർത്തിയ്ക്കുന്നു; 4
അഗ്നേ, അങ്ങയുടെ ആ തിളങ്ങുന്ന പ്രഗല്ഭജ്വാലകൾ, ചൂഴെപ്പായുന്ന മിന്നലുകൾപോലെയും, ഇരമ്പുന്ന തേരുപോലെയും, അന്നകാമൻപോലെയും പ്രസരിയ്ക്കുന്നു! 5
അഗ്നേ, ഞങ്ങളെ രക്ഷിയ്ക്കുക; വലയുന്നവന്നു ധനം നല്കുക. ഞങ്ങളുടെ ആളുകളും സ്തോതാക്കളും ആശയെല്ലാം കടക്കുമാറാകണം! 6
അഗ്നേ, അംഗിരസ്സേ, സ്തൂതനും സ്തുയമാനനുമായ ഭവാന്‍ ഞങ്ങൾക്കു വമ്പന്മാരെയും അമ്പിയ്ക്കുന്ന ധനം കൊണ്ടുവന്നാലും ഹോതാവേ, സ്തോതാക്കൾക്കു മിടുക്കുണ്ടാക്കിയാലും; യുദ്ധത്തിൽ ഞങ്ങളെ സമൃദ്ധരാക്കിയാലും! 7
[1] ചേർത്താലും – ധനം ഞങ്ങളടെ ചുറ്റും വന്നുകൂടട്ടേ എന്നർത്ഥം.
[2] വിക്രമം പൂണ്ടാലും – യാഗം മുഴക്കുന്ന ദുഷ്ടരെ അകറ്റാന്‍.
[3] സ്തോത്രങ്ങളാല്‍ – അങ്ങയെ സ്തുതിച്ചതിനാല്‍.
[4] ജയിയ്ക്കും – എതിരാളികളെ.
[5] അന്നകാമന്‍ – അന്നലബ്ദിയ്ക്കായി പോരില്‍പ്പൊരുതുന്നവന്‍, ഈ ഉപമ അഗ്നിജ്വാലകളുടെ ആഹുതിവാഞ്ഛയെ ധ്വനിപ്പിയ്ക്കുന്നു.
[6] ആശയെല്ലാം കടക്കുമാറാകണം – പൂർണ്ണകാമരായിത്തീരണം.
[7] അമ്പിയ്ക്കുന്ന – അമർത്തുന്ന. മിടുക്ക് – സ്തുതിനൈപുണ്യം.