ആത്രേയന്‍ പ്രതിപ്രഭന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
നിങ്ങൾക്കുവേണ്ടി ഞാനിപ്പോൾ ദേവനായ സവിതാവിനെയും മനുഷ്യന്നു രത്നം പകുത്തുകൊടുക്കുന്ന ഭഗനെയും സമീപിയ്ക്കാം:
വളരെ ഭുജിയ്ക്കുന്ന നേതാക്കളായ അശ്വികളേ, നിങ്ങളെ സഖ്യകാംക്ഷിയായ ഞാന്‍ നാളിൽ നാളിൽ ഇങ്ങോട്ടു വരുത്തുമാറാകണം! 1
(ശത്രുക്കമെ) തള്ളിനീക്കുന്ന സവിതൃദേവന്റെ പ്രത്യാഗമനമറിഞ്ഞു നീ സൂക്തങ്ങൾകൊണ്ടു പരിചരിയ്ക്കുക; മനുഷ്യന്നു മുന്തിയ ധനം എത്തിച്ചുകൊടുക്കുന്നവനെ ധ്യാനിച്ചു വണങ്ങി സ്തുതിയ്ക്കുകയും ചെയ്യുക! 2
പൂഷാവ്, ഭഗൻ, അദിതി എന്നിപര്‍ വരണിയങ്ങളായ അന്നങ്ങളെ പ്രദാനംചെയ്യുന്നു; സൂര്യൻ ഉടുക്കുന്നു; ഇന്ദ്രന്‍, വിഷ്ണു, വരുണൻ, മിത്രന്‍, അഗ്നി എനീ ദർശനീയര്‍ ദിവസങ്ങളെ ശോഭനങ്ങളാക്കുന്നു! 3
എതിരില്ലാത്ത സവിതാവും നമ്മുടെ യാഗത്തിൽ വന്നെത്തട്ടെ; അതിനെ പ്രവഹിയ്ക്കുന്ന നദികൾ അനുഗമിയ്ക്കട്ടെ! ഇതാണ്; യാഗത്തിന്റെ ഹോതാവായ ഞാന്‍ സമിപിച്ചപേക്ഷിയ്ക്കുന്നത്: ഞങ്ങൾ ധനത്തിന്റെ ഉടമകളും രമണീയബലരുമായിത്തീരണം! 4
യാവചിലര്‍ ദേവന്മാർക്കു ജംഗമമായ അന്നത്തെ നല്കിയോ, യാവചിലര്‍ മിത്രവരണന്മാരെക്കറിച്ചു സൂക്തങ്ങൾ ചൊല്ലൂന്നുവോ, അവർക്കു തേജസ്സുണ്ടാകട്ടെ; ദ്യാവാപൃഥിവികളുടെ രക്ഷയാൽ ഞങ്ങൾ ഇമ്പംകൊള്ളുമാറാകണം! 5