കശ്യപഗോത്രന്‍ അവത്സാരൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
ശ്രേഷ്ഠന്‍, ദർഭയിലിരിയ്ക്കുന്നവന്‍, ഇങ്ങോട്ടു വരുന്നവൻ, ബലവാന്‍, ശീഘ്രഗാമി, ജയശീലന്‍ – ഇങ്ങനെയുള്ള തന്തിരുവടിയെ പണ്ടുള്ളവര്‍പോലെ, മുമ്പുള്ളവർപോലെ, ഇന്നുള്ളവര്‍പോലെ, എല്ലാവരുംപോലെ. നീയും വളർത്തുന്ന സ്തോത്രംകൊണ്ടു കറന്നുകൊള്ളുക! 1
വിണ്ണിൽ വിളങ്ങുന്ന ഭവാന്‍, വിട്ടുകൊടുക്കാത്ത മേഘത്തിന്റെ തെളിതണ്ണീരുകളെ പൊറുതിയ്ക്കായി ദിക്കുകളിലെത്തിച്ചാലും: സുകർമ്മാവേ, സംരക്ഷിയ്ക്കുന്നവനാണ്, ഭവാൻ; സംഹരിയ്ക്കുന്നവനല്ല. മായകൾക്കപ്പുറത്താകയാല്‍, അങ്ങയുടെ തിരുനാമം സത്യലോകത്തിൽ വർത്തിയ്ക്കുന്നു! 2
ഗതിയ്ക്കു തടവില്ലാത്ത, ദർഭയിലെയ്ക്കു നീങ്ങുന്ന, ബലവാനായ, വൃഷാവായ, ശിശുവും യുവാവുമായ, നിർജ്ജരനായ, ഓഷധികളിൽ മേവുന്ന ആ ഹോതാവു ഗമനശീലവും നല്ലതും നിലനിർത്തുന്നതുമായ ഹവിസ്സിനെ കൈക്കൊള്ളുന്നു. 3
എവ ഒത്തൊരുമിച്ചു യാത്രയ്ക്കൊരുങ്ങി, കീഴ്പോട്ടിറങ്ങി യജമാനങ്കലെത്തി യജ്ഞത്തെ വർദ്ധിപ്പിയ്ക്കുന്നുവോ; ആ ശുഭഗമനങ്ങളും സർവശാസകങ്ങളുമായ രശ്മികൾകൊണ്ട് ഈ കർത്താവു നിമ്നസ്ഥലങ്ങളിലെ വെള്ളം കവർന്നെടുക്കുന്നു! 4
ശോഭനസ്തവ, ശോഭനഗമനനായ നിന്തിരുവടി മരികകളിൽ പിഴിഞ്ഞരിച്ച സോമവും മനോഹരസ്ത്തുതികളും സ്വീകരിച്ചുകൊണ്ടു യജ്ഞപ്രവർത്തകരുടെ ഇടയിൽ പരിശോഭിയ്ക്കുന്നു; യാഗത്തിന്റെ ജീവനായ ഭവാന്‍ പത്നികളെ തഴപ്പിച്ചാലും! 5
കണ്ടതിൻവണ്ണം പറകയാണ്: യാവചിലര്‍ ശേഷിയുറ്റ ശോഭയോടേ വെള്ളത്തിൽ മേവുന്നുവോ, അവര്‍ നമുക്കു മാന്യമായ ധനവും മഹത്തായ വേഗവും വളരെ സല്‍പുത്രരെയും ഇടിയാത്ത ബലവും തരട്ടെ! 6
അഗ്രഗാമിയും ജായാസഹിതനും കവിയുമായ സൂര്യൻ പൊരുതാൻ വേണ്ടി യുദ്ധങ്ങളിൽ ചെല്ലുന്നു. അന്തരിക്ഷത്തെയെങ്ങും രക്ഷിയ്ക്കുന്ന ആ തേജസ്വിയെ നാം പരിചരിയ്ക്കുക: അവിടുന്നു സ്വന്തം ധനത്താൽ നമുക്കു സുഖം നല്കും! 7
ഏറ്റവും വളർന്ന, ഗമനശീലനായ, കർമ്മവാനായ, ഋഷിസ്തൂത്യനായ ഈ നിന്തിരുവടിയെ (യജമാനന്‍) തിരുനാമം കീർത്തിച്ചുകൊണ്ടു ഭജിക്കുന്നു; അഭീഷ്ടം യാതൊന്നോ, അതു കർമ്മംകൊണ്ടു നേടുകയും ചെയ്യുന്നു: സ്വയം അനുഷ്ടിച്ചാൽ കൂടുതൽ ചെയ്യലായി! 8
ഉത്തമസ്തുതികൾ, അവയുടെ സമുദ്രത്തിൽ ചെന്നെത്തും. നീണ്ട സ്തുതിയോടുകൂടിയ യജ്ഞഗൃഹത്തിന്ന് ഉടവു വരില്ല. പരിശുദ്ധനെക്കുറിച്ചുള്ള മനനം എവിടെയുണ്ടോ, അവിടെ സ്തോതാവിന്റെ മനോഗതം വൃഥാവിലാകില്ല! 9
തന്തിരുവടിയുണ്ടല്ലോ: ക്ഷത്രന്‍, മനസൻ, ഏവാവദൻ, യജതന്‍, സധ്രി, അവത്സാരന്‍ എന്നിവരുടെ രമ്യഭാവനകൾകൊണ്ടു നാം പണ്ഡിതന്നു പകുത്തെടുക്കാവുന്ന ബലവത്തരമായ അന്നം നിറയ്ക്കുക! 10
വിശ്വവാരൻ, യജതൻ, മായി എന്നിവരുടെ വെള്ളത്തിന്റെ മത്തു പരുന്തുപോലെ പറന്നെത്തും; കുറഞ്ഞുപോകില്ല; ഇടം നിറയ്ക്കും. അവര്‍ എടുക്കാൻ പരസ്പരം യാചിയ്ക്കും: അവർക്കടുത്തറിയാം, തലയ്ക്കു പിടിയ്ക്കുന്നതു കുടിയ്ക്കാന്‍! 11
സദാപൃണൻ, യജതൻ, ബാഹുവൃക്തന്‍. ശ്രുതവിത്ത്, തര്യൻ എന്നിവര്‍ നിങ്ങളോടൊന്നിച്ചു വിദ്വേഷികളെ വധിയ്ക്കും: അവര്‍ നല്ല സ്തോത്രങ്ങൾകൊണ്ട് ഈ ദേവഗണത്തെ സേവിച്ചതിനാൽ ശ്രേഷ്ഠമായ രണ്ടും നേടി, പരിശോഭിയ്ക്കുന്നു! 12
യജമാനന്നു നല്ല ഫലം നിലനിർത്തുന്നവനാണ്, സുതംഭരന്‍: അദ്ദേഹം എല്ലാക്കർമ്മങ്ങളുടെയും ഉൽകൃഷ്ടഫലം ഉയർത്തും. പയ്യു രസവത്തായ പാൽ കൊണ്ടുവന്നു; കൊണ്ടുവരികയുംചെയ്യും. അതൊക്കെ വർണ്ണിച്ച്, ഉറങ്ങാതെ ഉരുവിടുകയാണ്, അവത്സാരൻ! 13
ഋക്കുകൾ ആ ഉണര്‍വുറ്റവനെ കാമിയ്ക്കുന്നു; സാമങ്ങൾ ആ ഉണവുറ്റവങ്കൽ ചെല്ലുന്നു. സോമം ആ ഉണര്‍വുറ്റവനോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കു കിട്ടട്ടെ: 14
ഋക്കുകൾ, ഉണര്‍വുറ്റ അഗ്നിയെ കാമിയ്ക്കുന്നു; സാമങ്ങൾ ഉണവുറ്റ അഗ്നിയിങ്കൽ ചെല്ലുന്നു. സോമം ഉണര്‍വുറ്റ അഗ്നിയോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കുകിട്ടട്ടെ! 15
[1] അന്തരാത്മാവിനോട് പറയുന്നു: തന്തിരുവടി – ഇന്ദ്രൻ. കറന്നുകൊള്ളുക – അഭീഷ്ടങ്ങൾ നേടിക്കൊൾക.
[2] പൊറുതിയ്ക്കായി – പ്രാണികൾക്കു ജീവിപ്പാന്‍.
[3] ശിശൂ – രക്ഷണീയൻ, കെടാതെ സൂക്ഷിയ്ക്കുപ്പെടേണ്ടവന്‍.
[4] സൂര്യനെക്കുറിച്ച്: സർവശാസകങ്ങൾ – എല്ലാറ്റിനെയും നിയന്ത്രിയ്ക്കുന്നവ. ഈ കർത്താവ് – സൂര്യന്‍.
[5] പത്നികൾ – ഓഷധികൾ.
[6] വിശ്വേദേവകളെപ്പറ്റി: കണ്ടതിൻവണ്ണം പറകയാണ്-പരവചനപ്രത്യയത്താൽ സ്തുതിയ്ക്കുകയല്ല. അവർ – വിശ്വേദേവകൾ.
[7] ജായാസഹിതൻ – ഉഷസ്സു സൂര്യന്റെ ഭാര്യയത്രേ.
[8] സ്വയം അനുഷ്ഠിച്ചാൽ കൂടുതൽ ചെയ്യലായി – അന്യനെക്കൊണ്ടു ചെയ്യിച്ചാൽ ഫലം കിട്ടില്ല. ഈ ഋക്കിന്റെ ദേവത, അഗ്നിയോ സൂര്യനോ ആകുന്നു.
[9] സൂര്യനെപ്പറ്റി: നദികൾ സമുദ്രത്തിലെന്നപോലെ, ഉത്തമസ്തുതികൾ സൂര്യങ്കൽ ചെന്നെത്തും. ഉടവു വരില്ല അഭിവൃദ്ധിയേ വരു. പരിശുദ്ധൻ – സൂര്യൻ. മനനം = നിനവ്, സ്തുതി.
[10] സൂര്യപരംതന്നെ: ക്ഷത്രാദികൾ ഋഷിമാര്‍തന്നെ. ഇവരുടെ ഭാവനകൾ (സ്തുതികൾ) സൂര്യനെ പ്രസാദിപ്പിയ്ക്കും; സൂര്യൻ നമുക്കു ദാനത്തിന്നും പര്യാപ്തമായ അന്നം ധാരാളം നല്കുമെന്നു സാരം.
[11] വിശ്വവാരൻ, യജതന്‍, മായി എന്നിവരും ഋഷിമാര്‍തന്നെ. വെള്ളം – സോമനീര്‍. പറന്നെത്തും – കുടിച്ചവങ്കല്‍. ഇടം – ചെന്നെത്തിയ വശം. യാചിയ്ക്കും – ഞാനെടുക്കട്ടെയോ, ഞാനെടുക്കുട്ടെയോ എന്നു പരസ്പരം അനുജ്ഞ ചോദിയ്ക്കും. മദമാണ്, ഈ ഋക്കിന്റെ ദേവത.
[12] സദാപൃണാദികളും ഋഷിമാരാകുന്നു. രണ്ടും – ഐഹികവും ആമുഷ്മികവുമായ അഭിലാഷങ്ങൾ. ഋത്വിക്കുകളോടു പറയുന്നതാണിത്.
[13] സുതംഭരന്റെ പ്രഭാവത്താൽ കറവപ്പയ്യു സ്വയം വന്നുനില്ക്കും. അവത്സാരൻ – ഞാന്‍.
[14] അഗ്നിയെപ്പറി; അപേക്ഷിയ്ക്കുന്നു – ‘എന്നെ സ്വീകരിയ്ക്കണമേ’ എന്ന്.