സ്വസ്ത്യാത്രേയൻ ഋഷി; ഗായത്രിയും ഉഷ്ണിക്കും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
അഗ്നേ, ഹവ്യദാതാവിന്നുവേണ്ടി സോമനീര്‍ കുടിപ്പാന്‍, അങ്ങ് രക്ഷിതാക്കളായ എല്ലാദ്ദേവന്മാരോടുംകൂടി വന്നാലും! 1
അവ്യാജകർമ്മാക്കളേ, സത്യധർമ്മാക്കളേ നിങ്ങൾ യാഗത്തിൽ വന്നുചേരുവിൻ; അഗ്നിയുടെ നാവുകൊണ്ടു നുകരുവിൻ! 2
മേധോവിൻ, അങ്ങ് പ്രഭാതത്തിൽ വരുന്ന മേധാവികളായ ദേവന്മാരോടുകൂടി സോമം കുടിപ്പാൻ വന്നാലും! 3
ഇതാ, ഇന്ദ്രന്നും വായുവിന്നും പ്രിയമായ സോമം ഇണപ്പലക കൊണ്ടു പിഴിഞ്ഞു, പാത്രത്തിൽ നിറച്ചിരിക്കുന്നു. 4
വായോ, അങ്ങ് ഹവ്യദാതാവിന്നുവേണ്ടി, പ്രീതിയോടേ അമറേത്തിന്നെഴുന്നള്ളിവന്നാലും: പിഴിഞ്ഞ സോമം കുടിച്ചാലും! 5
വായാ, അങ്ങും ഇന്ദ്രനും അർഹരാണല്ലോ, ഈ നീര്‍ കുടിപ്പാന്‍: കനിവുറ്റ നിങ്ങൾ ഈ ഭോജ്യം കൈക്കൊണ്ടാലും! 6
ഇന്ദ്രന്നും വായുവിന്നുമായി, സോമം പിഴിഞ്ഞു തയിര്‍ ചേർത്തുവെച്ചിരിക്കുന്നു; ഈ ഭോജ്യം, തന്നോടത്തെയ്ക്കു പുഴപോലെ (നിങ്ങളുടെ അടുക്കലെയ്ക്കു) വരുന്നു! 7
അഗ്നേ, ഭവാന്‍ എല്ലാദ്ദേവകളോടുമൊരുമിച്ച്, ഉഷസ്സിനോടും അശ്വികളോടുമൊരുമിച്ചു വന്നുചേർന്നാലും അത്രിയുടേതിലെന്നപോലെ, ഈ സോമനീരിൽ രമിച്ചാലും! 8
അഗ്നേ, ഭവാന്‍ മിത്രാവരുണന്മാരോടൊരുമിച്ചു, സോമനോടും വിഷ്ണുവിനോടുമൊരുമിച്ചും വന്നുചേർന്നാലും; അത്രിയുടേതിലെന്നപോലെ, ഈ സോമനീരിൽ രമിച്ചാലും! 9
അഗ്നേ, ഭവാന്‍ ആദിത്യരോടും വസുക്കളോടുമൊരുമിച്ച്, ഇന്ദ്രനോടും വായുവോടുമൊരുമിച്ചു വന്നുചേർന്നാലും; അത്രിയുടേതിലെന്നപോലെ ഈ സോമനീരിൽ രമിച്ചാലും! 10
അശ്വികൾ നമുക്കു സ്വസ്തി നല്കട്ടെ; ഭഗന്‍ സ്വസ്തി, അദിതി ദേവി സ്വസ്തി; എതിരില്ലാത്ത ബലപ്രദനായ പൂഷാവു നമുക്കു സ്വസ്തി വരുത്തട്ടെ; ശോഭനജ്ഞാനകളായ ദ്യാവാപൃഥിവികളും സ്വസ്തി! 11
സ്വസ്തിയ്ക്കു വായുവിനെയും, സ്വസ്തിയ്ക്കു ജഗദ്രക്ഷകനായ സോമനെയും, സ്വസ്തിയ്ക്കു സർവഗണാന്വിതനായ ബൃഹസ്പതിയെയും നാം സ്തുതിയ്ക്കുക; ആദിത്യന്മാർ നമുക്കു സ്വസ്തി വരുത്തട്ടെ! 12
ദേവന്മാരെല്ലാം ഇന്നു നമുക്കു സ്വസ്തിയരുളട്ടെ; വസുവായ വൈശ്വാനരാഗ്നി സ്വസ്തിയരുളട്ടെ ദേവന്മാരായ ഋഭുക്കൾ സ്വസ്തിയ്ക്കു രക്ഷിയ്ക്കട്ടെ; രുദ്രൻ നമ്മെ സ്വസ്തിയ്ക്കു പാപത്തില്‍നിന്നു പാലിയ്ക്കട്ടെ! 13
മിത്രാവരുണര്‍ നമുക്കു സ്വസ്തി തരട്ടെ. മാർഗ്ഗദേവതേ, രേവതി, സ്വസ്തി തരിക! ഇന്നും അഗ്നിയും നമുക്കു സ്വസ്തി തരട്ടെ; അദിതേ, ഞങ്ങൾക്കു സ്വസ്തി തരിക! 14
ഞങ്ങൾ, സൂര്യചന്ദ്രന്മാർപോലേ സ്വസ്തിയാംവണ്ണും വഴിനടക്കുമാറാകണം; തരുന്ന, തട്ടിക്കേറാത്ത, മറക്കാത്ത ബന്ധുജനത്തോടു വീണ്ടും ചേരുകയുംവേണം!15