ശക്തിവംശ്യന്‍ ഗൌരിവീതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
മനുവിന്റെ യജ്ഞത്തില്‍ മൂന്നു തേജസ്സുകളുണ്ട്; അന്തരിക്ഷത്തിൽ വിളങ്ങുന്ന ആ മൂന്നിനെയും വഹിയ്ക്കുന്ന വിശുദ്ധബലരായ മരുത്തുക്കൾ അങ്ങയെ സ്തുതിച്ചുപോരുന്നു; ഇന്ദ്ര, ഇവർക്ക് ഒരൃഷിയാണ്, ധീമാനായ നിന്തിരുവടി! 1
സോമനീര്‍ മതിയാവോളും കുടിച്ച ഈ ഇന്ദ്രനെ മരുത്തുക്കൾ തുടർന്നു സ്തുതിച്ചു; അപ്പോൾ അവിടുന്നു വജ്രമെടുത്തു, പുത്രനെ വധിച്ചു, വളരെ ജലങ്ങളെ ഒഴുകാന്‍ വിട്ടു! 2
മഹാന്മാരായ മരുത്തുക്കളേ, നിങ്ങളും ഇന്ദ്രനും എന്റെ ഈ വെടുപ്പിൽ പിഴിഞ്ഞ സോമം കുടിയ്ക്കുവിന്‍: ആ ഹവിസ്സു മനുഷ്യന്നു ഗോക്കളെ കിട്ടിയ്ക്കുമല്ലോ; ഇതു കുടിച്ചാണ്, ഇന്ദ്രന്‍ വൃത്രനെ കൊന്നത്! 3
പിന്നീട് ഇന്ദ്രന്‍ വാനൂഴികളെ തുലോം ഉറപ്പിച്ചു. ചെല്ലൽ കൊണ്ടുതന്നെ മൃഗപ്രായനെ പേടിപ്പിച്ചു; വിഴുങ്ങിക്കിടന്നു കൂർക്കംവലിച്ചിരുന്ന ദാനവനെ, പുറത്തു വരുത്തി, ചെറുത്തു കൊന്നു! 4
മഘവാവേ, കർമ്മംമൂലം അങ്ങയ്ക്കു ദേവന്മാരെല്ലാം സോമപാനം മുറയ്ക്കു തന്നു. നേരേ പാഞ്ഞേറ്റ സൂര്യന്റെ പെണ്‍കുതിരകളെ അങ്ങ് ഏതശന്നുവേണ്ടി തടുത്തുനിർത്തിയല്ലോ! 5
മഘവാവു ശംബരന്റെറ തൊണ്ണൂറ്റൊമ്പതു പുരികൾ ഒന്നിച്ചു വജ്രംകൊണ്ടു പിളർത്തി; അപ്പോൾ അരികേ മരുത്തുക്കൾ ത്രൈഷ്ടു ഭസ്തോത്രംകൊണ്ട് ഇന്ദ്രനെ സ്തുതിച്ചു. അദ്ദേഹം തീപിടിച്ച അവനെ ഇട്ടു വലച്ചു! 6
ഈ സഖാവിന്റെ കർമ്മത്താല്‍, സഖാവായ അഗ്നി മുന്നൂറുമാടുകളെ ശിഘ്രം പചിച്ചു. ഇന്ദ്രന്‍ വൃത്രവധത്തിന്നായി, മനുവിന്റെ മൂന്നു പാത്രങ്ങളിലെ സോമനീര്‍ ഒന്നായി കുടിച്ചു! 7
മഘവാവായ ഭവാന്‍ മുന്നൂറുമാടുകളുടെ മാംസം ഭക്ഷിച്ചു; മൂന്നു പാത്രം സോമനീരും കുടിച്ചു. അങ്ങനെ തിരുവയര്‍ നിറഞ്ഞ ഇന്ദ്രനെയത്രേ, ദേവന്മാരെല്ലാം, ഒരു വേലക്കാരനെയെന്നപോലെ, വൃത്രവധത്തിന്നു വിളിച്ചത്. 8
ഇന്ദ്ര, അങ്ങും ഉശനസ്സും കീഴമർത്താൻ കുതിച്ചുപായുന്ന കുതിരകളോടുകൂടി, കുത്സന്റെ ഗൃഹത്തിൽ പോയല്ലോ; അദ്ദേഹത്തോടും ദേവകളോടുംകൂടി ഒരേ തേരിലാണ്, ഹന്താവായ ഭവാന്‍ പോയതും, ശുഷ്ണനെ വധിച്ചതും! 9
അങ്ങു സൂര്യന്റെ ഒരു തേര്‍ച്ചക്രം വേര്‍പെടുത്തി; മറ്റതുകുത്സന്നു ധനം നേടാന്‍ വെച്ചു. കൂറ്റില്ലാത്ത കൂടലരെ അങ്ങ് ആയുധംകൊണ്ടു ഹനിച്ചു – യുദ്ധത്തിൽ നാക്കറുത്തു കൊന്നു! 10
ഗൗരിവീതിയുടെ സ്തോത്രങ്ങൾ അങ്ങയെ വളർത്തട്ടെ! അങ്ങ് പിപ്രുവിനെ വിദഥിപുത്രന്നു കീഴ്പെടുത്തി. ഋജിശ്വാവു സഖ്യത്തിന്നായി പുരോഡാശവും മറ്റും പചിച്ച് അങ്ങയെ വരുത്തി; അങ്ങ് അദ്ദേഹത്തിന്റെ സോമം കുടിയ്ക്കുകയുംചെയ്തു!11
നവഗ്വന്മാരും ദശഗ്വന്മാരും സോമം പിഴിഞ്ഞ്, ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ടു സ്തുതിച്ചു: ആ സ്തുതിയ്ക്കുന്ന നേതാക്കൾ അടയ്ക്കപ്പെട്ടിരുന്ന ആ ഗോവൃന്ദത്തെ തുറക്കുകയുംചെയ്തു! 12
മഘവാവേ, അങ്ങു ചെയ്തുകഴിഞ്ഞ പരാക്രമങ്ങൾ അറിഞ്ഞും ഞാന്‍ അങ്ങയെ എങ്ങനെ പരിചരിയ്ക്കേണ്ടു? ബലിഷ്ഠനായുള്ളോവേ, അങ്ങു പുതുതായി ചെയ്യുന്നവയെ ഞങ്ങൾ യജ്ഞങ്ങളിൽ പുകഴ്ത്താം! 13
ഇന്ദ്ര, അവിടുന്നു സഹജമായ ബലംകൊണ്ട്, എതിരില്ലാതെ ഈ വലിയ ഭുവനമെല്ലാം നിർമ്മിച്ചു; വജ്രിൻ, ധർഷകനായ ഭവാൻ വീണ്ടും നിർമ്മിയ്ക്കുകയുംചെയ്യും. ഭവാന്റെ ആ ത്രാണിയെ തടുക്കാന്‍ ആരുമില്ല! 14
ഇന്ദ്ര, അതിശുരനായുള്ളോവേ, അങ്ങയ്ക്കായി ഞങ്ങളുണ്ടാക്കുന്ന പുതിയ സ്തോത്രങ്ങൾ ഭവാന്‍ ചെവിക്കൊണ്ടാലും: ധനമിച്ഛിയ്ക്കുന്ന ധീമാനായ ഞാന്‍ നല്ല വേലകൊണ്ടു വസ്ത്രംപോലെയും തേരുപോലെയൂം മികച്ച സ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 15
[1] ആ മൂന്ന് – വായു, അഗ്നി, സൂര്യന്‍.
[2] പരോക്ഷോക്തി:
[3] ആ ഹവിസ്സ് – നിങ്ങൾ കുടിച്ച സോമം.
[4] മൃഗപ്രായനെ – മൃഗംപോലെ പായുന്ന വൃത്രനെ. വിഴുങ്ങി – വെള്ളത്തെ മറച്ച്. ദാനവൻ – വൃത്രൻ.
[6] ത്രൈഷ്ടുഭസ്തോത്രം – ത്രിഷ്ടുപ്പ് ഛന്ദസ്സിലുള്ള സ്തോത്രം. തീപിടിച്ച – മരുത്തുക്കളുടെ മനൂപ്രയോഗത്താലത്രേ, ശംബരന്‍ അഗ്നിബാധിതനായത്.
[7] സഖാവിന്റെ – ഇന്ദ്രന്റെ. മൂന്നുപാത്രങ്ങൾ – പൂതഭൃത്ത്, ആധവനിയം, ദ്രോണകലശം.
[8] ആദ്യവാക്യം പ്രത്യക്ഷം:
[9] അദ്ദേഹം – കുത്സന്‍.
[10] കൂറ്റ് = ഒച്ച; നാക്കറുത്തതിനാൽ അസുരന്മാക്കു മിണ്ടാൻവയ്യാതായി.
[11] ഗൌരിവീതിയുടെ – എന്റെ. പിപ്രു – ഒരസുരന്‍. വിദഥിപുത്രന്‍ – ഋജിശ്വാവ് എന്ന ഋഷി.
[12] തുറക്കുകയുംചെയ്തു – ഗുഹ തുറന്നു ഗോവൃന്ദത്തെ പുറത്തിറക്കി.
[15] വസ്ത്രംപോലെ – തിരുമുല്‍ക്കാഴ്ചപോലെ അങ്ങയ്ക്കു സ്വീകരിയ്ക്കാവുന്നത്. തേരുപോലെ – അങ്ങയ്ക്കു് ഇങ്ങോട്ടു പോരാനുതകുന്നത്.