ആത്രേയന്‍ പ്രതിഭാനു ഋഷി; ജഗതി ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
തന്റേതായ ബലവും അന്നവുമുള്ള പ്രിയപ്പെട്ട മഹാതേജസ്സിനെ നാം എപ്പോൾ സ്തുതിയ്ക്കും? സേവ്യമാനവും പ്രജ്ഞായുക്തവുമായ ഇതാണല്ലോ, അളക്കാവുന്ന അന്തരിക്ഷത്തിലെ മേഘത്തിന്മേല്‍ പാഥസ്സുകളെ പരത്തുന്നത്! 1
അവ ചുമതലക്കാരെ പ്രേരിപ്പിയ്ക്കുന്ന പ്രജ്ഞാനം പരത്തുന്നു; ഒരേമട്ടിലുള്ള വെളിച്ചം ഉലകിലെങ്ങും പരത്തുന്നു. അപ്പോൾ ദേവകാമന്മാര്‍, മുഖംതിരിച്ചു മറ്റുള്ളവയെ നോക്കാതെ, മുമ്പേത്തവയെക്കൊണ്ടു തഴപ്പിയ്ക്കുന്നു. 2
പകലിനാൽ സമ്പാദിയ്ക്കപ്പെട്ട രാത്രികളിലെ അമ്മിക്കുഴകൾ കൊണ്ടു തന്തിരുവടി മായാവിയുടെ നേർക്കു വരിഷ്ഠമായ വജ്രം തിളങ്ങിയ്ക്കുന്നു: തന്റെ നൂറു രശ്മികൾ അഹസ്സുകളെ പ്രവർത്തിപ്പിച്ചും, വീണ്ടും കൊണ്ടുവന്നും, സ്വസ്ഥാനത്തു പ്രചരിയ്ക്കുന്നു. 3
അദ്ദേഹത്തിന്റെ സ്വഭാവം മഴുവിന്റേതുപോലെയാണ്; ആ രൂപവാന്റെ രശ്മിസമൂഹത്തെ ഞാൻ ഭോഗാപ്തിയ്ക്കായി വാഴ്ത്തുന്നു. അവിടുന്നു സഹായമായി വർത്തിച്ചു, യുദ്ധത്തിൽ വിളിയ്ക്കുന്ന മനുഷ്യന്ന് അന്നസമേതമായ പാർപ്പിടവും രത്നവും കല്പിച്ചുകൊടുക്കുമല്ലോ! 4
നാലിടത്തും ജ്വാലാസേനകളുള്ള ആ വരുണന്‍ ശത്രുവിനെ നശിപ്പിച്ച്, അഴകൊത്ത ഉടുപ്പിട്ടു മോടികൂട്ടുന്നു. അദ്ദേഹത്തിന്റെ പൌരുഷം നാമറിയുന്നില്ല: ആ ഭഗനായ സവിതാവു ധനം കൊടുത്തു പോരുന്നുണ്ടല്ലോ! 5
[1] മഹാതേജസ്സ് – വൈദ്യുതാഗ്നി. ഇത് – മഹാതേജസ്സ്. അളക്കാവുന്ന – ആകാശം അളവറ്റതെങ്കിലും അളക്കപ്പെടുന്നുണ്ടല്ലോ. പാഥസ്സുകൾ = ജലങ്ങൾ.
[2] ഉഷസ്സിനെപ്പറ്റി: അവ – ഉഷസ്സുകൾ. മറ്റുള്ളവ – വരാനിരിയ്ക്കുന്ന ഉഷസ്സുകൾ. തഴപ്പിയ്ക്കുന്നു – സ്വബുദ്ധിയെ വർദ്ധിപ്പിയ്ക്കുന്നു. അർത്ഥം ചിന്ത്യം.
[3] ഇന്ദ്രനെപ്പറ്റി: അമ്മിക്കുഴകൾകൊണ്ടു – പിഴിഞ്ഞ സോമനീര്‍ കുടിച്ചിട്ട് എന്നർത്ഥം. തന്തിരുവടി – ഇന്ദ്രൻ. മായാവി – വൃത്രൻ. രണ്ടാംവാക്യം ഇന്ദ്രാത്മാവായ സൂര്യനെപ്പറ്റിയാണ്: വീണ്ടും കൊണ്ടുവന്നു – തിരിച്ചുപോയ പകലുകളെ. സ്വസ്ഥാനത്ത് – ആകാശത്ത്.
[4] അഗ്നിയെപ്പറ്റി: മഴു ഉടമസ്ഥന്റെ ഉദ്ദേശം നിറവേറ്റുമല്ലോ; അതുപോലെ അഗ്നി യജമാനന്റെ അഭിമതം സാധിപ്പിയ്ക്കുന്നു.
[5] വരുണൻ – തമോനിവാരകന്‍. ഉടുപ്പ് – തേജസ്സ്. ഭഗന്‍ = ഭജനീയന്‍, സവിതാവ് – പ്രേരകന്‍.