ഭൌമൻ അത്രി ഋഷി; ത്രിഷ്ടുപ്പും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
ഏറ്റവും സുഖകരമായ സ്തോത്രവും കർമ്മവും വരുണങ്കലും മിത്രങ്കലും ഭഗങ്കലും അദിതിയിങ്കലും ശരിയ്ക്കു ചെന്നെത്തട്ടെ; അന്തരിക്ഷത്തിൽ മേവുന്ന പഞ്ചഹോതാവും – ഗതിയ്ക്കു തടവില്ലാത്ത സുഖനിധിയായ പ്രാണദാതാവും – ശ്രവിയ്ക്കട്ടെ! 1
ഹൃദ്യവും സുഖകരവുമായ എന്റെ സ്തോത്രത്തെ അദിതി, ഒരമ്മ മകനെ എന്നപോലെ കൈക്കൊള്ളട്ടെ! പ്രിയവും ദേവഹിതവും യാതൊന്നോ, സൌഖ്യസാധകം യാതൊന്നോ, ആ മന്ത്രം ഞാന്‍ മിത്രങ്കലും വരുണങ്കലും എത്തിയ്ക്കുന്നു. 2
താങ്കൾ കവികളിൽവെച്ചു കവിയായ ഇത്തിരുവടിയെ ഉയർത്തുക; സോമനീരും നെയ്യുമാടിയ്ക്കുക. ആ സവിതാവായ ദേവന്‍ നമുക്കുഹിതങ്ങളായ ധനങ്ങളും അടുക്കിവെയ്ക്കപ്പെട്ട കനകങ്ങളും തന്നരുളട്ടെ! 3
ഇന്ദ്ര, നിന്തിരുവടി പ്രസാദിച്ചു ഞങ്ങളെ ഗോക്കളോടു ചേർക്കുക; ഹരിയുക്ത, സൂരികളോടു ചേർക്കുക; ക്ഷേമത്തോടു ചേർക്കുക; ദേവഹിതമായ അന്നത്തോടു ചേർക്കുക; യജ്ഞാർഹരായ ദേവന്മാരുടെ നന്മനസ്സോടു ചേർക്കുക! 4
ഭഗദേവൻ, സവിതാവ്, ധനപതിയായ ത്വഷ്ടാവ്, വൃത്രനെക്കൊന്ന ഇന്ദ്രന്‍ എന്നീ സമ്പത്തടക്കിയ ദേവന്മാരും ഋഭു, വിഭ്വാവ്, വാജന്‍ എന്നിവരും വെമ്പലോടേ നമ്മെ രക്ഷിയ്ക്കട്ടെ! 5
പിന്മാറാതെ വിജയം നേടുന്ന നിർജ്ജരനായ മരുത്ത്വാന്റെ കർമ്മങ്ങൾ നാം വർണ്ണിയ്ക്കുക: മഘവാവേ, അങ്ങയുടെ വീര്യം മുമ്പുള്ളവർക്കു കിട്ടിയിട്ടില്ല; പിമ്പുള്ളവർക്കുമില്ല; പുതിയ ഒരുവന്നുമില്ല! 6
മുഖ്യനും രത്തപ്രദനം ധനദാതാവുമായ ബൃഹസ്പതിയെ നീ സ്തുതിയ്ക്കുക: ഇദ്ദേഹം ശംസിയ്ക്കുകയും സ്തൂതിയ്ക്കുകയും ചെയ്യുന്നവന്ന് ഏറ്റവും സുഖം വരുത്തും; വിളിയ്ക്കുന്നവങ്കൽ വളരെസ്സമ്പത്തുമായിവന്നെത്തും! 7
ബൃഹസ്പതേ, ഭവാന്റെ രക്ഷകളോടു ചേർന്നവര്‍ ഉപദ്രവിയ്ക്കപ്പെടാതെ, ധനികരും സല്‍പുത്രാന്വിതരുമായിത്തീരും: ആ സുഭഗസാര്‍ അശ്വദാനമോ ഗോദാനമോ വസ്ത്രദാനമോ അനുഷ്ടിയ്ക്കും; അവരിൽ സമ്പത്തു വളരട്ടെ! 8
ഉക്ഥവാന്മാർക്കു കൊടുക്കാതെ തിന്നുന്നവരുടെ മുതൽ നിന്തിരുവടി ചിന്നിച്ചിതറിയ്ക്കണം: കർമ്മഹീനരായി ലോകത്തിൽ തടിച്ചിരിയ്ക്കുന്ന ഈ ബ്രഹ്മദ്വേഷികളെ നിന്തിരുവടി സൂര്യങ്കൽ നിന്ന് അകറ്റിയാലും! 9
മരുത്തുക്കളേ, ആര്‍ ദേവയജനത്തിൽ രക്ഷസ്സുകളെ വരുത്തുമോ, ആര്‍ നിങ്ങളെ സ്തുതിയ്ക്കുന്നവനെ നിന്ദിയ്ക്കുകയും, വിയർത്തുകൊണ്ടു നിസ്സാരഭോഗങ്ങൾ ഉല്‍പാദിപ്പിയ്ക്കുകയും ചെയ്യുന്നുവോ, അവനെ നിങ്ങൾ വട്ടില്ലാത്തേരിലേറ്റി ഓടിയ്ക്കണം! 10
നല്ലമ്പും നല്ല വില്ലും ധരിച്ച സഖൗഷധാധിപതിയായ രുദ്രനെ നീ സ്തുതിയ്ക്കുക; ആ പ്രാണദാതാവായ ദേവനെ മഹത്തായ മനോഗുണത്തിന്നായി യജിയ്ക്കുക – ഹവിസ്സുകൾകൊണ്ടു പരിചരിയ്ക്കുക. 11
ദാനതല്‍പരരും ശോഭാഹസ്തരുമായ സുകർമ്മാക്കളും, വിഭ്വാവിനാൽ നിർമ്മിയ്ക്കപ്പെട്ടു ഇന്ദ്രപത്നികളായ നദികളും തേജസ്സേറിയ സരസ്വതി, രാക എന്നീ തിളങ്ങുന്ന അഭീഷ്ടദായിനികളും കനിഞ്ഞരുളട്ടെ! 12
മഹാനായ സുരക്ഷകന്നു ഞാന്‍ ഒരതിനൂതാസ്തോത്രം ആലോചിച്ചുണ്ടാക്കിവെയ്ക്കുന്നു: മകൾക്കുവേണ്ടി നദികളിൽ രൂപങ്ങൾ നിർമ്മിയ്ക്കുന്ന ആ സേക്താവു നമുക്കു ജലം നല്കട്ടെ! 13
സ്തോതാവേ, ഭവാന്റെ നല്ല സ്തുതി ഇടിവെട്ടിയിരമ്പുന്ന ഇളസ്തുതിയിങ്കൽ തീർച്ചയായും ചെന്നെത്തണം: ആ മേഘവാൻ, ഉദകവാന്‍, മിന്നലിനാൽ ദ്യാവാപൃഥിവികളെ നനച്ചുകൊണ്ടു നടക്കുന്നു. 14
ഈ സ്തോത്രം നേരേ മരുദ്ബലത്തിൽ ചെല്ലട്ടെ: നീ ആ യുവാക്കളായ രുദ്രപുത്രരെ തികച്ചും പ്രാപിച്ചാലും. അഭിലാഷം എന്നെ ധനത്തിന്ന് ഇടവിടാതെ വിളിയ്ക്കുന്നു. നീ ഗന്താക്കളായ പൃഷദശ്വരെ സമീപിച്ചു സ്തുതിയ്ക്കുക! 15
ഈ സ്തോത്രം ധനത്തിന്നായി ഭൂമിയുടെയും അന്തരിക്ഷത്തിന്റെയും വനസ്പതിയുടെയും ഓഷധികളുടെയും അടുക്കൽ ചെല്ലട്ടെ. ഓരോ ദേവനും എനിയ്ക്കു ശോഭനാഹ്വാനനായിബ്ഭവിയ്ക്കട്ടെ. അമ്മ ഭൂമി നമ്മെ ദുർവിചാരത്തിൽ നിർത്താതിരിയ്ക്കട്ടെ! 16
ദേവന്മാരേ, ഞങ്ങൾക്കു വലിയ സ്വാസ്ഥ്യം കിട്ടുമാറാകണം! 17
ഞങ്ങൾ അശ്വികളുടെ നൂതനവും സുഖകരവും നന്മയുണ്ടാക്കുന്നതുമായ രക്ഷയോടു ചേരുമാറാകണം: അമൃതരേ, നിങ്ങളിരുവരും ഞങ്ങൾക്കു ധനത്തെയും വീരന്മാരെയും സർവസൌഭാഗ്യങ്ങളെയും കൊണ്ടുവന്നാലും! 18
[1] പഞ്ചഹോതാവ് – വായു. പ്രാണദാതാവും വായുതന്നെ. ശ്രവിയ്ക്കട്ടെ – സ്തോത്രം കേൾക്കട്ടെ.
[3] ഋത്വിക്കോടു പറയുന്നു; ഇത്തിരുവടി – അഗ്നി. ഉയർത്തുക – ഇമ്പപ്പെടുത്തിയാലും ധനങ്ങൾ – ഗോക്കൾ മുതലായവ.
[6] മരുത്ത്വാന്‍ = ഇന്ദ്രന്‍. മഘവാവേ ഇത്യാദി പ്രത്യക്ഷോക്തി;
[7] ഋഷി, തന്നോടുതന്നെ പറയുന്നു; ശംസിയ്ക്കുക – ശസ്ത്രങ്ങൾ ചൊല്ലുക. സ്തുതിയ്ക്കുക – സാമങ്ങൾ പാടുക.
[9] ഉക്ഥവാന്മാര്‍ – ശസ്ത്രസ്തോത്രം ചൊല്ലുന്നവര്‍. ബ്രഹ്മദ്വേഷികൾ = മന്ത്രദ്വേഷികൾ. സൂര്യങ്കൽനിന്നകറ്റുക – ഇരുട്ടിലടയ്ക്കുക.
[10] രക്ഷസ്സുകളെ വരുത്തുക – ക്രിയകൾ പിഴച്ചു ചെയ്യുക; ക്രിയ പിഴച്ചാൽ രാക്ഷസര്‍ വന്നുകേറും. ഭോഗങ്ങൾ – കഴിച്ചിലിന്നുള്ള വകകൾ.
[11] അന്തരാത്മാവിനോടു പറയുന്നു: മനോഗുണത്തിന്നായി – ഈശ്വരാരാധനത്താലാണല്ലോ, മനോഗുണം ലഭിയ്ക്കുക.
[12] സുകർമ്മാക്കൾ – ഋഭുക്കൾ. സരസ്വതി – സരസ്വതി എന്ന നദി; അല്ലെങ്കിൽ വാഗ്ദേവി. രാക – രാകാദേവി.
[13] സുരക്ഷകന്‍ – ഇന്ദ്രൻ. മകൾ – ഭൂമി. സേക്താവ് – വർഷകന്‍,
[14] ഇളസ്പതി – പർജ്ജന്യൻ.
[15] മനസ്സിനോടു പറയുന്നു: മരുദ്ബലം – മരുത്സംഘം. വിളിയ്ക്കുന്നു – പ്രേരിപ്പിയ്ക്കുന്നു എന്നർത്ഥം. പൃഷദശ്വർ = മരുത്തുക്കൾ.
[17] സ്വാസ്ഥ്യം – ഉപദ്രവമില്ലായ്മ.
[18] അമൃതരേ എന്നു തുടങ്ങിയ വാക്യം പ്രത്യക്ഷകഥനം.