ബഭ്രു, ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
യാതൊരു വജ്രപാണിയായ പുരുഹൂതൻ ധനവുംകൊണ്ടു, സോമം പിഴിയുനവനെ തേടി, രക്ഷിപ്പാന്‍, അയാളുടെ ഗൃഹത്തിൽ എഴുന്നള്ളുമോ ആ വീരന്‍ എവിടെ? ഹരികളെ പൂട്ടിയ സുഖരഥത്തിലൂടേ പോകുന്ന ഇന്ദ്രനെ ആര്‍ കണ്ടിട്ടുണ്ട്? 1
സ്വയം വാണ തന്തിരുവടിയുടെ നിഗൂഢമായ ഉൽകൃഷ്ട സ്ഥാനം ഞാന്‍ കണ്ടിരിയ്ക്കുന്നു: ഞാന്‍ അന്വേഷിച്ചു പുറപ്പെട്ടു; മറ്റുള്ളവരോടു ചോദിച്ചു. അവര്‍ പറഞ്ഞു:-‘അറിയാനാഗ്രഹിച്ച നേതാക്കളായ ഞങ്ങൾ ഇന്ദ്രനെ കണ്ടെത്തി.’ 2
ഇന്ദ്ര, നിന്തിരുവടി കല്പിച്ചുചെയ്തതെല്ലാം, ഞങ്ങൾ ഇന്നു സോമം പിഴിഞ്ഞു വർണ്ണിയ്ക്കാം: അവിടുന്നു ഞങ്ങൾക്കായി ചെയ്തത് അറിഞ്ഞിട്ടില്ലാത്തവൻ അറിയട്ടെ; അറിഞ്ഞവന്‍ കേട്ടുകൊള്ളട്ടെ: എല്ലാസ്സേനകളോടുംകൂടിയ ആ മഘവാവു വന്നണയും! 3
ഇന്ദ്ര, ജനിച്ചപ്പോൾത്തന്നേ അവിടുന്നു മനസ്സിലുറച്ചു: തനിയേ വളരെപ്പേരോടു പൊരുതാൻ പുറപ്പെട്ടു ബലംകൊണ്ടു പർവതത്തെപ്പോലും പിളർത്തി; കാറവുപൈക്കൂട്ടത്തെ കണ്ടുപിടിച്ചു! 4
ഉപരിസ്ഥനും അത്യുകൃഷ്ടനുമായ ഭവാൻ അകലത്തും കേൾക്കാവുന്ന തിരുനാമത്തോടു കൂടിയാണ്, ജനിച്ചത്; അതിനാൽ ദേവന്മാരെല്ലാം പേടിച്ചുപോയി! മുടിയൻ അടക്കിയ ജലങ്ങളെ ഇന്ദ്രന്‍ തന്റെ വരുതിയിലാക്കി. 5
അങ്ങയ്ക്കുതന്നെയാണ്, ഈ സ്തോതാക്കൾ നന്നായി സുഖിപ്പിച്ചുകൊണ്ടു സ്തോത്രം ചൊല്ലുന്നതും, സോമം പിഴിയുന്നതും. വെള്ളത്തെ മറച്ചുകിടന്ന ദ്രോഹിയും മായാവിഷുമായ വൃത്രനെ ഇന്ദ്രന്‍ മായകൾകൊണ്ടു കീഴമർത്തി! 6
മഘവാവേ, സ്തുതിയ്ക്കപ്പെടുന്ന ഭവാന്‍ വിദ്രോഹിയുടെ നേർക്കു വജ്രം വിട്ടു, ജന്മശത്രുക്കളെ കൊന്നൊടുക്കി: അതില്‍, മനുഷ്യന്നു സുഖം വരുത്താന്‍ അവിടുന്നു മുടിയനായ നമുചിയുടെ തല തവിടാക്കിയല്ലോ! 7
ഇന്ദ്ര, അവിടുന്നു മുടിയനായ നമുചിയുടെ ഇടിമുഴക്കി നടക്കുന്ന മഴക്കാറുപോലെയുള്ള തല തകർത്തിട്ട്, ഉടന്‍തന്നെ എന്നെ സഖാവാക്കിയല്ലോ; അപ്പോൾ മരുത്തുക്കളാൽ വാനൂഴികൾ ചക്രംചുറ്റിപ്പോയി! 8
മുടിയന്‍ സ്ത്രീകളെ ആയുധമാക്കിയല്ലോ. അപ്പോൾ, ‘ഇവന്റെ പെണ്‍പട എന്നോടെന്തെടുക്കും?’ എന്നിങ്ങനെ, ഇന്ദ്രന്‍ അവന്നരുമപ്പെട്ട രണ്ടു പെണ്ണുങ്ങളെ അകത്തടച്ചിട്ടു; എന്നിട്ടു ദസ്യുവിനോടു പൊരുതാനടുത്തു. 9
പൈക്കൾ കുട്ടികളോടു വേര്‍പെട്ട്, എല്ലാടത്തും അവിടെയവിടെ ചുറ്റിയലയുകയായിരുന്നു; അവയെ ഇന്ദ്രന്‍ കരുത്തരോടുകൂടി, നല്ല സോമനീരിന്റെ മത്തു പൂണ്ടു, (കുട്ടികളോടു) ചേർത്തു! 10
ബഭ്രു പിഴിഞ്ഞ സോമം മത്തുപിടിപ്പിച്ച വൃഷാവായ ഇന്ദ്രന്‍ യുദ്ധത്തിൽ ആർത്തലറി; അതു കുടിച്ച പുരന്ദരൻ കറവുപൈക്കളെ വീണ്ടുകൊടുത്തു! 11
അഗ്നേ, രുശമക്കാർ ഇങ്ങനെ ഒരുപകാരം ചെയ്തു: നാലായിരം പൈക്കളെ എനിയ്ക്കു തന്നുഃ നേതാക്കുന്മാരില്‍വെച്ചു നേതാവായ ഋണംചയന്‍ കൊടുത്തയച്ച ധനം ഞങ്ങൾ സ്വീകരിച്ചു! 12
അഗ്നേ, രുശമക്കാർ എന്നെ നല്ലവണ്ണം ചമയിച്ചു, ഗോസഹസ്രങ്ങളോടുകൂടി ഗൃഹത്തിലെയ്ക്കയച്ചു. ഇരുട്ടു പരത്തിയ രാത്രിയുടെ അവസാനത്തിൽ ഞാന്‍ പിഴിഞ്ഞ സ്വാദേറിയ സോമം ഇന്ദ്രനെ മത്തുപിടിപ്പിച്ചു! 13
രുശമരാജാവായ ഋണംചയന്റെ അടുക്കൽ ചുറ്റിനടന്ന രാത്രി പുലർന്നതോടേ, നടമിടുക്കുള്ള ജവനാശ്വംപോലെ കോപ്പണിയിയ്ക്കപ്പെട്ട ബഭ്രുവിന്നു നാലായിരം കിട്ടിക്കഴിഞ്ഞു! 14
അഗ്നേ, രുശമത്തില്‍വെച്ചു നാലായിരം പൈക്കളെ ഞങ്ങൾ സ്വീകരിച്ചുവല്ലോ; പാലു കാച്ചാൻ തിളങ്ങുന്ന മഹാവീരംപോലെയുള്ള ഒരു പൊൻപാത്രവും മേധാവികളായ ഞങ്ങൾ വാങ്ങി! 15
[2] വിശ്വാസികൾക്ക് ഇന്ദ്രന്‍ അപ്രാപ്യനല്ലെന്നു സാരം.
[3] ഒടുവിലെ വാക്യം പരോക്ഷം:
[4] മനസ്സിലുറച്ചു – ‘ഞാൻ ബലവാന്മാരെയൊക്കെ ജയിയ്ക്കു’മെന്ന്.
[5] അതിനാൽ എന്നു തുടങ്ങിയ വാക്യവും, അടുത്തതും പരോക്ഷകഥനങ്ങൾ. മുടിയൻ – വിധ്വംസകനായ വൃത്രന്‍.
[6] മായകൾ – തന്റെ കഴിവുകൾ.
[7] വിദ്രോഹി–വൃതന്‍. ജന്മശത്രുക്കൾ – രാക്ഷസാദികൾ. അതില്‍ – ആ യുദ്ധത്തില്‍. മനുഷ്യന്ന് – എനിയ്ക്ക്. സുഖം – നമുചി അപഹരിച്ച ഗോവൃന്ദത്തെ തിരിയേ കിട്ടല്‍.
[9] പരോക്ഷവചനം: മുടിയൻ – നമുവി. സ്ത്രീകളെ ആയുധമാക്കി – ഇന്ദ്രനോടു പൊരുതാനയച്ചു.
[10] കരുത്തര്‍ – മരുത്തുക്കൾ.
[11] ബഭ്രു – ഞാന്‍.
[12] രുശമം – ഒരു രാജ്യം; ഋണംചയനെന്ന രാജാവിന്റേതായിരുന്നു അത്. കൊടുത്തയച്ച ധനം – നാട്ടുകാര്‍പക്കലയച്ച ഗോവൃന്ദമാകുന്ന ധനം. ഞങ്ങൾ – ഞാന്‍.
[13] ഞാന്‍ പിഴിഞ്ഞ – ഗൃഹത്തിലെത്തിയിട്ട്, ഉടന്‍തന്നെ ഞാന്‍ ഇന്ദ്രന്നു സോമയാഗമനുഷ്ഠിച്ചു.
[14] എടുത്തുപറയുന്നു: നാലായിരം – രാജാവു പുലര്‍കാലത്തുതന്നേ അയച്ച പൈക്കളെ.
[15] മഹാവീരം – യാഗത്തിലുപയോഗിയ്ക്കുന്ന ഒരുതരം മണ്‍പാത്രം.