ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
വീര, വളരെയെണ്ണം വാഞ്ഛിയ്ക്കുന്ന സ്തോതാവിന്റെ ഈ ശ്ലാഘ്യസ്തുതികൾ ആഹ്വാതവ്യനും രഥസ്ഥനും അജരനും അതിനൂതനനുമായ നിന്തിരുവടിയെ വിളിയ്ക്കുന്നു; പുകഴ്ത്തപ്പെടേണ്ടുന്ന ഒരു വിഭൂതിയായ ധനം ഉപഗമിയ്ക്കുകയും ചെയ്യുന്നു.1
വിദ്വാനും, സ്തോത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനും, യജ്ഞങ്ങൾകൊണ്ടു വളർന്നവനുമായ ഇന്ദ്രനെത്തന്നെ ഞാൻ പാടിപ്പുകഴ്ത്തുന്നു: വിണ്ണിനെയും മന്നിനെയും വലുപ്പംകൊണ്ടു കവിച്ചതാണല്ലോ, ആ പുരുപ്രജ്ഞന്റെ മഹത്വം!2
തന്തിരുവടിതന്നെയാണല്ലോ, പരത്തപ്പെട്ട വെളിവില്ലാക്കൂരിരുട്ടിനെ സൂര്യനെക്കൊണ്ടു വെളിവുറ്റവാക്കിച്ചത്! ബലവാനേ, അമൃതനായ നിന്തിരുവടിയുടെ ഇരിപ്പിടത്തെ യജിപ്പാനിച്ഛിയ്ക്കുന്ന മനുഷ്യർ ഒരിയ്ക്കലും ഹിംസയിൽ ഏർപ്പെടില്ല!3
അതൊക്കെ ചെയ്ത ഇന്ദ്രൻ ഇപ്പോൾ എവിടെയാണ്? ഏതു രാജ്യത്ത്, ഏതാളുകളിൽ, സഞ്ചരിയ്ക്കുന്നു? ഇന്ദ്ര, എന്തു യജ്ഞമാണ്, അങ്ങയ്ക്കു മനസ്സുഖമുണ്ടാക്കുക? എന്തൊരു മന്ത്രത്തെ, ഏതൊരു ഹോതാവിനെ അങ്ങ് കൈക്കൊള്ളും?4
ബഹുകർമ്മാവേ, പണ്ടേത്തെപ്പഴമക്കാർ ഇപ്പോളെന്നപോലെ കർമ്മപ്രാപ്തിയ്ക്കു് അങ്ങയുടെ സഖാക്കളായി വർത്തിച്ചു; അങ്ങനെതന്നെ, ഇടക്കാലക്കാരും പുതിയവരും. അതിനാൽ പുരുഹൂത, ഇന്നേത്തവനായ എന്റെയും (സ്തോത്രം) അങ്ങ് കേട്ടറിയണം!5
വീര, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനേ, ഇന്ദ്ര, അർവാചീനർ നിന്തിരുവടിയെ സ്തുതിച്ചു, ഭവാന്റെ ആ പഴയ പ്രശസ്തകഥകൾ നിബന്ധിച്ചിട്ടുണ്ട്; ഞങ്ങളും, അറിഞ്ഞിട്ടുള്ളവകൊണ്ടു മഹാനായ നിന്തിരുവടിയെ സ്തുതിച്ചുകൊള്ളുന്നു.6
രാക്ഷസപ്പട ഭവാനെ നേരിട്ട് നില്ക്കുന്നു: ഭവാനും പരന്നു വെളിപ്പെട്ട അതിനെ നേരിട്ട്, ഉറച്ചുനില്ക്കുക; ധർഷക, ഭവാന്റെ ഒരു പഴയ കീഴ്ത്തോഴനായ വജ്രംകൊണ്ട് അതിനെ തട്ടിനീക്കുക!7
സ്തോതാക്കളെത്താങ്ങുന്നവനേ, വീര, ഇന്ദ്ര, ഒരു നൂതനൻ ചൊല്ലാൻതുടങ്ങുന്ന സ്തോത്രം അവിടുന്ന് ഉടൻ കേട്ടരുളണം: യജനത്തിൽ ശോഭനഹ്വാനനായ ഭവാൻ പണ്ടു വളരെക്കാലം പിതാക്കളുടെ ബന്ധുവായിരുന്നുവല്ലോ!8
വരുണൻ, മിത്രൻ, ഇന്ദ്രൻ, മരുത്തുക്കൾ, പൂഷാവ്, വിഷ്ണു, ബഹുകർമ്മാവായ അഗ്നി, സവിതാവ്, ഓഷധികൾ, പർവതങ്ങൾ എന്നിവരെ നീ ഇപ്പോൾ നമ്മുടെ തർപ്പണത്തിനും രക്ഷണത്തിന്നുമായി ഇങ്ങോട്ടു നോക്കിയ്ക്കുക!9
ശക്തിയേറിയവനേ, പ്രയഷ്ടവ്യ, നിന്തിരുവടിയെ ഇതാ, സ്തോതാക്കൾ മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു. പുകഴ്ത്തപ്പെടുന്ന ഭവാൻ ഈ ചൊല്ലുന്ന സ്തോത്രവും കേട്ടരുളണം: അമൃത, മറ്റൊരുവനില്ലല്ലോ, ഭവാനെപ്പോലെ!10
യജ്ഞത്തിൽ സംബന്ധിയ്ക്കുന്ന അഗ്നിജിഹ്വർ, എവരോ, എവർ ദസ്യുക്കളെ മുടിപ്പാൻ മനുവിനെ ഉയർത്തിനിർത്തിയോ; ആ യജനീയരെല്ലാവരോടുംകൂടി, ബലത്തിന്റെ മകനേ, വിദ്വാനായ ഭവാൻ എന്റെ സ്തോത്രത്തിലെയ്ക്കു ശീഘ്രം വന്നാലും!11
ഇന്ദ്ര, വഴികൾ നിർമ്മിച്ച വിപശ്ചിത്തായ ഭവാൻ സുഗമങ്ങളിലും ദുർഗ്ഗമങ്ങളിലും ഞങ്ങൾക്കു മുൻനടക്കുന്നവനാകണം! വാട്ടംതട്ടാത്ത വലിയ വാഹനങ്ങളുണ്ടല്ലോ, അങ്ങയ്ക്കു്; അവയിലൂടേ ഞങ്ങൾക്ക് അന്നം കൊണ്ടുവന്നാലും!12
[1] വിഭൂതി – ജഗദ്വിഭവഹേതു. ധനം – ഹവിസ്സ്. ഉപഗമിയ്ക്കുകയും ചെയ്യുന്നു – അങ്ങയെ പ്രാപിയ്ക്കുകയും ചെയ്യുന്നു.
[3] പരത്തപ്പെട്ട – വൃത്രനാൽ. വെളിവുറ്റതാക്കിയത് – ഇരുട്ടകറ്റി, വെളിവുവരുത്തിയത് ഇരിപ്പിടത്തെ – സ്വർഗ്ഗത്തിലെ ദേവന്മാരെ.
[4] ഇന്ദ്ര എന്നു തുടങ്ങി പ്രത്യക്ഷോക്തി.
[5] പഴമക്കാർ – അംഗിരഃപ്രഭൃതികൾ. പുതിയവർ – ഇന്നുള്ളവർ.
[6] നിബന്ധിച്ചിട്ടുണ്ട് – കഥകളവലംബിച്ചു കാവ്യങ്ങൾ ചമച്ചിട്ടുണ്ട്.
[7] കീഴ്ത്തോഴൻ – വശഗനായ ചങ്ങാതി. അതിനെ – രാക്ഷസപ്പടയെ.
[8] നൂതനൻ – അധുനാതനനായ ഞാൻ. പിതാക്കൾ – അംഗിരസ്സുകൾ.
[9] തന്നോടുതന്നേ പറയുന്നു: ഇങ്ങോട്ടു നോക്കിയ്ക്കുക – അഭിമുഖീകരിയ്ക്കുക.
[10] ഈ ചൊല്ലുന്ന – എന്റെ.
[11] അഗ്നിജിഹ്വർ = അഗ്നിയാകുന്ന നാവോടുകൂടിയവൻ. യജനീയർ – ദേവന്മാർ.
[12] വിപശ്ചിത്ത് – വിദ്വാൻ. വാഹനങ്ങൾ – അശ്വങ്ങൾ.