ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ആരൊരാളോ, മനുഷ്യർക്ക് ആഹ്വാതവ്യൻ; വൃഷാവും, ബലവാനും, സത്യഭുതനും ദാതാവും, ബഹുപ്രജ്ഞനും, കീഴമർത്തുന്നവനും, അധിപതിയും ആരോ; ആ ഇന്ദ്രനെ ഞാൻ ഇങ്ങനെ സ്തുതിച്ചുകൊള്ളുന്നു.1
എതിർത്തവരെ അമർത്തുന്ന, കടക്കുന്ന, മലകളിൽ മരുവുന്ന അലംഘ്യശാസനനായ, ബലിഷ്ഠനായ തന്തിരുവടിയെത്തന്നെയാണല്ലോ, ഞങ്ങളുടെ പൂർവപിതാക്കൾ – മേധാവികളായ ഏഴു നവഗ്വന്മാർ – അന്നമൊരുക്കി സ്തുതിച്ചത്.2
ആ ഇന്ദ്രനോടു ഞങ്ങൾ വളരെ വീരരോടും ആൾക്കാരോടും വളരെ യശസ്സോടുംകൂടിയ ധനം യാചിയ്ക്കുന്നു: ഹര്യശ്വ, അങ്ങ് അച്ഛിന്നവും അക്ഷീണവും സുഖകരവുമായ അതു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കാൻ കൊണ്ടുവന്നാലും!3
ഇന്ദ്ര, പണ്ട് അങ്ങയെ സ്തുതിച്ചവർ ഒരു സുഖം നേടിയല്ലോ; അതു ഞങ്ങൾക്കു പറഞ്ഞുതരിക! ദുർദ്ധര, പരന്തപ, പുരുഹൂത, പുരുധന, അസുരഘ്നനായ ഭവാനുള്ള ഭാഗം ഏതാണ്, അന്നം ഏതാണ്? 4
വജ്രമേന്തി തേരിലിരിയ്ക്കുന്ന ആ ഇന്ദ്രനെ, ബഹുഗ്രഹീതാവിനെ ബഹുകർമ്മാവിനെ, ബലപ്രദനെ ആരുടെ കർമ്മയുക്തമായ വർണ്ണനസ്തവം പൂജിയ്ക്കുന്നുവോ; അവൻ അന്നം നേടും, അമിത്രനെ എതിർക്കും.5
സ്വന്തം ഓജസ്സും നല്ല തേജസ്സുമുള്ള മഹാനേ, ആ മായകൊണ്ടു വളർന്ന അവനെയും, മുറുകെ ഉറപ്പിയ്ക്കപ്പെട്ട അക്ഷയ(പുരി)കളെയും അങ്ങ് മനോവേഗമുള്ള ധർഷകമായ വജ്രംകൊണ്ടുടച്ചുവല്ലോ!6
ബലിഷ്ഠനായ ആ പഴയ ഭവാനെ പഴമക്കാർപോലെ, ഞാൻ അതിനൂതനമായ സ്തുതികൊണ്ടു വലുപ്പംവെപ്പിയ്ക്കാൻ നോക്കാം: ആ അപ്രമേയനും ശോഭനവാഹനനുമായ ഇന്ദ്രൻ ഞങ്ങളെ എല്ലാദ്ദുർഗ്ഗങ്ങളും കടത്തട്ടെ!7
വൃഷാവേ, അങ്ങ് ദ്രോഹികളുടെ ദിവ്യഭൗമാന്തരീക്ഷവസതികളിൽ തീ വെച്ചാലും – എല്ലാടത്തും അവരെ തേജസ്സുകൊണ്ടു ചുട്ടാലും – ബ്രഹ്മദ്വേഷികൾക്കായി, ഭൂമിയും അന്തരിക്ഷവും കത്തിച്ചാലും!8
ജ്വലിക്കുന്ന കാഴ്ചയുള്ളവനേ, ഇന്ദ്ര, വിണ്ണിലും മന്നിലുമുള്ള ജനങ്ങളുടെ രാജാവാണല്ലോ, നിന്തിരുവടി: ജരയേശാത്തവനേ, വജ്രം വലംകയ്യിലെടുക്കുക; എല്ലാ മായകളെയും അരിയുക!9
ഇന്ദ്ര, ഞങ്ങൾക്കു പറ്റലരെ പിന്നിടാൻ, അഹിംസിതമായി ഇണങ്ങിച്ചേരുന്ന മഹാക്ഷേമത്തെ കൊണ്ടുവന്നാലും: വജ്രിൻ, ഇതു കൊണ്ടാണല്ലോ, അങ്ങ് കർമ്മരഹിതമായ മനുഷ്യവർഗ്ഗത്തെ കർമ്മയുക്തമാക്കിയതും, വൈരികളെ ശോഭനമാംവണ്ണം വധിച്ചതും!10
പുരുഹൂത, വിധാതാവേ, പ്രയഷ്ടവ്യ, അവിടുന്നു വിശ്വവരേണ്യങ്ങളായ അശ്വങ്ങളിലൂടേ ഞങ്ങളിൽ വന്നാലും – അസുരനാലോ സുരനാലോ തടയപ്പെടാത്ത അവയിലൂടേ വേഗത്തിൽ എന്റെ അടുക്കലെയ്ക്കു പോന്നാലും!11
[1] അധിപതി – ലോകങ്ങളുടെ.
[2] കടക്കുന്ന – ശത്രുക്കളെ പിന്നിടുന്ന. നവഗ്വന്മാർ – അംഗിരസ്സുകൾ. അന്നം – ഹവിസ്സ്.
[3] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: അതു – ധനം.
[5] അമിത്രൻ = ശത്രു.
[6] അവൻ – വൃത്രൻ.
[7] രണ്ടാംവാക്യം പരോക്ഷം.
[8] ദിവ്യഭൗമാന്തരീക്ഷവസതികൾ – ദ്യോവിലും ഭൂവിലും അന്തരിക്ഷത്തിലുമുള്ള പാർപ്പിടങ്ങൾ. ബ്രഹ്മദ്വേഷികൾക്കായി – ബ്രഹ്മദ്വേഷികളെ ചുട്ടെരിപ്പാൻ.
[10] ഇതു – ക്ഷേമം.