പ്രതിരഥന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: വിശ്വേദേവകൾ ദേവത.
പരിചരിയ്ക്കുന്നവൾ, യുവതി, സ്തുതിയ്ക്കപ്പെടുന്നവൾ, സ്തുതിമതി, പാലകരോടൊപ്പം യാഗശാലയിൽ വിളിയ്ക്കപ്പെടുന്നവൾ – ഇങ്ങനെയുള്ള മഹതിയായ മാതാവു മകളെ ഉണർത്തിക്കൊണ്ടും പ്രേരിപ്പിച്ചുകൊണ്ടും വാനത്തുനിന്നു വന്നെത്തുന്നു! 1
ഗമനശീലങ്ങളും, പകലിനെ പ്രാപിയ്ക്കുന്നവയും, അമൃതമണ്ഡലസ്ഥിതങ്ങളും, അനന്തങ്ങളും, വിശാലങ്ങളുമായ രശ്മികൾ ദ്യാവാപൃഥിവികളിലെങ്ങും ചുഴന്നു വ്യാപിയ്ക്കുന്നു! 2
നനച്ചും നന്ദിപ്പിച്ചും വിളങ്ങുന്ന ശോഭനഗമനന്‍ കിഴക്കാകുന്ന അച്ഛന്റെ യോനിയിൽ പ്രവേശിച്ചു. പിന്നീടു ദ്യോവിൻമധ്യത്തിൽ വെയ്ക്കപ്പെട്ട ആ കല്ലുപോലുള്ള കതിരവൻ അന്തരിക്ഷത്തിന്റെ രണ്ടറ്റത്തും ചെന്നു (ലോകത്തെ) രക്ഷിയ്ക്കുന്നു! 3
തന്തിരുവടിയെ നാലു ക്ഷേമകാംക്ഷികൾ നിലനിർത്തുന്നു; പത്തുപേര്‍ കുഞ്ഞിനെ നടപടിയ്ക്കുയയ്ക്കുന്ന. തന്തിരുവടിയുടെ ത്രിവിധങ്ങളായ മികച്ച കിരണങ്ങൾ ഉടനടി അന്തരിക്ഷത്തിന്റെ അറ്റങ്ങളിലെല്ലാം ചെന്നെത്തുന്നു. 4
ആളുകളേ, ഈ തിരുവുരു സ്തോതവ്യമാകുന്നു: ഇതിനാലത്രേ നദികൾ ഒഴുകുന്നതും, ജലങ്ങൾ കുടികൊള്ളന്നതും. ഇതിനെ, ഇവിടെയിവിടെ ജനിച്ചാല്‍, അമ്മയല്ലാത്ത ഇരുപേര്‍ – ഒരേ ബന്ധുവോടുകൂട്ടിയ ഇണ – വഹിച്ചുപോരുന്നു! 5
തന്തിരുവടിയ്ക്കു സ്തുതികളും കർമ്മങ്ങളും വിസ്തരിയ്ക്കപ്പെടുന്നു; മകന്ന് അമ്മമാര്‍ വസ്ത്രം നെയ്യുന്നു. വൃഷാവിന്റെ സമ്പർക്കത്തിൽ ഇമ്പംകൊള്ളുന്ന മങ്കമാര്‍ നഭോമാർഗ്ഗത്തിലൂടേ ഇങ്ങോട്ടു വരുന്നു. 6
മിത്രവരുണന്മാരേ, ഇതു പ്രശസ്തമായിബ്ഭവിയ്ക്കട്ടേ; അഗ്നേ, ഇതു ഞങ്ങൾക്കു സുഖത്തിനായിബ്ഭവിയ്ക്കട്ടെ! ഞങ്ങക്ക് ഉറച്ച നിലനില്പുണ്ടാകണം! ആശ്രയഭൂതനായ പെരിയ സൂര്യന്നു നമസ്കാരം! 7
[1] ഉഷസ്സിനെപ്പറ്റി: പാലകര്‍ – ദേവന്മാർ. മാതാവ് – പ്രകാശത്തിന്റെ അമ്മ, ഉഷസ്സ്. മകൾ – ഭൂമി.
[2] അമൃതമണ്ഡലം – സൂര്യമണ്ഡലമോ, അന്തരിക്ഷമോ.
[3] സൂര്യനെപ്പറ്റി: നന്ദിപ്പിച്ചും – ദേവന്മാരെ മോദിപ്പിച്ചും. ശോഭനഗമനന്‍ സൂര്യൻ. യോനി – ഉല്‍പാദകാവയവം. കല്ലുപോലുള്ള – കെല്പേറിയ.
[4] നാലു ക്ഷേമകാംക്ഷികൾ – തങ്ങൾക്കു ക്ഷേമമിച്ഛിയ്ക്കുന്ന നാലൃത്വിക്കുകൾ. നിലനിർത്തുന്നു – ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും പൂജിയ്ക്കുന്നു. പത്തുപേർ – ദിക്കുകൾ. കുഞ്ഞിനെ – സൂര്യനെ. നടപടി – ഉദയാസ്തമയവ്യവഹാരം. ത്രിവിധങ്ങൾ – ശീതോഷ്ണവർഷജനകങ്ങൾ.
[5] ഋത്വിക്കുകളോട്: ഈ തീരുവുരു – ശരീരം, സൂര്യമണ്ഡലം. ഇവിടെയിവിടെ ജനിച്ചാല്‍ – ഉദിയ്ക്കുന്നേടങ്ങളില്‍. ഇരുപേര്‍ – അഹോരാത്രികൾ.
[6] വിസ്തരിയ്ക്കുപ്പെടുന്നു – യജമാനരാല്‍. മകന്‍ – സൂര്യന്‍. അമ്മമാര്‍ – ദിക്കുകൾ. വസ്ത്രം – തേജസ്സ്. വൃഷാവ് – സൂര്യന്‍. മങ്കമാർ – രശ്മികൾ.
[7] ഇത് – ഈ സൂക്തം. ആശ്രയഭൂതനായ – ഉലകിന്നെല്ലാം.