ആത്രേയന്‍ അർച്ചനാനസ്സ് ഋഷി; ജഗതി ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.
ഉദകപാലകരായ സത്യധർമ്മാക്കളേ, നിങ്ങൾ അത്യുന്നതമായ ആകാശത്തു പള്ളിത്തേരിൽ കേറുന്നു: മിത്രാവരത്രുണന്മാരേ, നിങ്ങൾ ഇവിടെ ആരെ രക്ഷിയ്ക്കുമോ, അവന്നു വാനില്‍നിന്നു പർജ്ജന്യന്‍ തേൻ പെയ്യും! 1
മിത്രാവരുണന്മാരേ, യാഗത്തിൽ സമ്രാട്ടുകളും സ്വർഗ്ഗദർശികളുമായ നിങ്ങളത്രേ, ഈ ഉലകിന്റെ ഉടമകൾ: നിങ്ങളോടു ഞങ്ങൾ മഴയും ധനവും മരണമില്ലായ്മയും യാചിയ്ക്കുന്നു. നിങ്ങളുടെ രശ്മികൾ വാനൂഴികളിൽ പാറുന്നു! 2
സമ്രാട്ടുകളും ബലിഷ്ഠരും വർഷിതാക്കളും വാനൂഴികളുടെ അധിപതികളും ദ്രഷ്ടാക്കളുമായ മിത്രാവരുണന്മാര്‍ മാനനീയരായ മേഘങ്ങളോടൊന്നിച്ചു സ്തോത്രത്തിന്നടുക്കൽ മേവുന്നു; പർജ്ജന്യന്റെ മിടുക്കിനാൽ വാനിനെക്കൊണ്ടു മഴയും പെയ്യിയ്ക്കുന്നു! 3
മിത്രാവരുണന്മാരേ, വാനിലുണ്ട്, നിങ്ങളുടെ മിടുക്ക്: സൂര്യന്‍ തിളങ്ങിക്കൊണ്ട്, ഒരു മഹനീയായുധമായി ചുറ്റി നടക്കുന്നു; അവനെ നിങ്ങൾ മേഘവൃഷ്ടികൊണ്ടു വാനിൽ മൂടുന്നു; ഹേ പർജ്ജന്യ, ഭവാന്‍ തേൻതുള്ളികൾ ഉതിർക്കുന്നു! 4
മിത്രാവരുണന്മാരേ, മരുത്തുക്കൾ വെള്ളത്തിന്നായി, ഒരു ശൂരനെന്നപോലെ സുഖമായ തേര്‍ പൂട്ടുന്നു; ജലം തേടിക്കൊണ്ടു, വിചിത്രലോകങ്ങളിൽ പരന്നു സഞ്ചരിയ്ക്കുന്നു; തമ്പുരാക്കന്മാരേ, നിങ്ങൾ വാനത്തുനിന്നു വെള്ളംകൊണ്ടു ഞങ്ങളെ നനയ്ക്കുവിന്‍! 5
മിത്രാവരുണന്മാരേ, പർജ്ജന്യൻ അന്നോല്‍പാദകവും ദീപ്തിമത്തുമായ വിചിത്രവാക്യം ഉച്ചരിയ്ക്കുന്നു; മരുത്തുക്കൾ മിടുക്കാൽ മുകിലുടക്കുന്നു. നിങ്ങൾ അനുകൂലമായ തുടുവാനിനെക്കൊണ്ടു മഴ പെയ്യിയ്ക്കുവിൻ. 6
മിത്രാവരുണന്മാരേ, വിബുധന്മാരേ, നിങ്ങൾ ധർമ്മംകൊണ്ടു കർമ്മങ്ങൾ രക്ഷിയ്ക്കുന്നു; പർജ്ജന്യന്റെ മിടുക്കുകൊണ്ടു പാരിനെയെല്ലാം നീരാടിയ്ക്കുന്നു; പൂജനീയനായ സൂര്യനെയും സഞ്ചരിപ്പാൻ ആകാശത്തു നിർത്തിയിരിയ്ക്കുന്നു! 7