അത്രി ഋഷി; ഉഷ്ണിക്കും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത.
വന്നാലും: സോമാധിപ, അമ്മിമേൽ ചതച്ചു പിഴിഞ്ഞ സോമം നുകർന്നാലും, ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 1
അമ്മിക്കുഴ വൃഷാവാകുന്നു; മത്തു വൃഷാവാകുന്നു; ഈ പിഴിഞ്ഞസോമം വൃഷാവാകുന്നു; ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 2
വജ്രിൻ, വൃഷാവായ ഭവാനെ വൃഷാവായ ഞാന്‍ പൂജനീയങ്ങളായ രക്ഷകൾക്കായി വിളിയ്ക്കുന്നു. ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 3
ഋജീഷി, വജ്രി, വൃഷഭൻ, തുരാഷാട്, ബലവാന്‍, രാജാവ്, വൃഷഹന്താവ്, സോമപായി – ഇങ്ങനെയുള്ള ഇന്ദ്രൻ ഹരികളെ പൂട്ടി, ഇവിടെയ്ക്കെഴുന്നള്ളട്ടെ; മധ്യാഹ്നസവാത്തിൽ മത്തുകൊള്ളട്ടെ! 4
സൂര്യ, അങ്ങയെ അസുരപുത്രൻ രാഹു തമസ്സുകൊണ്ടു മറച്ചു കളഞ്ഞുവല്ലോ; അപ്പോൾ, ആളുകൾ ഇരിപ്പിടമറിയാതെ അന്ധാളിയ്ക്കുമാറു, ലോകം ഇരുണ്ടുപോയി! 5
ഇന്ദ്ര, ഉടനേ ഭവാന്‍ സൂര്യന്റെ താഴെനിന്ന രാഹുമായകളെനിഹനിച്ചു. കർമ്മങ്ങളെ മുടക്കിയ തമസ്സിൽ മറഞ്ഞ സൂര്യനെ അത്രിനാലാമത്തെ മന്ത്രംകൊണ്ടു കണ്ടെത്തി. 6
‘അത്രേ, ഭവദീയനായ ഈ എന്നെ തീറ്റ കൊതിയ്ക്കുന്ന ദ്രോഹി കൂരിരുട്ടുകൊണ്ടു വിഴുങ്ങിക്കളയരുതേ!’ അങ്ങ് മിത്രനാണ്, സത്യധനനാണ്: ആ നിങ്ങൾ – അങ്ങും വരുണരാജാവും – എന്നെ ഇവിടെ രക്ഷിയ്ക്കണം! 7
ബ്രഹ്മജ്ഞനായ അത്രി അമ്മിക്കുഴയുപയോഗിച്ചും പൂജിച്ചു സ്തുതിച്ചു വണങ്ങി ദേവന്മാരെ ചമയിച്ചും സൂര്യന്റെ മൂടൽ നീക്കി, കണ്ണിന്നു കാഴ്ചയുണ്ടാക്കി; രാഹുവിനൊ മായകളെ തട്ടിനീക്കി. 8
സൂര്യനെ അസുരപുത്രന്‍ രാഹു തമസ്സുകൊണ്ടു മറച്ചുകളുഞ്ഞുവല്ലോ; അവനെ അത്രികളാണ്, കണ്ടുപിടിച്ചത്. മറ്റാരും ആളായില്ല! 9
[1] വൃഷാക്കളോടുകൂടി – മരുത്തുക്കളോടുകൂടി വന്നാലും.
[2] വൃഷാവ് – ഫലം വർഷിയ്ക്കുന്നത്.
[3] വൃഷാവായ ഞാൻ – സോമനീര്‍ തൂകുന്ന ഞാന്‍.
[4] മത്തുകൊള്ളെട്ടെ – സോമം കുടിച്ച്.
[5] ഈ ഋക്കിന്റെ ദേവത, സൂര്യനാണ്.
[6] താഴേനിന്ന – മുകൾബ്ഭാഗം മറയ്ക്കാന്‍ രാഹുമായകൾ ശക്തങ്ങളായില്ല. അത്രി – ഞാൻ. നാലാമത്തെ മന്ത്രം – സൂര്യ എന്നു തുടങ്ങിയ ഋക്കുമുതൽ മൂന്നെണ്ണം കഴിഞ്ഞിട്ടുള്ള ഋക്ക്; എട്ടാമത്തേത്.
[7] സൂര്യൻ അത്രിയോടു പറയുന്നു:
[8] അമ്മിക്കുഴയുപയോഗിച്ച് – ഇന്ദ്രന്നായി സോമം ചതച്ചു പിഴിഞ്ഞ്.
[9] അത്രികൾ – ഈ സൂക്തത്തിന്റെ ഋഷിയും, തന്റെ ആളുകളും; അവര്‍ സോമയാഗാദികളാൽ ഇരുട്ടു ക്രമേണ നീക്കി, സൂര്യനെ പ്രകാശിപ്പിച്ചു.