വസുശ്രുതന്‍ ഋഷി; പംക്തി ഛന്ദസ്സ്; അഗ്നി ദേവത.
വസു യാവനൊരുത്തനോ; പൈക്കൾ യാവനൊരുത്തനാകുന്ന ഗൃഹത്തില്‍, ശീഘ്രഗാമികളായ അശ്വങ്ങൾ യാവനൊരുത്തനാകുന്ന ഗൃഹത്തില്‍, നിത്യം ഹവിസ്സൊരുക്കുന്നവര്‍ യാവനൊരുത്തനാകുന്ന ഗൃഹത്തിൽ അണയുന്നുവോ; ആ അഗ്നിയെ ഞാന്‍ സ്തുതിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 1
ആര്‍ വസുവെന്നു സ്തതിയ്കകപ്പെടുന്നുവോ; ആരെ പൈക്കളും കുതിച്ചോടുന്ന കുതിരകളും, സുജാതരായ സൂരികളും വഴിപോലെ പ്രാപിയ്ക്കുന്നുവോ; അവനത്രേ, അഗ്നി. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 2
വിശ്വദർശിയായ അഗ്നി മനുഷ്യന്ന് അന്നം കല്പിച്ചുകൊടുക്കും; ആ അഗ്നി പ്രസാദിച്ചാല്‍, ധനാർത്ഥിയ്ക്കു പാടേ പരന്ന വരണീയം കിട്ടിയ്ക്കും. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 3
അഗ്നേ, ദേവ, നിറമിയന്ന നിർജ്ജരനായ നിന്തിരുവടിയെ ഞങ്ങൾ ജ്വലിപ്പിയ്ക്കുന്നു: നിന്തിരുവടിയുടെ ആ സ്തുത്യമായ തിളക്കം വിണ്ണിൽ വിളങ്ങുമല്ലോ. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 4
തേജസ്സിന്റെ ഉടമയായ അഗ്നേ, പരിശുദ്ധനായ അങ്ങയ്ക്കു മന്ത്രപൂർവ്വം ഹവിസ്സു ഹോമിയ്ക്കുന്നു. നല്ല പൊന്നുള്ളവനേ, ദർശനീയ, പ്രജാപാലക, ഹവ്യയവാഹ, നിന്തിരുവടി സ്തോതാക്കാൾക്ക് അന്നം കൊണ്ടുവന്നാലും! 5
ആ അഗ്നികൾ അഗ്നികളിൽ എല്ലാദ്ധനവും തുലോം പോഷിപ്പിക്കുന്നു: അവര്‍ പ്രീണിപ്പിയ്ക്കുന്നു; അവര്‍ വ്യാപിയ്ക്കുന്നു; അവര്‍ ഇടവിടാതെ അന്നമിച്ഛിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 6
എവ പറന്നുകൊണ്ടു, കുളമ്പുള്ള പൈക്കൂട്ടത്തെ ഇച്ഛിയ്ക്കുന്നുവോ: അങ്ങയുടെ ആ ജ്വാലകൾ, കുതിരകൾ പോലെ തഴയ്ക്കുന്നു. അഗ്നേ, നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 7
അഗ്നേ, സ്തോതാക്കളായ ഞങ്ങൾക്കു നല്ല പാർപ്പിടത്തോടുകൂടിയ പുത്തനന്നം കല്പിച്ചു തന്നാലും: ഞങ്ങൾ ഗൃഹത്തിൽ ഗൃഹത്തിൽ പൂജിച്ചു, നിന്തിരുവടിയാകുന്ന ദൂതനെ കിട്ടിയവരാകണം. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 8
നല്ല പൊന്നുള്ളവനേ അവിടുന്നു രണ്ടു നൈച്ചട്ടുകം തിരുവായിലണയ്ക്കുന്നു. ഞങ്ങളെ യാഗങ്ങളിൽ പൂർണ്ണരാക്കുക. ബലത്തിന്റെ അധിപതേ, നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 9
ഇങ്ങനെ അഗ്നിയെ സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും ഇടവിടാതെ പ്രാപിയ്ക്കുന്നുഃ അവിടുന്നു ഞങ്ങളിൽ നല്ല വീര്യത്തെയും ശീഘ്രാശ്വങ്ങളെയും നിക്ഷേപിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 10
[1] അഗ്നി, ഗൃഹംപോലെ ആശ്രയഭൂതനാണ്. ഒടുവിലെ വാക്യം പ്രത്യക്ഷോക്തി:
[3] വരണീയം – ധനമെന്നർത്ഥം.
[6] ആ അഗ്നികൾ – ലൌകികാഗ്നികൾ. അഗ്നികളില്‍ – വൈദികാഗ്നികളില്‍.
[7] ഇച്ഛിയ്ക്കുന്നു – ഹോമത്തിന്ന്.
[8] കിട്ടിയവരാകണം – നിന്തിരുവടി ഞങ്ങൾക്കു ദൂതനായി വർത്തിയ്ക്കുമാറാകണം.
[10] പ്രാപിയ്ക്കുന്നു – അത്രിഗോത്രക്കാര്‍.