ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.
കറുത്ത രാവും വെളുത്ത പകലും സ്വസ്വപ്രവൃത്തികളോടേ വാനൂഴികളിൽ ചുറ്റുന്നു. വൈശ്വാനരാഗ്നി, ഒരരചൻപോലെ ആവിർഭവിച്ചു തേജസ്സിനാൽ ഇരുട്ടുകളെ അറുതിപ്പെടുത്തുന്നു!1
ജനപ്രവർത്തകർ യാതൊന്നു നെയ്തുണ്ടാക്കുന്നുവോ, ആ നൂലും ഊടും എനിയ്ക്കറിഞ്ഞുകൂടാ. ഇവിടെ ആരുള്ളു, അങ്ങിരിയ്ക്കുന്നവന്റെ ഇങ്ങിരിയ്ക്കുന്ന അച്ഛൻ അരുളേണ്ടുന്നവ പറഞ്ഞുതരാൻ?2
തന്തിരുവടിയ്ക്കേ ഈ നൂലും ഊടും അറിഞ്ഞുകൂടൂ; അവിടുന്നു, വേണ്ടപ്പോളൊക്കെ അരുളിച്ചെയ്യും, അരുളിച്ചെയ്യേണ്ടുന്നവ: താഴേ സഞ്ചരിയ്ക്കുന്നവനും, മീതെ മറ്റൊരു രൂപം പൂണ്ട് ഇതൊക്കെ തൃക്കൺപാർത്തറിയുന്നവനുമാണല്ലോ, അമൃതപാലകനായ തന്തിരുവടി!3
ഒന്നാമത്തെ ഹോതാവാണിത്: നോക്കുവിൻ, ഇദ്ദേഹത്തെ. ഈ അമൃതമായ ജ്യോതിസ്സു മർത്ത്യരിൽ വർത്തിയ്ക്കുന്നു. ഈ സുസ്ഥിരനായ സർവവ്യാപി അമർത്ത്യനെങ്കിലും ഉടൽപൂണ്ട് അവതരിയ്ക്കുന്നു; വളരുകയും ചെയ്യുന്നു!4
നിശ്ചലമായ മനസ്സിനെക്കാൾ വേഗമുള്ള ജ്യോതിസ്സ് ജംഗമങ്ങളുടെ ഉള്ളിൽ ദർശനത്തിന്നായി വെയ്ക്കപ്പെട്ടിരിക്കുന്നു; ദേവകളെല്ലാം ഒരേമനസ്സോടും ഒരേ പ്രജ്ഞയോടുംകൂടി ഏകനായ കർത്താവിനെ വഴിപോലെ പ്രാപിയ്ക്കകയും ചെയ്യുന്നു.5
എന്റെ ചെവികളും, കണ്ണുകളും, ഹൃദയത്തിൽ വെയ്ക്കപ്പെട്ടിട്ടുള്ള ഈ ജ്യോതിസ്സും പലമട്ടിൽപ്പായുന്നു; ദൂരഭാവനമായ എന്റെ മനസ്സും പലമട്ടിൽ പെരുമാറുന്നു. ഞാൻ എന്തു പറയേണ്ടു? ഇപ്പോൾ എന്തു ചിന്തിയ്ക്കേണ്ടു?6
അഗ്നേ, ഇരുളിലിരിയ്ക്കുന്ന നിന്തിരുവടിയെ ദേവകളെല്ലാം ഭയംമൂലം നമസ്കരിച്ചുപോരുന്നു. അമർത്ത്യനായ വൈശ്വനരൻ നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ – നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ!7
[1] ദിനരാത്രിപ്രവർത്തനം വൈശ്വാനരാഗ്നിയുടെ ആജ്ഞയാലാണെന്ന്.
[2] യജ്ഞത്തിന്നു വസ്ത്രത്വം കല്പിച്ചിരിക്കുന്നു: അങ്ങിരിയ്ക്കുന്നവന്റെ – സൂര്യന്റെ. ഇങ്ങിരിക്കുന്ന അച്ഛൻ – അഗ്നി. അഗ്നിയ്ക്കേ ഇതുപദേശിയ്ക്കാൻ ത്രാണിയുള്ളു. അഗ്നിയുടെ പുത്രനാണു് സൂര്യൻ എന്നും പ്രമാണാന്തരമുണ്ട്. പ്രപഞ്ചമാകുന്ന വസ്ത്രത്തിന്റെ നിർമ്മാണം ദുർജ്ഞേയമാണെന്നും വ്യാഖ്യാനിയ്ക്കാം.
[3] താഴേ സഞ്ചരിയ്ക്കുന്നവൻ – പാർത്ഥിവാഗ്നിരൂപൻ. മീതേ മറ്റൊരു രൂപം പൂണ്ട് – സൂര്യാത്മാവായി. ഇതൊക്കെ – ജഗത്തെല്ലാം.
[4] ഒന്നാമത്തെ – മനുഷ്യൻ രണ്ടാമത്തെ ഹോതാവാണ്. ആളുകളോട് പറയുന്നതാണിത്.
[5] ദർശനം – ജ്ഞാനം. ജ്യോതിസ്സിന്നു ബ്രഹ്മചൈതന്യമെന്നും, ദേവകൾക്കു് ഇന്ദ്രിയങ്ങളെന്നും അർത്ഥം കല്പിച്ച്, ആധ്യാത്മികമായും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്.
[6] ജ്യോതിസ് – ബുദ്ധിതത്ത്വം. വൈശ്വാനരന്റെ ഗുണങ്ങൾ കേൾപ്പാനും, രൂപഭംഗികൾ കാണാനും, അദ്ദേഹത്തെ അറിയാനും ഞാൻ വെമ്പൽപ്പെടുന്നു. ദൂരഭാവനം – ദൂരസ്ഥവസ്തുവിനെ ഭാവനം ചെയ്യുന്നത്.
[7] ഭയംമൂലം – ഇരുളിനെ പേടിച്ച്. അനന്തരവാക്യം പരോക്ഷം: