ശ്യാവാശ്വന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.
സ്വയം വിളങ്ങുന്ന, മലയെപ്പോലും തട്ടിവീഴിയ്ക്കുന്ന, മരുദ്ബലത്തിന്നെത്തിയ്ക്കുക, ഈ സ്തുതിയെ; ചൂടിനെ നിലപ്പിച്ചുകൊണ്ടു സ്വർഗ്ഗത്തില്‍നിന്നു വന്നെത്തുന്ന ആ പൃഷ്ഠയജ്വാക്കളായ ഉജ്ജ്വലാന്നന്മാർക്കു നിങ്ങൾ മഹത്തായ ഭോജ്യം അർപ്പിയ്ക്കുവിന്‍. 1
മരുത്തുക്കുളേ, വൃഷ്ടിതല്‍പരരായി അന്നം വർദ്ധിപ്പിയ്ക്കുന്ന മഹാന്മാരായ നിങ്ങൾ കുതിരകളെ പൂട്ടി, ചുറ്റിനടന്നു, മിന്നലിനോടു ചേരുന്നു: അപ്പോൾ മൂന്നിടത്തും മേഘം ഇടിമുഴക്കും; എങ്ങും ഗമിയ്ക്കുന്ന വെള്ളം ഭൂമിയിൽ വീഴുകയും ചെയ്യും. 2
തിളങ്ങുന്ന തേജസ്സും, കല്ലിൻകാതലിന്നൊത്ത ആയുധങ്ങളുമുള്ള മഹാബലരായ മരുത്തുക്കൾ ഒളിവീശുന്നു; പർവതങ്ങളെപ്പോലും പതിപ്പിയ്ക്കുന്നു; വെമ്പലോടേ വെള്ളം പൊഴിയ്ക്കുന്നു; കൂടെക്കൂടെ മിന്നലിളക്കുന്നു; കൂട്ടമിട്ടിരമ്പുന്നു. 3
രുദ്രപുത്രരായ മരുത്തുക്കളേ, ശക്തരായ നിങ്ങൾ രാത്രികളെയും പകലുകളെയും അന്തരിക്ഷത്തെയും എടുത്തെറിയുന്നു പൊടി പറപ്പിയ്ക്കുന്നു; കാറിനത്തെ, കപ്പലുകൾ കടലിനെയെന്നപോലെ ഇളക്കുന്നു; ദുർഗ്ഗങ്ങളുടയ്ക്കുന്നു; നിങ്ങൾ (ഞങ്ങളെ) ഉപദ്രവിയ്ക്കില്ല! 4
അഹൃതതേജസ്കരായ മരുത്തുക്കളേ, നിങ്ങളുടെ ആ വീര്യം, സൂര്യനും ഓടുന്ന ദേവാശ്വങ്ങളുമെന്നപോലെ, നീണ്ട യോജന പിന്നിട്ടിരിയ്ക്കുന്നു: കുതിരകളെ കൊടുക്കാതിരുന്ന പർവതത്തെ നിങ്ങൾ പിളർത്തിയല്ലോ! 5
മരുത്തുക്കളേ, നിങ്ങളുടെ ഗണം പരിശോഭിയ്ക്കുന്നു: നിങ്ങൾ നീര്‍മുകിലിനെ തല്ലിത്തുള്ളിയ്ക്കുമല്ലോ; സമാനപ്രീതികളായ നിങ്ങൾ ധനം തേടുന്ന എന്നെ കണ്ണുപോലെ നല്ല വഴിയ്ക്കു കൊണ്ടുനടക്കുകയും ചെയ്യുന്നു! 6
മരുത്തുക്കളേ, നിങ്ങൾ യാതൊരു ഋഷിയെയോ രാജാവിനെയോ കർമ്മോന്മുഖനാക്കുമോ, അദ്ദേഹം തോല്ക്കില്ല; ഹനിയ്ക്കപ്പെടില്ല; ക്ഷീണനാകില്ല; സങ്കടപ്പെടില്ല; ഉപദ്രവിയ്ക്കപ്പെടില്ല. അദ്ദേഹത്തിന്റെ സമ്പത്തിന്നും രക്ഷയ്ക്കും ഇടിവു വരില്ല! 7
ഗ്രാമത്തെ ജയിയ്ക്കുന്ന മനുഷ്യര്‍പോലെയും അര്യമാദികൾ പോലെയുമുള്ള, അശ്വയുക്തരും ഈശ്വരന്മാരുമായ മരുത്തുക്കൾ വെള്ളംകൊണ്ടു കിണര്‍ നീറയ്ക്കുന്നു; ഇരമ്പുന്നു; മധുരജലംകൊണ്ടു മന്നിനെ കുതിർക്കുന്നു! 8
ഈ ഭൂമി മികവിൽ ചരിയ്ക്കുന്നു മരുത്തുക്കൾക്കായി പരക്കുന്നു; ദ്യോവു പരക്കുന്ന; അന്തരിക്ഷപഥങ്ങൾ പരക്കുന്നു; ക്ഷിപ്രപ്രദാനരായ പർവതങ്ങൾ പരക്കുന്നു. 9
മരുത്തുക്കളേ, കരുത്തുള്ള സർവനേതാകളായ – സ്വർഗ്ഗത്തിന്റെയും നേതാക്കളായ – നിങ്ങൾ, സൂര്യൻ ഉയർന്നുനില്ക്കുമ്പോളാണല്ലോ, മത്തുകൊള്ളുക: അപ്പോൾ നിങ്ങളുടെ പായുന്ന കുതിരകൾ കുഴയാറില്ല; നിങ്ങൾ ഉടയടി ഈ വഴിയുടെ അവസായത്തിലെത്തും! 10
മരുത്തുക്കളേ, നിങ്ങളുടെ ചുമലുകളിൽ ചുരികയും കാല്കളിൽ തളയും, മാറിൽ മണിമാലയും, തേരിൽ നീർത്തുള്ളികളും, കൈകളിൽ തിയ്യിന്നൊത്ത മിന്നലുകളും, തലയിൽ തങ്കത്തൊപ്പിയും വിളങ്ങുന്നു! 11
മരുത്തുക്കളേ, സഞ്ചാരികളായ നിങ്ങൾ അഹൃതതേജസ്കനായ സൂര്യനെക്കൊണ്ടു തെളിവെള്ളം: ചാറിയ്ക്കുന്നു കെല്പു പൂണ്ടു തുലോം തിളങ്ങുന്നു; വെള്ളത്തിന്നായി വമ്പിച്ച ഇരമ്പൽ കൂടുന്നു! 12
വിവിധപ്രജ്ഞരായ മരുത്തുക്കളേ, ഞങ്ങൾ നിങ്ങളില്‍നിന്നു ധനവും അന്നവും നേടി, തേരുടമകളാകണം! മരുത്തുക്കളേ സൂര്യൻ ആകാശത്തുനിന്നെന്നപോലെ കിഴിഞ്ഞുപോകാത്ത ധനം ആയിരക്കണക്കിൽ ഞങ്ങളിൽ വിളയാടട്ടേ! 13
മരുത്തുക്കളേ, നിങ്ങൾ സ്പൃഹണീയരായ വീരരോടുകൂടിയ ധനം നല്കുന്നു; നിങ്ങൾ സാമം പാടുന്ന ഋഷിയെ രക്ഷിയ്ക്കുന്നു; നിങ്ങൾ സേവകന്ന് അശ്വത്തെയും അന്നത്തെയും നല്കുന്നു; നിങ്ങൾ സുഖവാനായ രാജാവിനെ നല്കുന്നു! 14
ഉടനടി രക്ഷിയ്ക്കുന്ന മരുത്തുക്കളേ, യാതൊന്നുകൊണ്ടു ഞങ്ങൾ ആളുകളെ, സൂര്യൻപോലെ, പരത്തുമോ, ആ ധനം ഞാന്‍ നിങ്ങളോടു യാചിയ്ക്കുന്നു. നിങ്ങൾ എന്റെ ഈ സ്തുതിയിൽ കുതുകംകൊള്ളുവിൻ: ഇതിന്റെ ശക്തിയാൽ ഞങ്ങൾ ഒരു നൂറ്റാണ്ടു പിന്നിടുമാറാകണം! 15
[1] ഋത്വിക്കുകളോട്: പൃഷ്ഠയജ്വാക്കൾ – രഥന്തരാദികൾകൊണ്ടു യജിയ്ക്കുന്നവർ. ഉജ്ജ്വലാന്നന്മാർക്കു = തിളങ്ങുന്ന അന്നത്തോടുകൂടിയർവക്കു, മരുത്തുക്കൾക്ക്.
[3] കല്ലിന്‍കാതലിന്നൊത്ത – അതികഠിനങ്ങളായ.
[5] അഹൃതതേജസ്കര്‍ – ആരാലും അപഹരിയ്ക്കുപ്പെടാത്ത തേജസ്സുള്ളവര്‍. യോജന – നാലുനാഴിക വഴി; പത്തുനാഴിക വഴി എന്നും പകഷമുണ്ട്. പിന്നിട്ടിരിക്കുന്നു – വളരെ ദൂരത്തെത്തിയിരിയ്ക്കുന്നു എന്നർത്ഥം. കുതിരകളെ – പണികൾ അപഹരിച്ചു ഗുഹയിലൊളിപ്പിച്ച അശ്വങ്ങളെ.
[8] പരോക്ഷകഥനം: അര്യമാദികൾ – അര്യമാവു മുതലായ അദിതിപുത്രന്മാർ.
[9] പരക്കുന്നു – വിസ്താരപ്പെടുന്നു.
[10] സൂര്യൻ ഉയർന്നുനില്ക്കുമ്പോൾ – മധ്യാഹ്നത്തില്‍. മത്തുകൊള്ളുക – സോമം കടിയ്ക്കുക. അവസാനത്തില്‍ – യജ്ഞസ്ഥലത്ത്.
[13] സൂര്യന്‍ ആകാശം വിടാറില്ലല്ലോ; അതുപോലെ കിഴിഞ്ഞുപോകാത്ത – സുസ്ഥിരമായ.
[14] രാജാവിനെ – രാജ്യം ഭരിയ്ക്കാൻപോന്ന പുത്രനെ.
[15] സൂര്യനെപോലെ – സൂര്യന്‍ രശ്മികളെ പരത്തുന്നപോലെ. ഇത് – സ്തുതി. ഒരു നൂറ്റാണ്ടു പിന്നിടുമാറാകണം – ശതായുസ്സുകളായിത്തീരണം.