ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ബലവാനേ, ഇന്ദ്ര, താന്നതും മികച്ചതും ഇടത്തരവുമായ രക്ഷകളുണ്ടല്ലോ, ഭവാങ്കൽ; അവകൊണ്ടു യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും; ഉഗ്ര, മഹാനായ ഭവാൻ ഈ അന്നങ്ങളും ഞങ്ങൾക്കു തരണം!1
ഇന്ദ്ര, ഇവകൊണ്ടു ഭവാൻ (ഞങ്ങളുടെ) കൊല്ലുംപടയെ വലയ്ക്കാതെ, അരാതിയുടെ അരിശം അറുത്തുകളയണം; ഇവകൊണ്ട്, എങ്ങുമുള്ള എതിരാളികളായ വിധ്വംസകരെയെല്ലാം അങ്ങ് കർമ്മിയ്ക്കുവേണ്ടി കൊന്നൊടുക്കണം!2
ഇന്ദ്ര, ജ്ഞാതികളോ അജ്ഞാതികളോ എതിർത്തുകേറി ദ്രോഹിപ്പാനൊരുമ്പെട്ടാൽ, അവരുടെ ബലം ഭവാൻ അകറ്റണം, വീര്യം കെടുക്കണം, പിന്തിരിപ്പിയ്ക്കണം!3
രണ്ടു ഭാസുരാംഗന്മാർ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിന്നോ കൃഷിനിലങ്ങൾക്കോ വേണ്ടി, അട്ടഹസിച്ചും വാദിച്ചും പൊരുതിത്തുടങ്ങിയാൽ, അവരിൽ അശുരൻതന്നെയും ശൂരനെ അടിച്ചിടിച്ചു കൊന്നുകളയും!4
ഇന്ദ്ര, അങ്ങയോട് ഒരു ശൂരനോ, ഒരു ഹന്താവോ, ഒരു ധർഷകനോ, അങ്ങയോട് ഒരു ക്രോധംപൂണ്ട യോധനോ പൊരുതിയിട്ടില്ല. ഇവരിൽ ആരുമില്ല, അങ്ങയ്ക്കൊത്തവൻ. ജനിച്ചിട്ടുള്ള അക്കൂട്ടരെയെല്ലാം അങ്ങ് കീഴടക്കിയിരിയ്ക്കുന്നു!5
മഹത്തായ നിരോധത്തിന്നോ, ആൾക്കാരോടുകൂടിയ ഗൃഹത്തിന്നോ ഒരുമ്പെട്ടു പൊരുതുന്ന രണ്ടുപേരിൽവെച്ചു, ധനത്തിന്ന് ഉടമസ്ഥനാകുന്നത്, ആരുടെ യജ്ഞത്തിൽ കർമ്മികൾ സ്തുതിയ്ക്കുന്നുവോ, അവനത്രേ!6
ഇന്ദ്ര, അങ്ങയുടെ ആളുകൾ വിറച്ചുപോയാൽ, അങ്ങ് ചെന്ന് അവരെ രക്ഷിയ്ക്കണം; ഇന്ദ്ര, ഞങ്ങളെ എത്തിയ്ക്കുന്ന നേതൃമുഖ്യന്മാർ, ഞങ്ങളെ പുരസ്കരിച്ച സ്തോതാക്കൾ എന്നിവരെയും!7
ഇന്ദ്ര, യജനീയ, മഹാനായ അങ്ങയുടെ ഐശ്വര്യത്തിന്നായി അങ്ങയ്ക്കു നല്കപ്പെട്ടിരിയ്ക്കുന്നു – വൃത്രവധത്തിന്നു, യുദ്ധത്തിൽ വീര്യം, ബലം എന്നിതെല്ലാം ദേവന്മാരാൽ സത്യമായി അങ്ങയ്ക്കു നല്കപ്പെട്ടിരിക്കുന്നു.8
ഇന്ദ്ര, ഇങ്ങനെ അവിടുന്നു ഞങ്ങളുടെ സേനകളെ യുദ്ധങ്ങളിലിറക്കുക; ദ്രോഹിയ്ക്കുന്ന അസുരരെ കീഴടക്കുക. ഇന്ദ്ര, നിന്തിരുവടിയെ സ്തുതിയ്ക്കുന്ന ഭരദ്വാജർ അന്നവും പാർപ്പിടവും തീർച്ചയായി നേടുമാറാകണം.9
[1] ഭവാങ്കൽ = അങ്ങയുടെപക്കൽ.
[2] ഇവ – ഞങ്ങളുടെ സ്തുതികൾ. കൊല്ലുംപട – ശത്രുക്കളെ കൊല്ലുന്ന സൈന്യം. വലയ്ക്കാതെ – രക്ഷിച്ച് എന്നർത്ഥം. വിധ്വംസകർ – കർമ്മനാശകർ.
[3] ജ്ഞാതികൾ = ശേഷക്കാർ.
[4] അങ്ങ് അനുഗ്രഹിച്ചാൽ അശൂരൻപോലും ശൂരനെ കൊല്ലും.
[6] സ്തുതിയ്ക്കുന്നു – ഇന്ദ്രനെ. പിണങ്ങിയ രണ്ടുപേരിൽ ഇന്ദ്രസ്തുതിപ്രവർത്തകൻ ആരോ, അയാൾക്കാവും ധനലബ്ധി.
[7] വിറച്ചുപോയാൽ – ശത്രുഭയംമൂലം. എത്തിയ്ക്കുന്ന – ഭവാങ്കലണയ്ക്കുന്ന എന്നിവരെയും – രക്ഷിക്കണം.
[9] ഭരദ്വാജർ – ഭരദ്വാജഗോത്രക്കാർ.