ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അഗ്നി ദേവത.
ആഹ്ലാദിപ്പിയ്ക്കുന്നവനും ദിവ്യനും തീരെ നിർദ്ദോഷനുമായ അഗ്നിയെ നിങ്ങൾ നിർബാധമായി നടക്കുന്ന യജ്ഞത്തിൽ മുൻനിർത്തുവിൻ – ഉക്ഥങ്ങൾകൊണ്ടും മുൻനിർത്തുവിൻ: ആ സ്ഫീതരോചിസ്സായ ജാതവേദസ്സു നമ്മുടെ യജ്ഞത്തെ ശോഭനമാക്കുമല്ലോ!1
ദീപ്തിമൻ, ബഹുസേന, ഹോതാവേ, അഗ്നേ, അവിടുന്ന് അഗ്നികളോടൊപ്പം ഉജ്ജ്വലിച്ചു, മനുഷ്യന്റെ സ്തോത്രം കേട്ടാലും: തെളിനെയ്യുപോലെ സുഖകരമായ ഇതു തന്തിരുവടിയ്ക്കായി മനനശീലർ മമതയെന്നപോലെ വെടുപ്പിൽ ചൊല്ലുന്നു!2
അഗ്നിയ്ക്കു യാതൊരു മേധാവി സ്തുതിച്ചുംകൊണ്ടു നല്കുമോ, അവൻ മനുഷ്യരിൽവെച്ചു പ്രവൃദ്ധാന്നനാകും; അവനെ ചിത്രഭാനു വിചിത്രരക്ഷകൾകൊണ്ടു പൈത്തൊഴുത്തിന്നുടമയാക്കും!3
യാതൊരു കൃഷ്ണവർത്മാവു പിറപ്പിൽത്തന്നേ, അകലെക്കാണാവുന്ന കാന്തികൊണ്ടു വാനൂഴികളെ നിറച്ചുവോ, ആ പാവകൻ പെരുത്ത രാവിരുട്ടിനെപ്പോലും പ്രഭകൊണ്ടു തട്ടിനീക്കി പ്രകാശിയ്ക്കുന്നു! 4
അഗ്നേ, അവിടുന്നു ഹവിസ്സമ്പന്നരായ ഞങ്ങൾക്കു്, അന്നമേറിയ രക്ഷകളോടേ, പൂജനീയമായ ധനം ചിക്കെന്നു തന്നരുളിയാലും – അർത്ഥംകൊണ്ടും അന്നംകൊണ്ടും നല്ല വീര്യംകൊണ്ടും അന്യരെ കവിച്ചുനിന്നു കീഴമർത്തുന്നവരെയും!5
അഗ്നേ, അങ്ങയ്ക്കായി ഹവിഷ്മാൻ ഇരുന്നു ഹോമിക്കുന്ന ഈ യാഗാന്നം, കൊതിപൂണ്ട ഭവാൻ അകത്താക്കിയാലും; ഭരദ്വാജരുടെ നിരവദ്യമായ സ്തുതിയും അകത്താക്കിയാലും. അവരെ അന്നലബ്ധിയ്ക്കായി രക്ഷിച്ചാലും!6
അങ്ങു് വിദ്വേഷികളെ ആട്ടിപ്പായിയ്ക്കണം; അന്നം വർദ്ധിപ്പിയ്ക്കണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കട്ടെ!7
[1] ഋത്വിക്കുകളോട്: സ്ഫീതരോചിസ്സ് = തേജസ്സേറിയവൻ.
[2] സേനയ്ക്കു ജ്വാല എന്നർത്ഥം. അഗ്നികൾ – സ്വന്തം അവയവങ്ങളായ മറ്റഗ്നികൾ. തെളിനെയ്യുപോലെ – അഗ്നിയ്ക്കു തുലോം പ്രിയപ്പെട്ടതാണല്ലോ, നെയ്യ്. ഇതു – സ്തോത്രം. മമത – ദീർഗ്ഘതമസ്സ് എന്ന ഋഷിയുടെ അമ്മ.
[3] നല്കുമോ – ഹവിസ്സ്. ചിത്രഭാനു = അഗ്നി. ഉടമയാക്കും – വളരെ ഗോക്കളെ കൊടുക്കും.
[5] അർത്ഥം = ധനം. കീഴമർത്തുന്നവരെയും – ശത്രുക്കളെ കീഴമർത്തുന്ന പുത്രന്മാരെയും തന്നരുളിയാലും.
[6] യാഗാന്നം – ഹവിസ്സ്.
[7] അന്നം – ഞങ്ങളുടെ.