അത്രിഗോത്രക്കാരന്‍ ഗാതു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.
ഇന്ദ്ര, അവിടുന്നു നീർമുകിലിനെ പിളർത്തി, പഴുതുകളുണ്ടാക്കി, നിരോധിച്ച മേഘങ്ങളില്‍നിന്നു ചോർത്തി – വളര്‍കൊണ്ടലിനെ തുറന്നു, മഴപെയ്യിച്ചു; ദാനവനെ ഹനിച്ചു! 1
വജ്രിൻ, ഇന്ദ്ര, അങ്ങ് ഋതുക്കളിൽ നിരോധിച്ച മേഘങ്ങളിൽ നിന്നു വെള്ളം പുറപ്പെടുവിച്ചു; ഉഗ്ര, ഒരുമ്പെട്ടുകിടന്ന വൃത്രനെ വധിച്ചു. അങ്ങനെ ബലം ഉറപ്പിച്ചു! 2
ഒറ്റയ്ക്ക് എതിരില്ലാത്തവന്‍ എന്നു വിചാരിച്ചുപോന്ന ആ കൂറ്റന്‍മൃഗത്തിന്റെ ആയുധം ഇന്ദ്രൻ ബലംകൊണ്ടു തകർത്തുകളഞ്ഞു. അപ്പോൾ അവങ്കൽ നിന്നു മറ്റൊരു പെരുംകൂറ്റന്‍ ഉണ്ടായിവന്നു. 3
ആ പെരുംകൂറ്റനെയും – ഇയ്യുള്ളവരുടെ അന്നം തിന്നു മത്തടിച്ചും മേഘത്തെ കീഴില്‍നിർത്തിയ തമോമയനായ ദാനവനെയും – അവന്റെ അരിശമായ ശുഷ്ണനെയും മഴക്കാറു തുരന്ന വജ്രി വജ്രംകൊണ്ടു വധിച്ചു! 4
‘മർമ്മമില്ലാ’ത്ത അവന്റെ ആ മർമ്മസ്ഥാനവും അവിടുന്ന് അടയാളങ്ങളാൽ കണ്ടുപിടിച്ചു; ബലവാനേ, മധു സംഭരിയ്ക്കെ പൊരുതാൻ മുതിർന്ന അവനെ അങ്ങ് അന്ധകാരത്തിലടച്ചു! 5
അങ്ങനെ അന്തരിക്ഷത്തിൽ കിടന്ന, വെളിച്ചമില്ലാത്ത കൂരിരുട്ടിൽ വലുപ്പംവെച്ച അവനെപ്പോലും, സോമത്തിന്റെ മത്തുപിടിച്ച വൃഷാവായ ഇന്ദ്രന്‍ വജ്രമുയർത്തി വധിച്ചു! 6
ഇന്ദ്രൻ കൂറ്റനായ ദാനവന്റെ നേര്‍ക്ക്, എതിരില്ലാതെ കീഴമർത്തുന ആയുധമുയർത്തി; അവനെ വജ്രപ്രഹാരംകൊണ്ടു വധിച്ച്, എല്ലാ പ്രാണികളിലും വെച്ച് അധമനാക്കി! 7
ഉഗ്രനായ തന്തിരുവടി വെള്ളത്തെ മറച്ചുനിന്ന, ജലത്തെ കീഴടക്കിയ, തള്ളിനീക്കുന്ന, ആവരണകാരിയായ ആ പെരുംകൂറ്റനെ കണ്ടുപിടിച്ചു, യുദ്ധത്തിൽ വമ്പിച്ച ആയുധംകൊണ്ടു കാൽ വെട്ടി, വല്ലാതെ കോട്ടുവായിടുമാറു കൊലപ്പെടുത്തി! 8
ആരുള്ളു, ഇന്ദ്രന്റെ വരട്ടുന്ന ബലം തടുക്കാൻ? ഇദ്ദേഹം ഒറ്റയ്ക്ക്, എതിർക്കപ്പെടാതെ ധനങ്ങൾ കൈക്കലാക്കുന്നു. ഈ രണ്ടു ദേവിമാര്‍പോലും ഈ വേഗവാന്റെ ഓജസ്സിനെ പേടിച്ചു കിടുകിടുക്കാറുണ്ട്! 9
താന്‍ ഭരിയ്ക്കുന്ന ദ്യോവ് ഇന്ദ്രന്നു വഴങ്ങുന്നു; ഭൂവു, കാമിയ്ക്കുന്ന ഒരുത്തിപോലെ ഒരുങ്ങിനില്ക്കുന്നു. ഇദ്ദേഹം, തന്റെ ബലമെല്ലാം ഇയ്യുള്ളവരിൽ ചെലുത്തിയിരിയ്ക്കുന്നു; അനുകൂലരായ മനുഷ്യര്‍ ഈ ബലിഷ്ഠനെ വണങ്ങിപ്പോരുന്നു! 10
ആളുകളുടെ ഇടയിൽ ഞാന്‍ കേട്ടിട്ടുണ്ട്: ഏകനായ നിന്തിരുവടിയാണ്, സജ്ജനപാലകനും, പഞ്ചജനങ്ങൾക്കുവേണ്ടി ജനിച്ചവനും, യശസ്വിയും. രാവും പകലും സ്തുതിച്ചു പ്രാർത്ഥിയ്ക്കുന്ന എന്റെ ആളുകൾ ആ പരമസ്തുത്യനായ ഇന്ദ്രനെത്തന്നേ അവലംബിയ്ക്കട്ടെ! 11
ഇങ്ങനെ കാലംതോറും പ്രേരിപ്പിയ്ക്കുന്ന നിന്തിരുവടി മേധാവികൾക്കു ധനം കൊടുക്കാറുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്; ഇന്ദ്ര, എന്നാൽ നിന്തിരുവടിയുടെ മികച്ച സഖാക്കൾക്ക് – അഭിലാഷം നിന്തിരുവടിയിങ്കൽ സമർപ്പിച്ച സ്തോതാക്കൾക്ക് – എന്തു കിട്ടി? 12
[1] ചോർത്തി – വെള്ളം.
[2] ഋതുക്കൾ – വർഷാകാലം.
[3] കൂറ്റന്‍മൃഗം – വൃതൻ. ഉണ്ടായിവന്നു – അവനത്രേ, ശുഷ്ണൻ.
[4] അരിശമായ – ക്രോധത്തിൽനിന്നു ജനിച്ച.
[5] മർമ്മമില്ലാത്ത – എവിടെ പരിക്കുപറ്റിയാൽ മരിച്ചപോകുമോ, അതത്രേ, മർമ്മം; അതു തന്റെ ദേഹത്തിലില്ലെന്നായിരുന്നു, വൃത്രന്റെ ഗർവ്. മധു സംഭരിയ്ക്കെ – അങ്ങയ്ക്കു സോമമൊരുക്കുന്ന തക്കത്തിൽ. അന്ധകാരത്തിലടച്ചു – വൃത്രന്‍ ഇന്ദ്രനെപ്പേടിച്ച് ഇരുട്ടിൽ മറഞ്ഞു.
[8] തള്ളിനീക്കുന്ന – എതിരാളികളെ. ആവരണകാരിയായ – എല്ലാം മറച്ച.
[9] വരട്ടുന്ന – ശത്രുക്കളെ. ധനങ്ങൾ – ശത്രുക്കളുടെ. ദേവിമാര്‍ – ദ്യാ വാപൃഥിവുകൾ. ഈ വേഗവാൻ – ഇന്ദ്രൻ.
[10] ഇയ്യുള്ളവര്‍ – പ്രജകൾ.
[11] ഏകനായ എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷോക്തി:
[12] പ്രേരിപ്പിയ്ക്കുന്ന – പ്രാണികളെ വ്യാപരിയ്ക്കുന്ന. എന്തു കിട്ടി – എനിയ്ക്ക് ഇതുവരെ ഒന്നും ഭവാൻ തന്നില്ലല്ലോ എന്ന്, ഋഷി വിളംബാസഹത്വം വെളിപ്പെടുത്തുന്നു.