ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സോമയാഗങ്ങളിൽ ഇന്ദ്രന്റെ മത്തും സ്തോത്രവും ഉക്ഥവും വർഷകമായിത്തീരുന്നു: മനുഷ്യർ ഉക്ഥങ്ങൾകൊണ്ടു സ്തുതിയ്ക്കേണ്ടവനാകുന്നു, സോമപായിയും ഋജീഷവാനുമായ മഘവാവ്; സ്തുതികളുടെ രാജാവാണ്. അക്ഷീണരക്ഷകനുമാണ്, ആ സ്വർഗ്ഗസ്ഥൻ!1
നിഹന്താവും, വീരനും, വിശുദ്ധജ്ഞാനനും, മനുഷ്യഹിതനും, നരർക്കു സ്തുത്യനും. സ്തുതി കേൾക്കുന്നവനും, സ്തോതാവിനെ പരക്കെ രക്ഷിയ്ക്കുന്നവനും – സ്തുതികാരനെ താങ്ങുന്നവനും – വസുവുമായ ആ അന്നവാൻ യജ്ഞത്തിൽ സ്തുതിയ്ക്കുപ്പെട്ടാൽ അന്നം കല്പിച്ചുതരും!2
ശൂര, മഹാനായ പുരുഹൂത, അച്ചുതണ്ട് ഇരുചക്രങ്ങളെയെന്നപോലെ, അങ്ങയുടെ മഹിമ വാനൂഴികളെ കവിച്ചുനില്ക്കുന്നു; ഇന്ദ്ര, അങ്ങയുടെ ബഹുരക്ഷകൾ, വൃക്ഷത്തിന്റെ കൊമ്പുകൾപോലെ മുളച്ചുവരുന്നു!3
ബഹുകർമ്മാവേ, ബുദ്ധിമാനായ ഭവാന്റെ ശക്തികൾ, ഗോക്കളുടെ മാർഗ്ഗങ്ങൾ പോലെ പരക്കുന്നവയാകുന്നു; ശോഭനദാനനായ ഇന്ദ്ര, പൈക്കിടാങ്ങളുടെ നെടുംകയറുകൾപോലെ ബന്ധകങ്ങളുമാകുന്നു, ബന്ധിയ്ക്കപ്പെടാത്തവയുമാകുന്നു!4
ഇന്ദ്രൻ, ഇന്നൊന്നു, നാളെ മറ്റൊന്ന്, ഇങ്ങനെ നല്ലതും ചീത്തയും പേർത്തു പേർത്തു ചെയ്യും. മിത്രൻ, വരുണൻ, പൂഷാവ്, സവിതാവ് എന്നിവരും ഇവിടെ നമുക്കു കാമ്യഫലം കിട്ടിയ്ക്കട്ടെ!5
ഇന്ദ്ര, ഉക്ഥം, ഹവിസ്സ് എന്നിവകൊണ്ട് (ആളുകൾ) ഭവാങ്കൽനിന്നു, മലമുകളിൽനിന്നു വെള്ളമെന്നപോലെ, (ഇഷ്ടം) നേടിയിരിയ്ക്കുന്നു. സ്തോത്രവാഹ്യ, ആ ഭവാങ്കൽ അന്നേച്ഛുക്കൾ ഈ ശോഭന സ്തുതികളാൽ, കുതിരകൾ യുദ്ധത്തിലെന്നപോലെ അണയുന്നു!6
ഈ ഇന്ദ്രനെ സംവത്സരങ്ങളോ മാസങ്ങളോ കിഴവനാക്കില്ല; ദിവസങ്ങളും മെലിയിയ്ക്കില്ല. തടിച്ചതെങ്കിലും തന്റെ തിരുവുടൽ സ്തോമോക്ഥസ്തുതിമൂലം തടിയ്ക്കട്ടെ!7
സ്തുതിക്കപ്പെടുന്ന ഇന്ദ്രൻ ദൃഢഗാത്രന്നോ, സ്ഥിരന്നോ, ഒരുമ്പെടുന്ന ദസ്യുപ്രേരിതന്നോ വണങ്ങില്ല: അവിടെയ്ക്കു മാമലകളും സുഗമങ്ങളാണ്; ആഴത്തിലും നില കിട്ടും!8
ബലവാനേ, സോമം നുകരുന്നവനേ, അവിടുന്ന് ആഴവും പരപ്പുമുള്ള (മനസ്സാൽ) ഞങ്ങൾക്കു കൊറ്റും കെല്പും തരിക; ഉപദ്രവിക്കാതെ, അഹസ്സിലും അല്ലിലും രക്ഷിപ്പാൻ ഒരുങ്ങിനില്ക്കുകയും ചെയ്യുക!9
ഇന്ദ്ര, അങ്ങ് നേതാവിനെ യുദ്ധത്തിൽ രക്ഷിപ്പാൻ വന്നുചേരണം; ഇവിടെയും അകലത്തുമുള്ള ശത്രുവിൽനിന്നു രക്ഷിയ്ക്കണം – ഇദ്ദേഹത്തെ ഭവനത്തിലും വനത്തിലും ശത്രുവിൽനിന്നു രക്ഷിക്കണം! ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കുമാറാകട്ടെ!10
[1] വർഷകം = വൃഷ്ടിജനകം. അക്ഷീണരക്ഷൻ = ഒരിയ്ക്കലും ക്ഷയിയ്ക്കാത്ത രക്ഷകളോടുകൂടിയവൻ.
[2] നിഹന്താവ് – ശത്രുക്കളെ ഹനിയ്ക്കുന്നവൻ. വസു – വാസസ്ഥാനം നല്കുന്നവൻ.
[4] ശക്തികൾ = കഴിവുകൾ. പരക്കുന്നവയാകുന്നു – മാടുകൾ മേഞ്ഞുമേഞ്ഞ് അകലത്തെയ്ക്കു പോകുമല്ലോ. നീണ്ട ഓരോ കയറിന്മേലും അനേകം പൈക്കുട്ടികളെ കെട്ടും; അതുപോലെ, ഭവാന്റെ ഓരോ ശക്തിയും അനേകശത്രുക്കളെ ബന്ധിയ്ക്കുന്നു. അവയ്ക്കു (ശക്തികൾക്കു) ബന്ധനം (തടവു) വരില്ലതാനും.
[5] നല്ലത് – മഴ പെയ്യിയ്ക്കലും മറ്റും. ചീത്ത – ഇടിത്തീയ്യു വീഴ്ത്തലും മറ്റും. ഇന്ദ്രന്റെ വരുതിയിലുള്ളവരാണല്ലോ, മിത്രാദികൾ.
[7] തടിയ്ക്കട്ടെ – വീണ്ടും വളരട്ടെ. ഇന്ദ്രൻ നിത്യതരുണനും, പ്രവൃദ്ധനുമാണെന്നു സാരം.
[8] സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചുനിൽക്കുന്നവൻ. ദസ്യുപ്രേരിതൻ = ദസ്യുക്കളാൽ, കർമ്മരഹിതരാൽ പ്രചോദിതൻ.
[10] നേതാവ് – കർമ്മി, സ്തോതാവ്.