അത്രി ഋഷി; ത്രിഷ്ടുപ്പും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
മധുരജലത്തോടുകൂടി പായുന്ന സപ്തനദികൾ ഉപദ്രവമുണ്ടാക്കാതെ നമ്മുടെ അടുക്കൽ വന്നണയട്ടെ: ആ സുഖകാരിണികളായ മഹതികളെ സ്തോതാവു വലിയ ധനത്തിന്നായി വിശേഷാൽ പ്രീതിപ്പെടുത്തിക്കൊണ്ടു വിളിയ്ക്കുന്നു. 1
ദയാശീലകളായ ദ്യാവാപൃഥിവികളെ ഞാന്‍ അന്നത്തിന്നായി നല്ല സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും ഇങ്ങോട്ടു വരുത്താം: മധുരവാണികളും മഞ്ജുപാണികളുമായ ആ പുകഴ്‌ന്ന അച്ഛനമ്മമാര്‍ യുദ്ധത്തിൽ യുദ്ധത്തിൽ നമ്മെ രക്ഷിയ്ക്കട്ടെ! 2
അധ്വര്യുക്കളേ, മധുരദ്രവ്യങ്ങളുണ്ടാക്കുന്ന നിങ്ങൾ വായുവിന്നു മനോജ്ഞമായ തെളിനീര്‍ ഒരുക്കുവിൻ: ദേവ, അവിടുന്നു ഞങ്ങൾക്കുവേണ്ടി, ഇതു ഹോതാവെന്നപോലെ മുമ്പേ പാനംചെയ്താലും; ഞങ്ങൾ അങ്ങയുടെ മത്തിന്നായി മധു സമർപ്പിയ്ക്കാം. 3
പത്തുവിരലുകളും, നല്ലവണ്ണം ചതച്ചു സോമം പിഴിയുന്ന ഇരുകൈകളും അമ്മിക്കുഴയെ ഉപയോഗിയ്ക്കുന്നു: ശോഭനഹസ്തൻ മലയിൽ നിന്നിരുന്ന മധുവിന്റെ നീര്‍ ആഹ്ലാദിപ്പിച്ചുകൊണ്ടു കറക്കുന്നു; ലത തെളിനീര്‍ ചുരത്തുന്നു! 4
ഇന്ദ്ര, വേലയ്ക്കും കെല്പിന്നും വലിയ മത്തിന്നുമായി അങ്ങയ്ക്കു സേവിപ്പാൻ സോമം പിഴിഞ്ഞുകഴിഞ്ഞു: വിളിയ്ക്കുപ്പെടുന്ന ഭവാൻ അരുമക്കുതിരകൾ രണ്ടിനെയും പള്ളിത്തേരിനുമുമ്പിൽ കെട്ടി, ഇങ്ങോട്ടു തെളിച്ചാലും! 5
അഗ്നേ, മഹതിയും നീളെ വിളയാടുന്നവളും, സ്തോത്രത്തോടേ ഹവിസ്സു നല്കപ്പെടുന്നവളും, തടിച്ചവളും, യാഗജ്ഞയുമായ ഗ്നാദേവിയെ; തുല്യപ്രീതി പൂണ്ട ഭവാന്‍ മധുമദത്തിന്നായി, ദേവന്മാരുടെ വഴികളിലൂടേ ഞങ്ങളുടെ അടുക്കൽ കൊണ്ടുവന്നാലും! 6
ഇപ്പോൾ മേധാവികൾ യാതൊന്നിനെ മുഴുപ്പിച്ച്, ഒരു തടിച്ച പശുവിനെയെന്നപോലെ തിയ്യിൽ പഴുപ്പിച്ചു ‘മയക്കു’ന്നുവോ; ആ മണ്‍കലം, അച്ഛന്റെ മടിയിൽ ഒരോമനമകൻപോലെ, യജ്ഞാർത്ഥം അഗ്നിയിൽ ഇരിയ്ക്കുന്നു. 7
മഹനീയവും മഹത്തും സുഖകരവുമായ സ്തോത്രം, അശ്വികളെ ഇങ്ങോട്ടു വിളിപ്പാൻ, ഒരു ദൂതൻപോലെ പോകട്ടെ: സുഖപ്രദരേ, നിങ്ങളിരുവരും ഒരേതേരിൽ ഇങ്ങോട്ടു പോന്നു, കെല്പുറ്റ ചക്രകൂടത്തോട് ആണിയെന്നപോലെ. നിധിയോടു ചേർന്നാലും! 8
വെമ്പല്‍ക്കൊള്ളുന്ന ബലിഷ്ഠനായ പൂഷാവിന്നും വായുവിന്നും ഞാന്‍ നമോവാകം അർപ്പിയ്ക്കുന്നു. ധനത്തെയും ബുദ്ധിയെയും അന്നത്തെയും പ്രേരിപ്പിയ്ക്കുന്ന ഇവര്‍ സ്വയം സമ്പത്തു തന്നരുളട്ടെ! 9
ജാതവേദസ്സേ, വിളിയ്ക്കപ്പെടുന്ന ഭവാന്‍ ദേവന്മാരെയെല്ലാം നാമരൂപങ്ങളോടേ കൊണ്ടുവരുന്നു. മരുത്തുക്കളേ, നിങ്ങളെല്ലാവരും സ്തോതാവിന്റെ സുഫലമായ സ്തുതിയെയും യജ്ഞത്തെയും ലക്ഷീകരിച്ച്, എല്ലാവരും രക്ഷകളോടെ വന്നുചേരുവിൻ! 10
യജനീയയായ സരസ്വതി ദ്യോവില്‍നിന്നോ വിശാലമായ അന്തരിക്ഷത്തിൽ നിന്നോ നമ്മുടെ യാഗത്തിൽ വന്നെത്തട്ടെ; ആ ഉദകവതിയായ ദേവി നമ്മുടെ വിളി സ്വീകരിച്ചു, സുഖകരമായ സ്തുതികൗതുകം ശ്രവിയ്ക്കട്ടെ! 11
വിധാതാവായി നീലപൃഷ്ഠനായി മഹാനായിരിയ്ക്കുന്ന ബൃഹസ്പതിയെ നിങ്ങൾ യാഗശാലയിലിരുത്തുവിൻ: സ്വസ്ഥാനസ്ഥനും യജ്ഞഗൃഹത്തിലെങ്ങും വിളങ്ങുന്നവനും സ്വർണ്ണവർണ്ണനുമായ ആ തേജസ്വിയെ നമുക്കു പരിചരിയ്ക്കാം. 12
ഊന്നായി വിപുലതേജസ്സോടേ വിളയാടുന്ന വൃഷഭൻ – ജ്വാലകളും ഓഷധികളും ഉടുത്തവന്‍, ബാധയേശാത്തവൻ; ത്രിവർണ്ണശൃംഗൻ, അന്നദാതാവ് – വിളിയ്ക്കപ്പെട്ടിട്ട് എല്ലാ രക്ഷകളോടുംകൂടി വന്നെത്തട്ടെ! 13
മനുഷ്യന്റെ സ്തോതാക്കൾ ജുഹുവെടുത്ത്, അമ്മയുടെ വിശുദ്ധമായ ഉത്തമസ്ഥാനത്തിരിയ്ക്കുന്ന സുഖകരങ്കൽ ചെല്ലുന്നു; വണങ്ങി ഹവിസ്സു നല്കി, പൊറുപ്പിക്കാന്‍, ആളുകൾ ഒരു കുഞ്ഞിനെയെന്നപോലെ തൊട്ടുതലോടുന്നു! 14
അഗ്നേ, കർമ്മത്താൽ ക്ഷീണിച്ച ദമ്പതിമാര്‍ മഹാനായ അങ്ങയ്ക്കു മഹത്തായ അന്നം ഒരുക്കുന്നു. ഓരോ ദേവനും എനിയ്ക്കു ശോഭനാഹ്വാനായിബ്ഭവിയ്ക്കട്ടെ; അമ്മ ഭൂമി നമ്മെ ദുർവിചാരത്തിൽ നിർത്താതിരിയ്ക്കട്ടെ! 15
ദേവന്മാരേ, ഞങ്ങൾക്കു വലിയ സ്വാസ്ഥ്യം കിട്ടുമാറാകണം! 16
ഞങ്ങൾ അശ്വികളുടെ നൂതനവും സുഖകരവും നന്മഴുണ്ടാക്കുന്നതുമായ രക്ഷയോടു ചേരുമാറാകണം: അമൃതരേ, നിങ്ങളിരുവരും ഞങ്ങൾക്കു ധനത്തെയും വീരന്മാരെയും സർവസൊഭാഗ്യങ്ങളെയും കൊണ്ടുവന്നാലും! 17
[2] ദയാശീലകളായ – ഉപദ്രവമൊന്നും ചെയ്യാത്ത. അച്ഛനമ്മമാര്‍ – ദ്യാവാപൃഥിവികൾ.
[3] തെളിനീര്‍ – സ്വച്ഛമായ സോമരസം. അനന്തരവാക്യം പ്രത്യക്ഷം: മധു – മധുരസോമം.
[4] ശോഭനഹസ്തന്‍ – അധ്വർയ്യു, മധു – സോമലത; ഇതിനെ പയ്യാക്കിക്കല്പിച്ചിരിയ്ക്കുന്നു.
[5] വിളിയ്ക്കപ്പെടുന്ന – ഞങ്ങളാല്‍.
[6] ഗ്നാ – ദേവിയുടെ പേർ.
[7] ‘മയക്കു’ക – ഉപയോഗയോഗ്യമാക്കുക; പഴക്കുക.
[8] രണ്ടാമത്തെ വാക്യം അശ്വികളോടു നേരിട്ടു പറയുന്നതാണ്: നിധി – നിങ്ങൾക്കായി വെയ്ക്കപ്പെട്ടു സോമം. ആണിയില്ലാത്ത ചക്രകൂടം തേരിനെ നടത്തില്ലല്ലോ; അതുപോലെ, നിങ്ങൾ സംബന്ധിയ്ക്കാത്ത സോമം യാഗത്തെ നിർവഹിയ്ക്കില്ല!
[10] നാമരൂപങ്ങൾ – ഇന്ദ്രൻ വരുണൻ ഇത്യാദിനാമങ്ങളും, വജ്രപാണി പാശഹസ്തന്‍ ഇത്യാദി രൂപങ്ങളും. എല്ലാവരും എന്ന ആവൃത്തി ആദരാധിക്യം ദ്യോതിപ്പിയ്ക്കുന്നു.
[11] ഉദകവതി = ജലാന്വിത.
[12] ഋത്വിക്കുകളോടു്; നീലപൃഷ്ഠന്‍ – പൃഷ്ഠം കറുത്തവന്‍. നീലപൃഷ്ഠത്വം, (പുകകൊണ്ടു പുറത്തു കറുപ്പ്) സ്വർണ്ണവർണ്ണത്വം മുതലായത്; അഗ്നിതന്നെയാണ്. ബൃഹസ്പതി എന്നു സൂചിപ്പിയ്ക്കുന്നു.
[13] ഇതും അടുത്ത രണ്ടൃക്കുകളും അഗ്നിപരങ്ങളാകുന്നു: ഊന്ന് – എല്ലാറ്റിനെയും താങ്ങുന്നവന്‍. വൃഷഭൻ – വർഷകന്‍. ത്രിവർണ്ണശൃംഗന്‍ – ഉയർന്ന കൃഷ്ണശുക്ലരക്തജ്വാലകളുള്ളവന്‍.
[14] അമ്മ – ഭൂമി. ഉത്തമസ്ഥാനത്തു് – ഉത്തരവേദിമേല്‍, സുഖകരന്‍ – അഗ്നി. ആളുകൾ – സാധാരണര്‍.
[15] ദമ്പതിമാര്‍-പത്നിയോടുകൂടിയാണ്, യാഗകർമ്മം.