ആത്രേയന്‍ ശ്രുതവിത്ത് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: മിത്രാവരുണന്മാര്‍ ദേവത.
യാതൊന്നിൽ അശ്വങ്ങൾ മോചിപ്പിയ്ക്കപ്പെടുന്നുവോ; യാതൊന്നിൽ ആയിരം ഒന്നിച്ചു സ്ഥിതിചെയ്യുന്നുവോ; ദേവശരീരങ്ങളിൽ ശ്രേഷ്ഠം, യാതൊന്നോ; നിങ്ങളിരുവരുടെ ആ സൂര്യമണ്ഡലം ജലാച്ഛാദിതവും ശാശ്വതവുമാണെന്നു ഞാന്‍ കണ്ടിരിയ്ക്കുന്നു! 1
മിത്രാവരുണന്മാരേ, നിങ്ങളുടെ മഹത്ത്വം ശോഭനംതന്നെ: നിലച്ച വെള്ളത്തെ ദിവസങ്ങൾകൊണ്ടു കറക്കുന്ന സഞ്ചാരിയായ സവിതാവിന്റെ രശ്മികളെയെല്ലാം നിങ്ങൾ വളർത്തുന്നു; നിങ്ങളുടെ ഒറ്റത്തേര്‍ മുറയ്ക്കു ചുറ്റിനടക്കുന്നു! 2
മിത്രാവരുണന്മാരേ, ക്ഷിപ്രപ്രദാനരായ തമ്പുരാക്കന്മാരേ, നിങ്ങൾ തേജസ്സുകൊണ്ടു ഭൂവിനെയും ദ്യോവിനെയും താങ്ങുന്നു; ഓഷധികളെ തഴപ്പിയ്ക്കുന്നു; ഗോക്കളെ തടിപ്പിയ്ക്കുന്നു. അതിന്നായി മഴ പെയ്യിയ്ക്കുന്നു! 3
സുഖേന പൂട്ടി കടിഞാണ്‍ പിടിയ്ക്കപ്പെട്ട കുതിരകൾ നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ജലത്തിന്റെ രൂപം നിങ്ങളുടെ കൂടെയുണ്ടാവും; പണ്ടേത്തെപ്പുഴകളും അരികത്തണയും! 4
പുകൾപ്പെട്ടു രൂപത്തെ വളർത്തുന്നവരും, യജ്ഞത്തെ മന്ത്രമെന്നപോലെ ഭൂമിയെ രക്ഷിയ്ക്കുന്നവരും, അന്നവാന്മാരും, ബലവാന്മാരുമായ മിത്രാവരുണന്മാരേ, നിങ്ങൾ യാഗസ്ഥലത്തു പള്ളിത്തേരിലിരുന്നരുളുന്നു ! 5
പരമരക്ഷകരായ മിത്രാവരുണന്മാരേ, നിങ്ങൾ യാഗസ്ഥലത്ത് ആരെ പരിപാലിയ്ക്കുമോ, ആ സുകൃതിയിൽ തൃക്കൈകൾ പിശുക്കു പിടിയ്ക്കില്ല: തമ്പുരാക്കന്മാരായ നിങ്ങളിരുവരും ഒപ്പം പ്രസാദിച്ചു, ധനവും ആയിരം തൂണ്‍ഗൃഹവും കൊണ്ടുവരും! 6
ഇരിമ്പാണികളുള്ള പൊന്നൊളിപള്ളിത്തേര്‍ വാനത്തു മിന്നല്‍പോലെ വിളങ്ങുന്നു! നിലത്തു മെഴുക്കാർന്ന മംഗളക്ഷേത്രത്തിൽ തൂൺ നാട്ടിക്കഴിഞ്ഞു. പള്ളിത്തേരിന്‍മുകളിൽ നാം സോമം വെയ്ക്കുക.7
വരുണമിത്രന്മാരേ, നേരം പുലർന്നു സൂർയ്യനുദിയ്ക്കെ, നിങ്ങൾ ഇരിമ്പാണികളുള്ള പൊന്നൊളിത്തേരില്‍ക്കേറുന്നു; മുറിയാത്തതിനെയും മുറിഞ്ഞതിയനെയും തൃക്കണ്‍പാർക്കുന്നു! 8
ശോഭനദാനരേ, ഭുവനപാലകരേ, മുറിവില്ലാത്ത, മുറിയ്ക്കാവതല്ലാത്ത, മഹത്തരമായ സുഖം നല്കി, നിങ്ങൾ ഞങ്ങളെ രക്ഷിച്ചാലും; മിത്രാവരുണന്മാരേ, ധനം തേടുന്ന ഞങ്ങൾ വിജയൈഷികളായിത്തീരണം! 9
[1] അശ്വങ്ങൾ – മന്ദേഹരാക്ഷസരാല്‍. നിരുദ്ധങ്ങളായ സൂര്യാശ്വങ്ങൾ. മോചിപ്പിയ്ക്കപ്പെടുന്നുവോ – സ്തോതാക്കളാല്‍. ആയിരം – രശ്മിസഹസ്രം. നിങ്ങളീവരുടെ – മിത്രവരുണന്മാര്‍ വസിയ്ക്കുന്ന.
[2] നിലച്ച – ഒഴുകാതെനിന്ന. ദിവസങ്ങൾ-വർഷാകാലദിനങ്ങൾ.
[4] പുഴകളും അരികത്തണയും – നിങ്ങൾ വന്നാല്‍.
[5] യജ്ഞത്തെ മന്ത്രമെന്നപോലെ – മന്ത്രമാണല്ലോ, യാഗത്തെ രക്ഷിയ്ക്കുന്നത്.
[6] ആയിരംതൂണ്‍ഗൃഹം – ആയിരം തൂണുകളുള്ള ഗൃഹം. കൊണ്ടുവരും – ആ സുകൃതിയ്ക്കു കൊടുക്കാന്‍.
[7] വിളങ്ങുന്നു – മിത്രവരുണന്മാര്‍ തേരിൽ വരുന്നുണ്ട്. മെഴുക്ക് – നെയ്യും മറ്റും ഇറ്റിറ്റുവവീഴ്കയാല്‍. മംഗളക്ഷേത്രം – യജ്ഞസ്ഥലം. തൂണ്‍ – യൂപം.
[8] മുറിയാത്തതു – ഭൂമി; സമഷ്ടി. മുറിഞ്ഞതു – പ്രജകൾ; വ്യഷ്ടി.
[9] മുറിവില്ലാത്ത – നിരന്തരമായ. മുറിയ്ക്കാവതല്ലാത്ത – ശത്രുക്കൾക്ക്.