പ്രതിക്ഷത്രന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ. വിശ്വേദേവകളും ദേവപത്നിമാരും ദേവത.
ഒരു കുതിരപോലെ, ഭാരത്തിനു സ്വയം പൂട്ടപ്പെട്ട വിദ്വാനായ ഞാന്‍ കടത്തിവിടുന്നതും കാത്തുരക്ഷിയ്ക്കുന്നതുമായ അതിനെ വഹിച്ചുകൊള്ളുന്നു! അതു വിടാനും, വീണ്ടും ധരിപ്പാനും ഞാന്‍ ഇച്ഛിയ്ക്കുന്നില്ല; മാർഗ്ഗജ്ഞൻ മുമ്പേ നടന്നു നേര്‍വഴിയിലെത്തിച്ചുകൊള്ളും! 1
അഗ്നേ, ഇന്ദ്ര, വരുണ, മിത്ര, മരുത്തുക്കളേ, വിഷ്ണോ, ദേവന്മാരേ, നിങ്ങൾ ബലം കിട്ടിച്ചാലും! അശ്വികളിരുവരും, രുദ്രനും, അവരുടെ സ്ത്രീകളും, പൂഷാവും, ഭഗനും, സരസ്വതിയും സ്വീകരിച്ചരുളട്ടെ! 2
ഇന്ദ്രന്‍, അഗ്നി, മിത്രന്‍, വരുണന്‍, അദിതി, ആദിത്യന്‍, പൃഥിവി, ദ്യോവ്, മരുത്തുക്കൾ, മേഘങ്ങൾ, ജലങ്ങൾ, വിഷ്ണു, പൂഷാവ്, ബ്രഹ്മണസ്പതി, ഭഗന്‍, ശീഘ്രം സ്തുത്യനായ സവിതാവ് എന്നിവരെ ഞാന്‍ രക്ഷയ്ക്കായി വിളിയ്ക്കുന്നു. 3
വിഷ്ണുവും അദ്രോഹിയായ വായുവും ദ്രവിണോദസ്സും സോമനും നമുക്കു സുഖം തരട്ടെ! ഋഭുക്കളും വിഭ്വാവും അശ്വികളും ത്വഷ്ടാവും നമുക്കു ധനമനുവദിയ്ക്കട്ടെ! 4
അത്രതന്നെയല്ല, സ്വർഗ്ഗത്തിൽ വസിയ്ക്കുന്ന ആ യജനീയമായ മരുത്സംഘം നമ്മുടെ ദർഭയിലിരിയ്ക്കാൻ വന്നുചേരട്ടെ! ബൃഹസ്പതിയും പൂഷാവും വരുണനും മിത്രനും അര്യമാവും നമുക്കു ഗൃഹസുഖം തന്നരുളട്ടെ! 5
പോരാ, ആ പർവതങ്ങളും, ശോഭനസ്തവകളായി ശോഭനദാനകളായിരിയ്ക്കുന്ന നദികളും നമ്മെ രക്ഷിക്കട്ടെ! ധനം പകത്തുകൊടുക്കുന്ന ഭഗന്‍ അന്നവും രക്ഷയുമായി വന്നെത്തട്ടെ! വ്യാപ്തിയേറിയ അദിതി എന്റെ വിളി കേൾക്കട്ടെ! 6
ദേവന്മാരുടെ പത്മിമാര്‍ താല്‍പര്യത്തോടേ നമ്മെ രക്ഷിയ്ക്കട്ടെ – പുത്രനെയും അന്നവും തന്നു തുലോം രക്ഷിയ്ക്കുട്ടെ! ഭൂമിയിലും അന്തരിക്ഷത്തിലുമുള്ള ശോഭനാഹ്വാനകളായ ദേവിമാരേ, നിങ്ങൾ ഞങ്ങൾക്കു സുഖം തരുവിന്‍! 7
ശോഭമാനയായ ഇന്ദ്രാണി, അഗ്നായി, അശ്വിനി എന്നീ ദേവപത്നിമാരായ സ്ത്രീകൾ ഭക്ഷിയ്ക്കട്ടെ! രോദസിയും വരുണാനിയും ശ്രവിയ്ക്കട്ടെ! ദേവിമാര്‍, ദേവപത്നിമാരുടെ ഋതു എന്നിവരും ഭക്ഷിയ്ക്കട്ടെ! 8
[1] ഭാരത്തിനു – യജ്ഞത്തിന്റെ ഭാരം വഹിപ്പാന്‍. അത് – ഭാരം. മാർഗ്ഗജ്ഞന്‍ – അന്തര്യാമിയായ ദേവൻ. 7
[2] സ്വീകരിച്ചരുളട്ടെ – നമ്മുടെ സ്തോത്രത്തെ.
[4] വിഭ്വാവിനെ എടുത്തുപറഞ്ഞതാണ്.
[8] അഗ്നായി – അഗ്നിയുടെ പത്നി. ഭക്ഷിയ്ക്കുട്ടെ – ഹവിസ്സ്. രോദസി – രുദ്രപത്നി. വരുണാനി – വരുണപത്നി. ശ്രവിയ്ക്കട്ടെ – നമ്മുടെ സ്തുതി. ഋതു – കാലാഭിമാനിദേവന്‍.