ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്ര, യാതൊരു ധനം പടകളിൽ പറ്റലരെ, സൂര്യൻ ഭുവനങ്ങളെയെന്നപോലെ, കെല്പുകൊണ്ടു കീഴടക്കുമോ, അതിനെ – കൃഷിനിലങ്ങളുള്ളവനും ആയിരം കെട്ടിവെയ്ക്കുന്നവനുമായ അരിന്ദമനെ – ബലസൂനോ, ഭവാൻ ഞങ്ങൾക്കു തന്നാലും!1
ഇന്ദ്ര, ഋജീഷിൻ, അങ്ങയ്ക്കു, സൂര്യന്നെന്നപോലെ, വിപുലമായ യഥാർത്ഥബലം സ്തോതാക്കളാൽ ഉളവാക്കപ്പെട്ടു: ഇതുകൊണ്ടാണല്ലോ, ഭവാൻ വിഷ്ണുവിനോടൊന്നിച്ചു, ജലങ്ങളെ മറച്ച അഹിയായ വൃത്രനെ വധിച്ചതു്!2
നിഹന്താവും, ഓജിഷ്ഠനും, ബലവാനെക്കാൾ ബലവാനും, സ്തുതിയ്ക്കപ്പെട്ടവനും, തേജസ്സു തഴച്ചവനുമായ ഇന്ദ്രൻ പുരികങ്ങളെല്ലാം പിളർത്തുന്ന (വജ്രം) കൈവന്നതോടേ, സോമത്തേനിന്റെ സ്വാമിയായി!3
ഇന്ദ്ര, ഈ യുദ്ധത്തിൽ, മേധാവിയായ ഹവിസ്സമൃദ്ധങ്കൽനിന്നു പണികൾ നൂറുനൂറോടേ പാഞ്ഞുപോയി; അങ്ങ് ശേഷി തികഞ്ഞ ശുഷ്ണന്റെ മായകളെ ആയുധങ്ങൾകൊണ്ടു മുച്ചൂടും മുടിച്ചു; കൊറ്റും ഒരിറ്റു ബാക്കിവെച്ചില്ല!4
വജ്രമേറ്റതോടെ ശുഷ്ണൻ നടകൊണ്ടു! ആ പെരുംദ്രോഹിയുടെ പടയുമൊക്കെ പായിയ്ക്കപ്പെട്ടു. പിന്നീട് ഇന്ദ്രൻ സാരഥിയ്ക്കു, സൂര്യനോടെതിർപ്പാൻ പോന്ന ഒരു തേർ കല്പിച്ചുകൊടുത്തു.5
പരുന്തും മത്തുണ്ടാക്കുന്ന സോമം തന്തിരുവടിയ്ക്കു കൊണ്ടുവന്നു. അവിടുന്നു മുടിയനായ നമുചിയുടെ തല ചതച്ച്, ഉറങ്ങുന്ന സപപുത്രനായ നമിയെ രക്ഷിച്ചു; അക്ഷയമായ സമ്പത്തും അന്നവും കല്പിച്ചു കൊടുക്കുകയുംചെയ്തു!6
വജ്രപാണേ, അവിടുന്നു കൊല്ലുന്ന മായകളുള്ള പിപ്രുവിന്റെ ഉറപ്പുറ്റ പുരികൾ ബലത്താൽ പിളർത്തി; ശോഭനദാന, അവന്റെ അധൃഷ്യമായ ധനം ഹവിസ്സർപ്പിച്ച ഋജിശ്വാവിന്നു നല്കുകയുംചെയ്തു!7
വേണ്ടുന്ന സുഖങ്ങൾ നല്കുന്ന ആ ഇന്ദ്രൻ പെരുംചതിയനായ വേതസുവിനെയും, ദശോണിയെയും, തൂതുജിയെയും, തുഗ്രനെയും, ഇഭനെയും, മകനെ അമ്മയ്ക്കെന്നപോലെ, ദ്യോതനന്ന് എന്നെയ്ക്കുമായി കീഴ്പെടുത്തി!8
തൃക്കയ്യിൽ വൃത്രഘാതിയായ വജ്രമെടുക്കുന്ന എതിരറ്റ ഇന്ദ്രൻ വൈരികളെ വധിയ്ക്കുന്നു; ഒരു യോദ്ധാവു തേരിലെന്നപോലെ, ഇരുഹരികളിൽ കേറുന്നു: വാക്കാൽ പൂട്ടപ്പെടുന്ന അവ ആ മഹാനെ വഹിയ്ക്കുന്നു. 9
ഇന്ദ്ര, അങ്ങയുടെ രക്ഷയാൽ ഞങ്ങൾക്കു പുതുതു കിട്ടുമാറാകണം! മനുഷ്യർ ഇങ്ങനെ യജ്ഞംകൊണ്ടു സ്തുതിയ്ക്കുന്നു: വിധ്വംസകരെ വധിച്ചു, പുരുകുത്സന്നു ധനം കൊടുത്ത ഭവാൻ ശരത്ത് എന്നവന്റെ ഏഴു പുരികൾ വജ്രംകൊണ്ടു പിളർത്തിയല്ലോ!10
ഇന്ദ്ര, ധനേച്ഛയാൽ വളർത്തുന്ന പുരാതനനായ അവിടുന്നു നവവാസ്ത്വനെ നിഹനിച്ചു, കവിപുത്രനായ ഉശനസ്സിന്റെ മകനെ, ആ മഹാനായ അച്ഛന്നു വീണ്ടുകൊടുത്തു!11
ഇന്ദ്ര, വിറപ്പിയ്ക്കുന്ന ഭവാൻ ധുനിയാൽ നിരോധിക്കപ്പെട്ട ജലങ്ങളെ, നദികളെപ്പോലെ ഒഴുകാൻ വിട്ടു. ശൂര, അങ്ങ് സമുദ്രത്തിന്റെ മറുകരയിൽ ചെന്നു തുർവശനെയും യദുവിനെയും സുഖേന കടത്തി!12
ഇന്ദ്ര, യുദ്ധത്തിൽ അതെല്ലാം അങ്ങയെടെതന്നെ: അങ്ങ് ധുനിയെയും ചുമുരിയെയും കിടത്തിയുറക്കിയല്ലോ; അങ്ങയ്ക്കായി സോമം പിഴിഞ്ഞ, ചമത കൊണ്ടുവന്ന, ഹവിസ്സു പചിച്ച ദഭീതി ഉജ്ജലിയ്ക്കയുമായി!13
[1] ധനം – പുത്രൻ.
[2] സ്തോതാക്കളാൽ – സ്തുതിയാലത്രേ, ദേവതയ്ക്കു ബലമുണ്ടാകുന്നത് അഹി – വൃത്രന്റെ മറ്റൊരു പേർ; വന്നു ഹനിയ്ക്കുന്നവൻ എന്നു ശബ്ദാർത്ഥം.
[3] സോമത്തേൻ – മധുരമായ സോമരസം.
[4] ഹവിസ്സമൃദ്ധൻ – കുത്സൻ. പണികൾ – അസുരന്മാർ. നൂറുനൂറോടേ – ശതശതസൈന്യങ്ങളോടുകൂടി. കൊറ്റും – ശുഷ്ണന്റെ സ്വത്തും നിശ്ശേഷം കീഴടക്കി.
[5] നടകൊണ്ടു – മരണത്തിലെയ്ക്കു്. സാരഥി – കുത്സൻ: ശുഷ്ണയുദ്ധത്തിൽ ഇന്ദ്രന്നു കുത്സനായിരുന്നു, സൂതൻ.
[6] പരുന്ത് – സുപർണ്ണൻ. നമി – ഒരൃഷി.
[7] ഋജിശ്വാവ് – ഒരു രാജാവ്.
[8] വേതസു തുടങ്ങി അഞ്ചുപേരും അസുരന്മാർ. ദ്യോതനൻ – ഒരു രാജാവ്.
[10] പുതുത് – പുതിയ ധനം. വിധ്വംസകർ – കർമ്മം മുടിയ്ക്കുന്ന ശത്രുക്കൾ. പുരുകുത്സൻ – ഒരു രാജാവ്. ശരത്ത് – ഒരസുരൻ.
[11] വളർത്തുന്ന – സ്തോതാക്കളെ. നവവാസ്ത്വൻ – ഒരസുരൻ. മകനെ യുദ്ധത്തിൽ അസുരന്മാർ പിടിച്ചുവെച്ചിരിയ്ക്കയായിരുന്നു.
[12] വിറപ്പിയ്ക്കുന്ന – ശത്രുക്കളെ. ധുനി – അസുരൻ; അവനെ കൊന്നു ജലനിരോധം നീക്കി.
[13] അത് – കർമ്മം. കിടത്തിയുറക്കുക – കൊല്ലുക. ദഭീതി എന്ന രാജാവിന്നുവേണ്ടിയത്രേ, ഇന്ദ്രൻ ധുനി – ചുമുരികളെ കൊന്നത്.