അത്രിഗോത്രക്കാരൻ അവസ്യു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: ഇന്ദ്രന്‍ ദേവത.
മഘവാവായ മുഖ്യന്‍ ഇന്ദ്രന്‍, അദ്ദേഹം കേറുന്ന അന്നകാംക്ഷിയായ പള്ളിത്തേരിന്നുവേണ്ടി പടവെട്ടുന്നു: ഇടയൻ മാടുകളെയെന്നപോലേ തെളിയ്ക്കുന്നു; ഉപദ്രവിയ്ക്കുപ്പെടാതെ, നേടാനായി നടകൊള്ളുന്നു! 1
ഹർയ്യശ്വ, ഇങ്ങോട്ടെഴുന്നള്ളുക: ഞങ്ങളെ, വേണ്ടാ എന്നു വെയ്ക്കരുത്; വിചിത്രധന, ഞങ്ങളിൽ വന്നുചേരുക. ഇന്ദ്ര, അവിടുന്നല്ലാതെ ശ്രേയസ്കരം മറ്റൊന്നില്ല: സ്ത്രീവിയുക്തന്മാരെയും അവിടുന്നു ഭാര്യാന്വിതരാക്കും! 2
തേജസ്സ് തേജസ്സില്‍നിന്ന് ഉദിയ്ക്കുന്നതോടേ, ഇന്ദ്രൻ എല്ലാർദ്ധനങ്ങളും കല്പിച്ചുകൊടുക്കും: അദ്ദേഹം മലനടുവിൽ മറയ്ക്കപ്പെട്ട കറവുപൈക്കളെ പുറത്തെയ്ക്കു തെളിച്ചു; പ്രകാശംകൊണ്ടു കൂരിരുട്ടു പോക്കി! 3
പുരുഹൂത, മനുഷ്യര്‍ അങ്ങയ്ക്കു കുതിരത്തേരുണ്ടാക്കി; ത്വഷ്ടാവുവജ്രം മിനുക്കി; തലവന്മാര്‍ വൃത്രവധത്തിന്ന്, ഇന്ദ്രനെ പൂജിച്ചു സ്തോത്രങ്ങൾകൊണ്ടു വളർത്തി! 4
ഇന്ദ്രനാൽ അയയ്ക്കപ്പെട്ടു നടകൊണ്ടെ യാവചിലര്‍ തേരും കുതിരയുമില്ലാതെ ദസ്യുക്കളെ കീഴമർത്തിയോ; ആ വൃഷാക്കൾ ഇന്ദ്ര, അങ്ങയെ സ്തുതിച്ചപ്പോൾ, കെല്പുള്ള അമ്മികളും സംബന്ധിച്ചു! 5
മഘവാവേ, അവിടുന്നു പണ്ടു ചെയ്തവയും, അവിടുത്തെ പുതിയ കർമ്മങ്ങളും ഞാൻ വർണ്ണിയ്ക്കാം: ശക്തിമാനേ, അവിടുന്നു വാനൂഴികൾ രണ്ടിനെയും വശത്താക്കി, വിചിത്രദാനങ്ങളായ ജലങ്ങളെ മനുഷ്യന്നു വേണ്ടി വേര്‍തിരിച്ചുവെച്ചിരിയ്ക്കുന്നു! 6
ദർശനീയ, മേധാവിൻ, അത് അവിടുന്നു ചെയ്തതുതന്നെ: ഇവിടെ വൃത്രനെ കൊന്നു, ബലം വെളിപ്പെടുത്തിയല്ലോ; പോരാ, ശുഷ്ണന്റെ മായകൾ കൈക്കലാക്കി, ദസ്യുക്കളെ അടുക്കല്‍ച്ചെന്നു മർദ്ദിയ്ക്കുകയും ചെയ്തു! 7
ഇന്ദ്ര, നിന്തിരുവടി നദീതീരത്തിലെ വിഭപവോല്‍പാദകങ്ങളായ ജലങ്ങളെ യദുവിന്നും തുർവശന്നും അധീനങ്ങളാക്കി. നിങ്ങളിരുവരും കൂടി ഉഗ്രന്റെ അടുക്കൽ ചെന്നു; പിന്നെ അങ്ങു കുത്സനെ ഗൃഹത്തിലെയ്ക്കു കൊണ്ടുപോയി. അപ്പോൾ ഉശനസ്സും ദേവന്മാരും നിങ്ങളുടെ അടുക്കലെത്തി. 8
ഇന്ദ്ര, കുത്സ, നിങ്ങളെ തേര്‍ വലിയ്ക്കുന്ന കതിരകൾ ഈ സ്തോതാവിങ്കലും കൊണ്ടുവരട്ടെ: നിങ്ങൾ അവനെ വെള്ളത്തില്‍വെച്ച് – ഇരിപ്പിടത്തില്‍വെച്ച് – പീഡിപ്പിച്ചുവല്ലോ; നിങ്ങൾ ഹവിർദ്ധനന്റെ ഹൃദയത്തിൽന്ന് ഇരുട്ടുകൾ നീക്കുന്നു! 9
ഈ കവിയായ അവസ്യുവിന്നും സുഖേന പൂട്ടാവുന്ന വാതാശ്വങ്ങളെ കിട്ടി. ഇന്ദ്ര, ഇവിടെ സഖാക്കളായ സ്തോതാക്കളുമെല്ലാം അങ്ങയുടെ ബലത്തെ സ്തോത്രങ്ങൾകൊണ്ടു വർദ്ധിപ്പിച്ചിരിയ്ക്കുന്നു. 10
യുദ്ധത്തിൽ പാഞ്ഞുനടന്ന സൂര്യരഥത്തെപ്പോലും അനങ്ങാതാക്കി, ഏതശന്നുവേണ്ടി, അതിന്റെ ഒരു ചക്രം പറിച്ചെടുത്തു നിഹനിപ്പാൻ തുടങ്ങിയവന്‍, നമ്മെ മുൻനിർത്തി യാഗത്തിലെഴുനള്ളട്ടെ! 11
ആളുകളേ, ഇതാ, ഇന്ദ്രൻ സോമം പിഴിഞ്ഞ സഖാവിന്റെ അടുക്കലെയ്ക്കു, കാണാന്‍വേണ്ടി എഴുന്നള്ളുന്നു: അധ്വര്യുക്കൾ യാതൊന്നെടുത്തു ചതയ്ക്കുന്നുവോ, ആ അമ്മിക്കുഴ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു വേദിയോടു ചേരുന്നു. 12
അമൃത, അങ്ങയെ ഇച്ഛിച്ച – ശീഘ്രം ഇച്ഛിച്ച – മനുഷ്യർക്ക് ആപത്തു വരരുത്. അവിടുന്നു യജമാനന്മാരെ പ്രാപിച്ചാലും: ഞങ്ങൾ യാവചിലരിൽ അങ്ങയുടെ ആളുകളായി നില്ക്കേണമോ, അവർക്ക് അവിടുന്നു ബലം നല്കിയാലും! 13
[1] തെളിയ്ക്കുന്നു – ശത്രുസൈന്യമത്തെ ചൊല്പിടിയ്ക്കു നടത്തുന്നു. നേടാനായി – ശത്രുധനം.
[3] തേജസ്സ് തേജസ്സില്‍നിന്ന് – സൂര്യന്റെ തേജസ്സ് ഉഷസ്സിന്റെ തേജസ്സില്‍നിന്ന്.
[4] ഒന്നാംവാക്യം പ്രത്യക്ഷം: മനുഷ്യര്‍ – ഋഭുക്കൾ, തലവന്മാര്‍ – അംഗിരസ്സുകളോ, മരുത്തുക്കളോ.
[5] ആ വൃഷാക്കൾ – മരുത്തുക്കൾ. അമ്മികളും സംബന്ധിച്ചു – സോമം ചതയ്ക്കുമ്പോഴത്തെശ്ശബ്ദംകൊണ്ടു സ്തുതിയിൽ കൂട്ടുചേർന്നു.
[6] വിചിത്രദാനങ്ങൾ = വിചിത്രമായ ദാനത്തോടുകൂടിയവ.
[8] നിങ്ങളിരുവർ – അങ്ങും കുത്സനും. ഉഗ്രന്റെ – ശുഷ്ണന്റെ. പിന്നെ = ശുഷ്ണവധാനന്തരം. ഗൃഹം – സ്വർഗ്ഗം.
[9] അവനെ – ശുഷ്ണാസുരനെ.
[10] കവി – സ്തോതാവ്. സഖാക്കൾ – അവസ്യുവിന്റെ.
[11] നിഹനിപ്പാൻ തുടങ്ങിയവന്‍ – അസുരന്മാരെ കൊല്ലാനൊരുമ്പെട്ടു ഇന്ദ്രന്‍.
[12] കാണാൻവേണ്ടി – നിങ്ങളെ.
[13] അവർക്ക് – യജമാനന്മാർക്ക്.