അത്രിവംശ്യൻ ഗയൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, മനുഷ്യര്‍ ഹവിസ്സൊരുക്കി ദേവനായ ഭവാനെ സ്തുതിച്ചുപോരുന്നു; ഞാനും ജാതവേദസ്സായ ഭവാനെ പുകഴ്ത്തുന്നു. ഹവ്യങ്ങൾ ഇടവിടാതെ വഹിയ്ക്കുന്നവനാണല്ലോ, ആ ഭവാന്‍. 1
ആരിൽ യജ്ഞങ്ങളും, ആരിൽ യശസ്കരങ്ങളായ അന്നങ്ങളും ഒപ്പം ചെല്ലുന്നുവോ; ആ അഗ്നി, ദർഭ മുറിച്ചു, ഹവിസ്സർപ്പിയ്ക്കുന്ന ഫലാന്വിതന്നു ഹോതാവായിബ്ഭവിയ്ക്കുന്നു! 2
മനുഷ്യപ്രജകളെ പുലർത്താൻ ഈ സുയജ്ഞനായ അഗ്നിയെ രണ്ടരണികൾ ഒരു പുതുകുഞ്ഞിനെയെന്നപോലെ ഉല്‍പ്പാദിപ്പിച്ചു! 3
അഗ്നേ, ഭവാന്‍, ഒരശിക്ഷിതക്കുതിരക്കുട്ടിപോലെ, പണിപ്പെട്ടു പിടിയ്കുപ്പെടേണ്ടവനാകുന്നു; ഭവാന്‍ വളരെ വനങ്ങളെ, പുല്ലിൽ വിടപ്പെട്ടു മാടു പോലെ തിന്നൊടുക്കും! 4
ഈ ധൂമവാന്റെ ജ്വാലകൾ നന്നായി പടരുന്നു: ഇവന്‍ മൂന്നിനുംമീതേ വാനത്ത്, ഒരുലക്കാരൻപോലെ വീർപ്പിയ്ക്കുന്നു; ഉലക്കാരങ്കലെന്നപോലെ മൂർച്ചപ്പെടുത്തുന്നു! 5
അഗ്നേ, ഞാന്‍ സഖാവായ ഭവാന്റെ രക്ഷകൊണ്ടും (ഭവാനെക്കുറിച്ചുള്ള) സ്തുതികൊണ്ടും മനുഷ്യരുടെ ദ്രോഹങ്ങളെ വിദ്വേഷികളെയെന്നപോലെ കടക്കുമാറാകണം! 6
അഗ്നേ, ബലവാനേ, നേതാവായ ഭവാന്‍ ഞങ്ങൾക്ക് ആധനം കൊണ്ടുവന്നാലും! അവിടുന്നു തള്ളിനീക്കട്ടെ; പോറ്റട്ടെ; അന്നം തന്നരുളട്ടെ; യുദ്ധങ്ങളിൽ നമ്മെ സമൃദ്ധരാക്കട്ടെ! 7
[2] ഫലാന്വിതന്‍ = സ്വർഗ്ഗസാധനഫലങ്ങളോടുകൂടിയവന്‍, യജമാനന്‍.
[4] അശിക്ഷിതമായ (മെരുക്കപ്പെട്ടിട്ടില്ലാത്ത) കുതിരക്കുട്ടിയെ പിടിയ്ക്കുക എളുപ്പമല്ലല്ലോ. പുല്ലില്‍ – പുല്പറമ്പില്‍.
[5] മൂന്നു് – പൃഥിവ്യന്തരീക്ഷദ്യോവുകൾ. ഒരുലക്കാരന്‍ ഉലയെ വീർപ്പിയ്ക്കുന്നതുപോലെ, അഗ്നി സ്വദേഹത്തെ വീർപ്പിയ്ക്കുന്നു. മൂർച്ചപ്പെടുത്തുന്നു – ഉലക്കാരന്‍ ഉലകൊണ്ടൂതിയാൽ അഗ്നിയ്ക്കു തീക്ഷ്ണതയേറുമല്ലോ; അതുപോലെ.
[7] അവിടുന്ന് എന്നതുമുതൽ പരോക്ഷവചനം: തള്ളിനീക്കട്ടെ – നമ്മുടെ ശത്രുക്കളെ. പോറ്റട്ടെ – നമ്മെ. സമൃദ്ധര്‍ – ശത്രുവിജയസമര്‍ത്ഥരെന്നു സാരം.