ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, സോമം പിഴിഞ്ഞു മഹത്തായ സ്തോത്രവും ഉക്ഥവും ചൊല്ലുമ്പോളാണല്ലോ, മഘവൻ, ഇന്ദ്ര, നിന്തിരുവടി സജ്ജനായിട്ട് ഇരുഹരികളെ പൂട്ടി, തൃക്കയ്യിൽ വജ്രവുമെടുത്ത് എഴുന്നള്ളുക!1
ഇന്ദ്ര, അപ്പോളാണല്ലോ, വിണ്ണിൽ ശൂരസേവ്യമായ യുദ്ധത്തിൽ ചെല്ലേണ്ടിയിരിയ്ക്കെ, ഭവാൻ പിഴിഞ്ഞവനെ രക്ഷിയ്ക്കുന്നതും; ഇന്ദ്ര, അപ്പോളാണല്ലോ, ഒരുമ്പെടുന്ന ദസ്യുക്കളെ ഭവാൻ ഭയമെന്നിയേ, ഭയപ്പെടുന്ന കർമ്മകുശലന്നു കീഴ്പെടുത്തുന്നതും!2
സ്തോതാവിനെ നേർവഴിയ്ക്കു കൊണ്ടുനടക്കുന്ന കരുത്തനായ ഇന്ദ്രൻ സോമനീർ നുകരട്ടെ! പിഴിഞ്ഞ യജ്ഞകുശലന്നു ലോകം കല്പിയ്ക്കട്ടെ; പുകഴ്ത്തുന്ന സ്ത്രോത്രകാരനും ധനം നല്കട്ടെ!3
സോമം കുടിയ്ക്കുന്ന ഗോപ്രദനായ വജ്രപാണി ഇരുഹരികളിലൂടേ ഇത്രയും സവനങ്ങളിൽ എഴുന്നള്ളട്ടേ; മനുഷ്യഹിതനായി ബഹുവീരാന്വിതനായ പുത്രനെ കല്പിച്ചുനല്കട്ടെ; സ്തോത്രങ്ങൾകൊണ്ടു വരുത്തപ്പെടേണ്ടവൻ പാടുന്നവന്റെ സ്തുതി കേട്ടരുളട്ടെ!4
നമ്മെ പോറ്റിപ്പോരുന്ന പുരാതനനായ ഈ ഇന്ദ്രന്നു വേണ്ടുന്നതു യാതൊന്നോ, അതു ഞങ്ങൾ ചെയ്യുന്നു: ഇന്ദ്രന്നായി സോമം പിഴിഞ്ഞു സ്തുതിയ്ക്കുന്നു; ഉക്ഥം ചൊല്ലി, വളർച്ച വരുത്തുന്ന ഹവിസ്സും അർപ്പിയ്ക്കുന്നു.5
ഇന്ദ്ര, അവിടുന്നു സ്തോത്രങ്ങളെ വർദ്ധകങ്ങളാക്കിയിട്ടുണ്ടല്ലോ; അപ്രകാരമുള്ളവ ഞങ്ങൾ ആലോചിച്ചു ചൊല്ലിക്കൊള്ളുന്നു – നീർനുകരുന്നവനേ, ഞങ്ങൾ സോമം പിഴിഞ്ഞ്, അതീവ സുഖകരങ്ങളും രമണീയങ്ങളുമായ സ്തോത്രങ്ങളും ഹവിസ്സുകളും അർപ്പിയ്ക്കാം.6
ഇന്ദ്ര, ആ വിളയാടുന്ന ഭവാൻ ഞങ്ങളുടെ പുരോഡാശം നോക്കുക; തയിരും മറ്റും ചേർത്ത സോമനീർ കുടിയ്ക്കുക; യജമാനന്റെ ഈ ദർഭയിലിരിയ്ക്കുക; ഭവൽകാമന്റെ ലോകം വലുതാക്കുക!7
ബലിഷ്ഠ, അങ്ങനെ അവിടുന്നു യഥേഷ്ടം മത്തടിയ്ക്കുക: ഞങ്ങളുടെ ഈ സോമങ്ങളും ഈ സ്ത്രോത്രങ്ങളും പുരുഹൂതനായ ഭവാനെ പ്രാപിയ്ക്കട്ടെ; ഇന്ദ്ര, ഈ സ്തുതി, രക്ഷയ്ക്കുവേണ്ടി, ഭാവാങ്കലണയട്ടെ!8
സഖാക്കളേ, നിങ്ങൾ സോമം പിഴിഞ്ഞ്, ഈ ദാതാവായ ഇന്ദ്രനെ വേണ്ടുവോളം നിറയ്ക്കുവിൻ: വളരെക്കൂട്ടം അവിടെയിരിയ്ക്കട്ടേ, നമ്മെപ്പുലർത്താൻ; പിഴിഞ്ഞവനെ രക്ഷിപ്പാൻ ഇന്ദ്രൻ മടിയ്ക്കില്ല!9
ഹവിർദ്ധനന്ന് ഒരീശ്വരനായ ഇന്ദ്രനെ, സോമം പിഴിഞ്ഞപ്പോൾ, ഭരദ്വാജൻ ഇങ്ങനെ സ്തുതിച്ചു: സ്തോതാവിനെ ഇന്ദ്രൻ നല്ല വഴിയ്ക്കയയ്ക്കണം; വിശ്വവരേണ്യങ്ങളായ ധനങ്ങളും നല്കണം!10
[2] പിഴിഞ്ഞവൻ – സോമം.
[4] ഇത്രയും – മൂന്ന് കല്പിച്ചുനല്കട്ടെ – യജമാനന്ന്. വരുത്തപ്പെടേണ്ടവൻ – ഇന്ദ്രൻ.
[5] ഇന്ദ്രന്നു വേണ്ടുന്നത് – ഇന്ദ്രൻ ഇച്ഛിയ്ക്കുന്ന സ്തോത്രവും മറ്റും.
[6] വർദ്ധകങ്ങൾ – തനിയ്ക്കു വളർച്ചവരുത്തുന്നവ.
[7] ഭവൽകാമന്റെ – അങ്ങയ്ക്കായി യജ്ഞംചെയ്യുന്നവന്റെ.
[8] രക്ഷയ്ക്കുവേണ്ടി – ഞങ്ങളുടെ.
[9] സ്തോതാക്കളോട്: