അത്രിപുത്രന്‍ കുമാരനും ജനപുത്രൻ വൃശനും ഋഷികൾ; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; അഗ്നി ദേവത.
നിഹതനായ കുമാരനെ അമ്മയായ യുവതി ഒരു ഗുഹയിൽ വെച്ചുകൊണ്ടിരുന്നു; അച്ഛന്നു കൊടുത്തില്ല. അവന്റെ പരിക്കേറ്റദേഹം, ശൂന്യത്തിൽ വെയ്ക്കപ്പെട്ടതിനാല്‍, ആളുകൾ മുമ്പിൽ കണ്ടില്ല. 1
‘യുവതേ, നീ ഒരു കൊലപ്പിണിയായിത്തീർന്നു വെച്ചുകൊണ്ടിരിയ്ക്കുന്ന ഈ കുമാരന്‍ ഏതാണ്?’ ‘മഹിഷിയുടെ മകന്‍: വളരെസ്സംവത്സരം വളർന്നു, ഗർഭം; അമ്മ പെറ്റപ്പോൾ കുട്ടിയെ ഞാന്‍ കണ്ടു.’ 2
സ്വർണ്ണപ്പല്ലും കത്തുന്ന നിറവുമുള്ളവനെ, ആയുധങ്ങളുണ്ടാക്കുന്നവനെ, ക്ഷേത്രത്തിന്നടുക്കൽ ഞാന്‍ കണ്ടെത്തേണമേ! അവന്നു ഞാന്‍ അതിവിപുലമായ അമൃതു കൊടുക്കും: ഇന്ദ്രനില്ലാത്തവര്‍, സ്തോത്രമില്ലാത്തവര്‍, എന്നോടെന്തു കാട്ടും? 3
നിഗൂഢം ചരിയ്ക്കുന്ന നിർഭരപ്രഭനെ, ഒരു ഗോവൃന്ദത്തെയെന്ന പോലെ, ഞാന്‍ സ്വയം ക്ഷേത്രത്തിൽ കണ്ടെത്തി: ആ അറിയപ്പെടാതിരുന്ന കിഴവികൾതന്നെ, ഇവന്റെ ജനനത്താൽ ചെറുപ്പക്കാരികളായിച്ചമഞ്ഞു! 4
ആര്‍ വേര്‍പെടുത്തി, എന്റെ ആളുകളെയും ഗോക്കളെയും? ഇടയന്‍ എതിർത്തില്ലല്ലോ. ഇവിടം പിടിച്ചെടുത്തവർ മുടിഞ്ഞുപോകട്ടെ: എല്ലാമറിയുന്നവൻ മാടുകളുടെ അടുക്കലെത്തിക്കൊള്ളും! 5
ഉള്ള പ്രാണികൾക്കെല്ലാം ശരണമായ രാജാവിനെ അരാതികൾ മനുഷ്യർക്കിടയിൽ മറച്ചിരിയ്ക്കുന്നു. അദ്ദേഹത്തെ അത്രിയുടെ മന്ത്രങ്ങൾ വിടുവിയ്ക്കട്ടെ; നിന്ദിയ്ക്കുന്നവര്‍ നിന്ദ്യരായിപ്പോകട്ടെ! 6
അഗ്നേ, അങ്ങു ബദ്ധനായ ശുനശ്ശേപനെ, അവൻ സ്തുതിച്ചതിനാല്‍, അനേകരൂപമായ യൂപത്തിൽനിന്നു മോചിപ്പിച്ചുവല്ലോഃ വിദ്വൻ, അപ്രകാരം, ഇവിടെ ഇരുന്നു, ഞങ്ങളില്‍നിന്നു പാശങ്ങൾ അഴിച്ചുകളഞ്ഞാലും! 7
അഗ്നേ, അങ്ങു കോപിച്ച് എങ്കല്‍നിന്ന് അകന്നുവല്ലോ: ദേവന്മാരുടെ കർമ്മപാലകന്‍ ഇന്ദ്രൻ എന്നോടരുളിച്ചെയ്തു. ആ അഭിജ്ഞൻതന്നെ എനിയ്ക്കുവേണ്ടി അങ്ങയെ സന്ദർശിച്ചുവല്ലോ; അദ്ദേഹത്തിന്റെ അനുശാസനത്താലാണ്, ഞാന്‍ വന്നത്. 8
അഗ്നി വലിയ തേജസ്സുകൊണ്ടു തുലോം വിളങ്ങി, മഹത്ത്വത്താൽ എല്ലാറ്റിനെയും വെളിപ്പെടുത്തുന്നു; ദുരവഗാഹങ്ങളായ അസുരമായകളെ അമർത്തുന്നു രക്ഷസ്സുകളെ നശിപ്പിയ്ക്കാന്‍ കൊമ്പുകൾ അണയ്ക്കുന്നു! 9
അഗ്നിയുടെ ഇരമ്പുന്ന തീക്ഷ്ണായുധങ്ങൾ രക്ഷസ്സുകളെ കൊല്ലാൻ സ്വർഗ്ഗത്തിൽ ആവിർഭവിയ്ക്കട്ടെ: ഇമ്പംകൊണ്ടാൽ തന്തിരുവടിയുടെ അരിശം അവറ്റിനെ ഉടച്ചുകൊള്ളും; ഉപദ്രവിയ്ക്കുന്ന അസുരപ്പടകൾ തടുക്കില്ല! 10
അഗ്നേ, ബഹുസ്വരൂപ, നിന്തിരുവടിയ്ക്കായി ഈ സ്തോത്രം മേധാവിയും ധീരനുമായ ഞാന്‍, ഒരു നല്ല പണിക്കാരന്‍ തേരെന്നപോലെ നിർമ്മിച്ചു. ദേവ, ഇത് അവിടെയ്ക്കു രുചിയ്ക്കുമെങ്കില്‍, ഈ പരക്കുന്ന വെള്ളം ഞങ്ങൾ കീഴടക്കും! 11
കഴുത്തു തടിച്ച വൃഷഭൻ വളർന്നു, ശത്രുധനം നിര്‍ബാധമായി കൈക്കലാക്കും: ഇത് അഗ്നിയോടു ദേവകൾ പറകയുണ്ടായി. യാഗം ചെയ്യുന്ന, ഹവിസ്സർപ്പിക്കുന്ന മനുഷ്യന്നു തന്തിരുവടി സുഖം നല്കട്ടെ! 12
[1] ത്രസദസ്യുരാജാവിന്റെ പുരോഹിതനായ വൃശനെന്ന ഋഷി, നടപ്പനുസരിച്ച് (അന്നു രാജാക്കന്മാരുടെ സാരഥികളും പുരോഹിതന്മാര്‍തന്നെയായിരുന്നു.) പള്ളിത്തേര്‍ തെളിച്ചുകൊണ്ടുപോകുമ്പോൾ, പാതയിൽ കളിച്ചിരുന്ന ഒരു ബ്രാഹ്മണകുമാരന്‍ തേർച്ചക്രം ദേഹത്തില്‍ത്തട്ടുകയാൽ മരിച്ചുപോയി. ഈ അത്യാഹിതം രാജാവിനെ തീവ്രദുഃഖത്തിലാഴ്ത്തി. അദ്ദേഹം സൂതനോടാവലാതിപ്പെട്ടു:-‘അങ്ങ് പുരോഹിതനായിരിയ്ക്കേ, എനിയ്ക്കു വധപാപം സംഭവിച്ചുവല്ലോ!’ സമാനദുഃഖനായ ഋഷി ഉടനേ സാമമന്ത്രം ചൊല്ലി കുമാരനെ ഉജ്ജീവിപ്പിച്ചു. ഈ ഇതിഹാസമാണ്, ഈ സൂക്തത്തിൽ സൂചിപ്പിച്ചിരിയ്ക്കുന്നത്. (ഇതിന്നു ചില പ്രകാരാന്തരങ്ങളും കാണുന്നുണ്ട്.) ശുന്യം = നിർജ്ജനസ്ഥലം.
[2] വൃശന്‍ അവളോടു ചോദിച്ചതും, അവളുടെ മറുപടിയുമാണ്, ഈ ഋക്കില്‍. ഈ രണ്ട് ഋക്കുകൾക്ക് അഗ്നിപരമായ വ്യാഖ്യാനവുമുണ്ട്. മഹിഷി = രാജപത്നി; മഹതിയായ അരണി എന്നും.
[3] വൃശന്റെ പ്രാർത്ഥന: സ്വർണ്ണപ്പല്ല് – ജ്വാലകൾ. ആയുധങ്ങൾ – തീപ്പൊരികൾ, ഉണ്ടാക്കുന്നവനെ – അഗ്നിയെ. ക്ഷേത്രം – വയല്‍. അമൃത് – ഹവിസ്സ്. ഇന്ദ്രനില്ലാത്തവര്‍ – ഇന്ദ്രനെ യജിയ്ക്കാത്തവര്‍.
[4] കിഴവികൾ – അടങ്ങിയ ജ്വാലകൾ. അഗ്നി ജ്വലിച്ചാൽ ജ്വാലകൾക്കു കെല്പു വരുമല്ലോ.
[5] ഇവിടം – ഈ രാജ്യം. എല്ലാമറിയുന്നവന്‍ – അഗ്നി.
[6] രാജാവ് – അഗ്നി.
[7] ഇവിടെ – വേദിയില്‍. പാശങ്ങൾ – സംസാരബന്ധങ്ങൾ.
[9] കൊമ്പുകൾ – ജ്വാലകൾ. അണയ്ക്കുക – മൂർച്ചകൂട്ടുക.
[10] തീക്ഷ്ണായുധങ്ങൾ – ജ്വാലകൾ. തടുക്കില്ല – തടുക്കാന്‍ ശക്തരാകില്ല.
[11] ഞങ്ങൾ കീഴടക്കും – ഞങ്ങൾക്കു വേണ്ടപ്പോളൊക്കെ കിട്ടും.