ആത്രേയന്‍ സപ്തവധ്രി ഋഷി; ഉഷ്ണിക്കും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
അശ്വികളേ, നിങ്ങൾ ഇങ്ങോട്ടു വരുവിൻ: നാസത്യരേ, ഇച്ഛവിടരുത്; രണ്ടരയന്നങ്ങൾപോലേ, സോമനീരിനടുക്കൽ പറന്നെത്തുവിന്‍! 1
അശ്വികളേ, പുൽനിലത്തു രണ്ടു മാനുകളും രണ്ടു ഗൌരങ്ങളുമെന്നപോലെയും, രണ്ടരയന്നങ്ങൾപോലെയും നിങ്ങൾ സോമനീരിന്നടുക്കൽ പറന്നെത്തുവിൻ! 2
അന്നധനരായ അശ്വികളേ, നിങ്ങൾ അഭീഷ്ടത്തിന്നായി യജ്ഞത്തിലണയുവിൻ – രണ്ടരയന്നങ്ങൾപോലേ, നിങ്ങൾ സോമനീരിന്നടുക്കൽ പറന്നെത്തുവിന്‍! 3
അശ്വികളേ, ഉമിത്തിയ്യില്‍നിന്നൊഴിഞ്ഞ അത്രി, അപേക്ഷിയ്ക്കുന്ന ഒരു സ്ത്രീപോലെ, നിങ്ങളെ സ്തുതിച്ചുവല്ലോ. നിങ്ങൾ പരുന്തിന്റെ പ്രഥമവേഗത്തോടേ, അതിസുഖമാംവണ്ണും വന്നുചേർന്നാലും! 4
മരമേ, നീ, പെറാൻ തുടങ്ങുന്നവളുടെ യോനിപോലെ വിടർന്നാലും: അശ്വികളേ, നിങ്ങൾ എന്റെ വിളി കേൾക്കുവിൻ; സപ്തവധ്രിയെ വിടുവിയ്ക്കുവിൻ! 5
അശ്വികളേ, പേടിച്ചപേക്ഷിയ്ക്കുന്ന ഋഷിയായ സപ്തവധ്രിയ്ക്കുവേണ്ടി നിങ്ങൾ മായയാൽ മരത്തിന്നടുക്കൽ വരുവിന്‍; തുറക്കുകയും ചെയ്യുവിന്‍! 6
കാറ്റ് കൊക്കരണിയെ പാടേ ഇളക്കുമല്ലോ അപ്രകാരം, നിന്റെ ഗർഭം ചലിയ്ക്കുട്ടേ; പത്തുമാസം ചെന്നാൽ പുറത്തെയ്ക്കു പോരട്ടേ! 7
കാറ്റ് കാടിനെയും കടലിനെയും ഇട്ടുലയ്ക്കുമല്ലോ; അപ്രകാരം പത്തുമാസം കഴിച്ചിട്ടു നീ ജരായുവോടുകൂടി പുറത്തെയ്ക്കു പോരിക! 8
പത്തുമാസം അമ്മയുടെ വയറ്റിൽ കിടന്ന കുട്ടിയായ ജീവിപരിക്കുപറ്റാതെ ജീവനോടേ പുറത്തു പോരട്ടെ; അമ്മയും ജീവിയ്ക്കട്ടെ! 9
[2] ഗൌരങ്ങൾ – ഒരുതരം മാനുകൾ.
[4] സ്ത്രീപോലെ – ഹർഷിച്ചുകൊണ്ടെന്നർത്ഥം. പ്രഥമവേഗം = ഒന്നാമത്തെ ഗതിവേഗം.
[5] സപ്തവധ്രിയെ രാത്രിതോറും ഭാര്യാവിയുക്തനാക്കാന്‍ വൈരികളായ ജ്യേഷ്ഠന്മാര്‍ പിടിച്ച് ഒരു പെട്ടിയിൽ കിടത്തി, പൂട്ടും; നേരം പുലർന്നാൽ തുറന്നു പുറത്തു വിട്ടിട്ട്, ഉപദ്രവിയ്ക്കുകയും ചെയ്യും! അങ്ങനെ അത്യന്തം വലഞ്ഞ സപ്തവധ്രി പെട്ടിയിൽ കിടക്കെ, അതിനോടപേക്ഷിയ്ക്കുന്നു: മരമേ – ഹേ പെട്ടി.
[6] മായയാൽ – ആരും കാണാതെ. ഈ സ്തൂതിയാൽ പ്രസാദിച്ച് അശ്വികൾ സപ്തവധ്രിയെ പെട്ടിയില്‍നിന്നു പുറത്താക്കി, മറഞ്ഞു.
[7] പിന്നീടു സപ്തവധ്രി ഭാര്യയുടെ ശീഘ്രപ്രസവത്തിന്നായി അശ്വികളെ സ്തൂതിച്ചതാണ്, ഇതുമുതൽ മൂന്നൃക്കുകൾ. നിന്റെ – ഭാര്യയുടെ.
[8] ഗർഭത്തോടു പറയുന്നു: ജരായു = മറുപിള്ള.
[9] അമ്മയും ജീവിയ്ക്കട്ടെ – അതിന്ന്, അശ്വികളേ, നിങ്ങൾ അനുഗ്രഹിപ്പിൻ!