ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നേ, ഹോതാവേ, മികച്ച യഷ്ടാവായ ഭവാൻ ഇപ്പോൾ പ്രാർത്ഥന കൈക്കൊണ്ടു യജ്ഞത്തിൽ ദേവഗണത്തെ യജിച്ചാലും; മിത്രൻ, വരുണൻ, അശ്വികൾ, ദ്യാവാപൃഥിവികൾ എന്നിവരെയും ഞങ്ങളുടെ യാഗത്തിന്നു കൊണ്ടുവന്നാലും!1
അഗ്നേ, അതീവ സ്തുത്യനും ഞങ്ങളെ ദ്രോഹിയ്ക്കാത്തവനും ദേവനുമായ ഭവാൻ മനുഷ്യരുടെ ഇടയിൽ യാഗത്തിന്നു ഹോതാവാകുന്നു. തിരുമുഖമായ പരിപാവനജ്വാലകൊണ്ടു, വഹ്നിയായ ഭവാൻ സ്വന്തം ദേഹത്തെയും യജിച്ചാലും!2
അംഗിരസ്സുകളിൽവെച്ചു മികച്ച സ്തോതാവായ മേധാവി യാഗത്തിൽ മത്തുപിടിപ്പിയ്ക്കുന്ന ഛന്ദസ്സു ചൊല്ലുന്നതെപ്പൊഴോ; അപ്പോൾ ധന്യയായ സ്തുതി, തിരുവവതാരം പാടുന്ന ദേവയഷ്ടാവിന്നുവേണ്ടി അങ്ങനെ കാമിയ്ക്കുന്നു!3
പരിണതപ്രജ്ഞൻ ഒളിതിങ്ങി വിളങ്ങുന്നു: യാതൊരു ശോഭനാന്നനെ, മനുഷ്യനെയെന്നപോലെ, പഞ്ചജനങ്ങൾ ഹവ്യം നല്കി, ഹവിസ്സാടിയ്ക്കുന്നുവോ; അഗ്നേ, ആ നിന്തിരുവടി വിശാലകളായ ദ്യാവാപൃഥിവികളെ യജിച്ചാലും!4
ഹവിസ്സോടുകൂടി അഗ്നിയുടെ അടുക്കൽ ദർഭ മുറിയ്ക്കുക; നിരവദ്യമായ നൈസ്രുവം കൊണ്ടുവെയ്ക്കുക; ഭൂമിയുടെ സ്ഥാനത്തു വേദിയിൽ ചെല്ലുക – ഇത്രയുമായാൽ, യജ്ഞം (യഷ്ടാവിനോടു), തേജസ്സ സൂര്യനോടെന്നപോലെ ചേരും.5
ബഹുസേന, ഹോതാവേ, അഗ്നേ, അങ്ങ് അഗ്നിദേവന്മാരോടൊപ്പം കത്തിജ്ജ്വലിച്ചു, ഞങ്ങൾക്കു സമ്പത്തു തന്നാലും: ബലത്തിന്റെ മകനേ, പുതപ്പിയ്ക്കുന്ന ഞങ്ങൾ പരിപന്ഥിയെ എന്നപോലെ പാപത്തെയും പിന്നിടുമാറാകണം!6
[1] പ്രാർത്ഥന – ഞങ്ങളുടെ.
[2] ദ്രോഹിയ്ക്കാത്തവൻ – സ്നേഹിയ്ക്കുന്നവൻ എന്നർത്ഥം. തിരുമുഖം – ദേവന്മാരുടെ മുഖം. വഹ്നി – ഹവിർവാഹി. സ്വന്തം ദേഹം – സ്വിഷ്ടകൃത്ത് എന്ന സ്വശരീരം.
[3] മേധാവി – ഭരദ്വാജൻ, ഞാൻ. ഛന്ദസ്സ് – സ്തോത്രം. തിരുവവതാരം – അങ്ങയുടെ ജനനം. ദേവയഷ്ടാവ് – യജമാനൻ.
[4] പരിണതപ്രജ്ഞൻ = ബുദ്ധിയ്ക്കു പരിപാകം വന്നവൻ, അഗ്നി. അവശിഷ്ടം പ്രത്യക്ഷോക്തി: മനുഷ്യൻ – അതിഥി. പഞ്ചജനങ്ങൾ – ഋത്വിൿപ്രഭൃതികൾ. ഹവിസ്സാടിയ്ക്കുക – ഹവിസ്സുകൊണ്ടഭിഷേകംചെയ്യുക.
[5] നൈസ്രുവം = ഘൃതം നിറച്ച സ്രുക്ക്.
[6] അഗ്നിദേവന്മാർ – മറ്റഗ്നികൾ. പുതപ്പിയ്ക്കുന്ന – അങ്ങയെ ഹവിസ്സുകൊണ്ടു മൂടുന്ന. പരിപന്ഥി = ശത്രു.