ശ്യാവാശ്വന്‍ ഋഷി; കകുപ്പും സതോബഹൃതിയും ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും പൂരഉഷ്ണിക്കും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.
ആരറിയുന്നു, ഈ മരുത്തുക്കളുടെ ഉല്‍പത്തി? പണ്ടും ആര്‍ കണ്ടു, ഇവരുടെ സുഖങ്ങൾ? ഇവര്‍ പുള്ളിമാനുകളെ പൂട്ടിയല്ലോ! 1
തേരിലിരിയ്ക്കുന്ന ഇവരെ ആര്‍ കേൾക്കും? യാത്ര എങ്ങനെ? ആർക്കു വഴിപോലെ കൊടുപ്പാനായിരിയ്ക്കും, ഈ വൃഷാക്കൾ ബന്ധുഭൂതരായി അന്നങ്ങളോടേ മുറയ്ക്കുവതരിച്ചത്? 2
ആ പറ്റുപാടില്ലാത്ത മനുഷ്യഹിതരായ നേതാക്കൾ തിളങ്ങുന്ന വാഹനങ്ങളിലൂടേ, മത്തിന്നായി വന്നണഞ്ഞ്, എന്നോടരുളിച്ചെയ്തു, ‘നീ ഇയ്യുള്ളവരെ നോക്കിക്കണ്ടു സ്തുതിച്ചുകൊള്ളുക’ എന്ന്: 3
‘ആഭരണങ്ങളിലും ആയുധങ്ങളിലും പൂമാലകളിലും ഉരോഭൂഷണങ്ങളിലും കൈകാല്‍വളകളിലും തേരുകളിലും വില്ലുകളിലുമുള്ള തിളക്കങ്ങളെ – ’ 4
ക്ഷിപ്രപ്രദാനരായ മരുത്തുക്കളേ, വൃഷ്ടിയ്ക്കായി നടക്കുന്ന തിളക്കങ്ങൾപോലുള്ള നിങ്ങളുടെ തേരുകളെ തുഷ്ടിപ്പെടുത്താൻ ഞാന്‍ സ്തുതിയ്ക്കുന്നു. 5
ഈ ശോഭനപ്രദാനരായ നേതാക്കൾ ഹവിർദ്ദാതാവിന്നുവേണ്ടി തണ്ണീര്‍പ്പെട്ടിയെ വാനത്തുനിന്നിറക്കുന്നു – മേഘത്തെ വാനൂഴികളിലെയ്ക്ക് അഴിച്ചുവിടുന്നു. ജലത്തോടുകൂടി വർഷകരായി നടക്കുന്നു! 6
അവര്‍ മേഘങ്ങളെ പിളർത്തി ജലത്തോടുകൂടി അന്തരിക്ഷത്തില്‍, ധേനുക്കൾപോലെയും, വഴി മുഴുമിപ്പിയ്ക്കാൻ കുതിച്ചോടുന്ന കുതിരകൾപോലെയും സഞ്ചരിയ്ക്കുന്നു; അപ്പോൾ പുഴകൾ പുളയ്ക്കുകയായി! 7
മരുത്തുക്കളേ, നിങ്ങൾ സ്വർഗ്ഗത്തിൽനിന്നോ, അന്തരിക്ഷത്തില്‍നിന്നോ, ഇവിടത്തില്‍നിന്നോ വന്നണഞ്ഞാലും; അകലത്തെങ്ങാനും നിന്നേയ്ക്കരുതേ! 8
നിങ്ങളെ നിഷ്പ്രഭമായ, കെടുനിറം പൂണ്ട, നിലമോ, നിങ്ങളെ പരന്ന കടലോ, ഇമ്പംകൊള്ളിയ്ക്കരുത്; നിങ്ങളെ സജലയായ സരയു നിർത്തിക്കളയരുത്. ഞങ്ങൾക്കുതന്നെ കിട്ടട്ടെ, നിങ്ങളാലുള്ള സുഖം! 9
നിങ്ങളുടെ പുത്തൻതേരുകളുടെ ബലത്തെയും ആ തിളങ്ങുന്ന മരുദ്ഗണത്തെയും വൃഷ്ടികൾ പിന്തുടരുന്നു! 10
ഈ നിങ്ങളുടെ ബലത്തെ ബലത്തെ, വ്രാതത്തെ വ്രാതത്തെ, ഗണത്തെ ഗണത്തെ ഞങ്ങൾ നല്ല സ്തുതികൊണ്ടും കർമ്മംകൊണ്ടും അനുവർത്തിയ്ക്കട്ടെ! 11
ഇന്നു മരുത്തുക്കൾ ഈ തേരിലൂടേ, ഏതൊരു ഹവ്യദാതാവായ സുജന്മാവിന്നുവേണ്ടി പോയിരിയ്ക്കാം? 12
നിങ്ങൾ പുത്രന്നും പൌത്രന്നുമായി, അക്ഷയമായ ധാന്യവിത്തു വെച്ചിട്ടുണ്ടല്ലോ അതു ഞങ്ങൾക്കു തരുവിന്‍: ധനവും പൂർണ്ണായുസും സൌഭാഗ്യവും ഞങ്ങൾ യാചിയ്ക്കുന്നു! 13
മരുത്തുക്കളേ, ഞങ്ങൾ ക്ഷേമത്താൽ തിന്മ പോക്കി, നേരിട്ട നിന്ദകരായ വൈരികളെ കടന്നുപോകുമാറാകണം; വർഷത്താൽ വെള്ളവും സുഖവും പാപശാന്തിയും ഗോയുക്തമായ അന്നവും ഞങ്ങൾക്ക് ഒപ്പം കൈവരട്ടെ!. 14
മഹിതരായ മരുത്തുക്കളേ, നേതാക്കളേ, നിങ്ങൾ ആരെ രക്ഷിയ്ക്കുമോ, ആ മനുഷ്യന്‍ സുദേവനും സുവീരനുമായിത്തീരും: ഞങ്ങൾ അങ്ങനെയാകണം! 15
ഭവാൻ ഈ സ്തോതാവിനൊ യജ്ഞത്തിൽ ആ ദാതാക്കളെ സ്തുതിച്ചാലും: അവര്‍, മേയുന്ന ഗോക്കൾപോലെ ഇമ്പംകൊള്ളട്ടെ! പോകുന്ന അവരെ ഭവാന്‍ പഴയ ചങ്ങാതികളമെയെന്നപോലെ തിരിച്ചുവിളിയ്ക്കുക ആ തല്‍പരമന്മാരെ പാടിപ്പുകഴ്ത്തുക! 16
[2] ആര്‍ കേൾക്കും – ഇവര്‍ ചമ്മട്ടിയുലയ്ക്കുന്ന ശബ്ദവും തേരൊച്ചയും.
[3] പറ്റുപാടില്ലാത്ത – നിര്‍ല്ലേപരായ. മത്തിന്നായി – സോമം കുടിപ്പാൻ. ഇയ്യുള്ളവർ – ഞങ്ങൾ.
[4] തിളക്കങ്ങളെ – നോക്കി സ്തുതിച്ചുകൊള്ളുക. ഇതും മരുദ്വചനംതന്നെ.
[6] തണ്ണീര്‍പ്പെട്ടിയെ – മേഘത്തെ.
[7] ധേനുക്കൾപോലെ – പുതുതായി പെറ്റ പൈക്കൾ കുട്ടിയുടെ അടുക്കലെയ്ക്ക് ഓടുന്നതുപോലെ. വഴി മുഴുമിപ്പിയ്ക്കാൻ – എത്തേണ്ടുമിടത്തെത്താൻ. പുളയ്ക്കുകയായി – മഴവെള്ളംകൊണ്ട്.
[8] ഇവിടം – ഭൂലോകം.
[9] നീലവും മറ്റും സകൌതുകം നോക്കിനിന്നേയ്ക്കരുതേ.
[10] മരുദ്ഗണം – നിങ്ങളുടെ ഗണം.
[11] വ്രാതം = സമൂഹം. ഗണം – സപ്തഗണം.
[12] പരോക്ഷവചനം: സുജന്മാവ് – ഭാഗ്യവാന്‍. പോയിരിയ്ക്കാം – ഇവിടെ വരുന്നില്ലല്ലോ!
[13] ഞങ്ങളെ പുത്രപൌത്രത്വേന ഗണിച്ച്, അതു (വിത്ത്) ഞങ്ങൾക്കു സദയം തരുവിൻ.
[14] വർഷത്താല്‍ – നിങ്ങൾ പെയ്യിയ്ക്കുന്ന മഴകൊണ്ട്.
[15] സുദേവൻ = നല്ല ദേവന്മാരോടുകൂടിയവന്‍. സുവീരന്‍ – നല്ല പുത്രാദികളോടുകൂടിയവൻ.
[16] ഋത്വിക്കുകൾ ഋഷിയോടു പറയുന്നു: സ്തോതാവ് – യജമാനന്‍. ആ ഓതാക്കൾ – മരുത്തുക്കൾ. ആ തല്‍പരന്മാരെ – സ്തുതിപ്രിയരായ മരുത്തുക്കളെ.