അത്രിഗോത്രന്‍ സദാപൃണന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
സ്തുതിയ്കകപ്പെട്ട സമുജ്ജ്വലൻ അറിഞ്ഞു, വജ്രം ആഞ്ഞുചാട്ടി; വരാൻതുടങ്ങിയ ഉഷസ്സിന്റെ കതിരുകൾ പ്രസരിച്ചു. സൂര്യദേവൻ രാത്രിയെ അകറ്റി ഉദിച്ചു; മനുഷ്യരുടെ വാതിലുകൾ തുറന്നു. 1
സൂര്യൻ ശോഭയെ, രൂപത്തെയെന്നപോലെ വെളിപ്പെടുത്തി; അറിഞ്ഞു, രശ്മികളുടെ അമ്മയും അന്തരിക്ഷത്തില്‍നിന്നു വന്നെത്തി. വെള്ളമൊഴുകുന്ന നദികൾ തീരങ്ങളെ കടിച്ചുതിന്നുകയായി. ആകാശം, ശരിയ്ക്കു നാട്ടിയ തൂണുപോലെ ഉറപ്പിൽ നിന്നു. 2
വലിയവയെ നിർമ്മിച്ച ഈ പഴയ സ്തോതാവിന്നായി മേഘങ്ങളുടെ കുഞ്ഞ് ഇളകി – മേഘം ഇളകി; ആകാശം നിറവേറി. പരിചരിയ്ക്കുന്നവര്‍ ദേഹം തുലോം മെലിയിച്ചു. 3
ഇന്ദ്ര, അഗ്നേ, നിങ്ങളെ ഞാന്‍ രക്ഷയ്ക്കായി, ഗുണപ്രകാശകങ്ങളായ, ദേവയോഗ്യങ്ങളായ സൂക്തങ്ങൾകൊണ്ടു വിളിയ്ക്കുന്നു; പരിചരിയ്ക്കുന്ന വായുതുല്യരും സുയജ്ഞരുമായ കവികൾ സ്തോത്രം ചൊല്ലി പൂജിയ്ക്കുന്നു. 4
ഇന്നു വെക്കം വരുവിൻ: ഞങ്ങൾ ശോഭാകർമ്മാക്കളായിത്തീരട്ടെ! വിദ്വേഷികളെ തീരെ നശിപ്പിയ്ക്കട്ടെ – അടുക്കുന്ന ദ്രോഹികളെ അകലത്തു നിർത്തട്ടെ! പണ്ടേത്തെ യജമാനന്മാരിൽ ചെല്ലട്ടെ! 5
സഖാക്കളേ, വരുവിന്‍: യാതൊരമ്മ ഗോഗണത്തെ പുറത്തിറക്കിയോ, യാതൊന്നുകൊണ്ടു മനു അണക്കട മുറിയ്ക്കപ്പെട്ടവനെ ജയിച്ചുവോ, യാതൊന്നുകൊണ്ടു വണിക്കായ വങ്കു വെള്ളം സമ്പാദിച്ചുവോ, ആ സ്തുതി നാം ചൊല്ലുക! 6
യാതൊന്നുകൊണ്ടു ദശഗ്വരും നവഗ്വരും പൂജിച്ചുവോ, ആ അമ്മിക്കുഴ ഇവിടെ കൈകൊണ്ടുപയോഗിയ്ക്കപ്പെട്ടിട്ട്, ഒച്ച പുറപ്പെടുവിച്ചു. സത്യമറിഞ്ഞ സരമ ഗോക്കളെ കണ്ടെത്തി. അംഗിരസ്സ് സർവവും സത്യമാക്കി! 7
ആ ഉഷസ്സു പുലർന്നതോടേ, അംഗിരസ്സുകളെല്ലാം ഗോക്കളിൽ ചെന്നെത്തി: അവ കൂടിനിന്നിരുന്ന സ്ഥലത്ത് ഒരുറവിടം ഉണ്ടായിരുന്നു; ആ ജലമാർഗ്ഗത്തിലൂടെയത്രേ, സരമ ഗോക്കളെ കണ്ടുപിടിച്ചത്. 8
സപ്താശ്വനായ സൂര്യൻ വന്നണയട്ടെ: അതിവിശാലമാണല്ലോ, തന്റെ ദീർഘയാത്രാപ്രദേശം. ഒരു പരുന്തുപോലെ ഹവിസ്സിന്നായി പറന്നെത്തുന്ന ആ യുവാവായ കവി രശ്മികളില്‍ച്ചേർന്നു വിളങ്ങുന്ന! 9
സൂര്യൻ തിളങ്ങുന്ന വെള്ളത്തിലെയ്ക്കു കേറി: അഴകൊത്തമുതുകുള്ള കുതിരകളെ പൂട്ടിയ അദ്ദേഹത്തെ ധീമാന്മാര്‍, ഒരു തോണിയെ എന്നപോലെ വെള്ളത്തിലൂടേ കൊണ്ടുപോന്നു. അതനുവദിച്ചു ജലങ്ങൾ കുനിഞ്ഞുനിന്നു. 10
ഞാന്‍ ജലത്തിന്നുവേണ്ടി, നിങ്ങളെക്കുറിച്ചു സർവപ്രദമായ സ്തോത്രം ചൊല്ലുന്നു: നവഗ്വര്‍ പത്തുമാസം കഴിച്ചതു യാതൊന്നിനാലോ, ആ സ്തോത്രംകൊണ്ടു ഞങ്ങൾ ദേവരക്ഷിതരായിത്തീരട്ടെ! ആ സ്തോത്രംകൊണ്ടു ഞങ്ങൾ പാപം കടക്കട്ടെ! 11
[1] സ്തുതിയ്ക്കപ്പെട്ട – അംഗിരസ്സുകളാല്‍. സമുജ്ജ്വലൻ – ഇന്ദ്രന്‍. അറിഞ്ഞ് – അസുരന്മാര്‍ ഗോക്കളെ ഒളിപ്പിച്ച സ്ഥലം.
[2] അറിഞ്ഞ് – സൂര്യന്‍ ഉദിയ്ക്കുകയായി എന്ന്. രശ്മികളുടെ അമ്മ – ഉഷസ്സ്. കടിച്ചുതിന്നുകയായി – പ്രവാഹവേഗംകൊണ്ട് ഉടച്ചു.
[3] വലിയവ – മഹാസ്തോത്രങ്ങൾ. ഈ പഴയ സ്തോതാവ് – ഞാന്‍ മേഘങ്ങളുടെ കുഞ്ഞ് – ജലം. നിറവേറ്റി – വൃഷ്ടി കർമ്മത്തെ. പരിചരിയ്ക്കുന്നവര്‍ – അംഗിരസ്സുകൾ. മെലിയിച്ചു – വ്രതാദികൾകൊണ്ട്.
[4] വായുതുല്യര്‍ – കർമ്മങ്ങളിൽ വേഗമിയന്നവര്‍. കവികൾ – ഷഡംഗ സഹിതവേദജ്ഞർ.
[5] അംഗിരസ്സുകൾ വിളിയ്ക്കുന്നു:
[6] ഇതും അംഗിരോവാക്യമാണ്: അമ്മ – സ്തുതി, മനു – മനനശീലനായ ഇന്ദ്രന്‍. അണക്കട മുറിയ്ക്കപ്പെട്ടവന്‍ – വൃതൻ, വണിക്ക് – അല്പകർമ്മത്താൽ അനല്പഫലമിച്ഛിയ്ക്കുന്നവന്‍ എന്നർത്ഥം. വങ്കു – കക്ഷീവാന്‍.
[7] പൂജിച്ചുവോ – സോമം ചതച്ചു പിഴിഞ്ഞ്, ഇന്ദ്രനെ ആരാധിച്ചുവോ. ഇവിടെ – യജ്ഞത്തില്‍.
[10] കുനിഞ്ഞുനിന്നു – താഴത്തെയ്ക്കു വലിഞ്ഞു എന്നു സാരം.
[11] ദേവന്മാരോട്: കഴിച്ചുവോ – സത്രമനുഷ്ഠിച്ചുകൊണ്ട്.