ശ്യാവാശ്വൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ: മരുത്തുക്കൾ ദേവത.
തിളങ്ങുന്ന ചുരികയും മാറിൽ മണിമാലയുമുള്ള പ്രയഷ്ടാക്കളായ മരുത്തുക്കൾ മഹത്തായ വയസ്സു വഹിയ്ക്കുന്നു; എളുപ്പത്തിൽ പൂട്ടാവുന്ന ശീഘ്രാശ്വങ്ങളാൽ കൊണ്ടാക്കപ്പെടുന്നു; ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 1
നിങ്ങൾ സ്വയം മഹത്തായ ബലത്തെ യഥേഷ്ടം വഹിയ്ക്കുന്നു; പെരിയ നിങ്ങൾ പരപ്പോടേ പരിശോഭിയ്ക്കുന്നു; നിങ്ങൾ ഓജസ്സുകൊണ്ട് അന്തരിക്ഷത്തിൽ വ്യാപിയ്ക്കുന്നു. ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 2
സുജാതരായ നേതാക്കൾ ഒപ്പം ജനിച്ചു; ഒപ്പം വെള്ളം പൊഴിച്ചു; ശ്രീയ്ക്കുവേണ്ടിത്തന്നേ, സൂര്യരശ്മികൾപോലെ ശോഭപൂണ്ട്, എങ്ങും തുലോം വളർന്നു. ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 3
മരുത്തുക്കളേ, നിങ്ങളുടെ മഹത്വം സ്തുത്യമാണ്; സൂര്യന്റെ രൂപംപോലെ ദർശനീയമാണ്. നിങ്ങൾ ഞങ്ങളെ അമൃതത്വത്തിൽ നിർത്തിയാലും! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 4
മരുത്തുക്കളേ, നിങ്ങൾ അന്തരിക്ഷത്തില്‍നിന്നു പുറപ്പെടുവിക്കുവിൻ – ജലാന്വിതരേ, നിങ്ങൾ മഴ പെയ്യുവിൻ: ദർശനീയരേ, നിങ്ങളുടെ ധേനുക്കൾക്കു കാവു വറ്റലില്ലല്ലോ! ആ ശുഭഗമനന്മാരെ തേരുകളും പിന്തുതുടരുന്നു. 5
മരുത്തുക്കളേ, നിങ്ങൾ പുള്ളിമാനുകളാകുന്ന കുതിരകളെ തേര്‍ മുമ്പിൽ പൂട്ടുന്നു; പൊന്നിന്‍ചട്ടയിടുന്നു; യുദ്ധമെല്ലാം തട്ടിനീക്കുന്ന! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 6
മരുത്തുക്കളേ, നിങ്ങളെ മലകളോ പുഴകളോ തടയില്ല: നിങ്ങൾ ഉദ്ദിഷ്ടസ്ഥലത്തെയ്ക്കു പോകുകതന്നെ ചെയ്യും. നിങ്ങൾ ദ്യാവാപൃഥിവികളിലെയ്ക്കും നടകൊള്ളുന്നു! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 7
വസുക്കളായ മരുത്തുക്കളേ, നിങ്ങൾ മുമ്പു ചെയ്തതും, ഇപ്പോൾ ചെയ്യുന്നതും, ഉയർത്തപ്പെടുന്നതും, പുകഴ്ത്തപ്പെടുന്നതും, യാതൊന്നോ; അതെല്ലാം നിങ്ങൾക്കറിയാം! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 8
മരുത്തുക്കളേ, ഞങ്ങളെ സുഖിതരാക്കുവിൻ; പീഡിപ്പിയ്ക്കരുത് – ഞങ്ങൾക്കു് അത്യധികമായ സുഖം തന്നരുളവിൻ. സ്തോത്രവും സഖ്യവും ഉൾക്കൊള്ളുവിൻ! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 9
മരുത്തുക്കളേ, സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങളെ സമ്പത്തിലെയ്ക്ക കൊണ്ടുപോകുവിന്‍; പാപങ്ങളിൽനിന്നു മോചിപ്പിയ്ക്കുവിന്‍; യജനീയരേ, ഞങ്ങൾ തരുന്ന ഹവിസ്സു കൈക്കൊള്ളുവിൻ ഞങ്ങൾ ധനത്തിന്റെ ഉടമകളായിത്തീരണം! 10
[1] പ്രയഷ്ടാക്കൾ = പ്രകർഷേണ യജിയ്ക്കുന്നവര്‍. വയസ്സ് – യൌവനം, അല്ലെങ്കിൽ അന്നം. കൊണ്ടാക്കപ്പെടുന്നു – ഉദ്ദിഷ്ടസ്ഥലത്ത്.
[2] പ്രത്യക്ഷോക്തി: ഒടുവിലെ വാക്യം പരോക്ഷം.
[4] അമൃതത്വം – സ്വർഗ്ഗം.
[5] പുറപ്പെടവിയ്ക്കുവിന്‍ – വൃഷ്ടിയെ. ധേനുക്കൾ – പൈക്കൾ, മേഘങ്ങൾ.
[9] സ്തോത്രവും സഖ്യവും ഉൾക്കൊള്ളുവിൻ – സ്തുതിയിൽ ശ്രദ്ധയിരുത്തി ഞങ്ങളുമായി സഖ്യംകൊള്ളുവിൻ.