ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, കേൾക്കുക: അങ്ങയെ നീരാടിയ്ക്കുന്ന ഞങ്ങൾ മഹത്തായ അന്നത്തിനുവേണ്ടി വിളിയ്ക്കുന്നു. ആളുകൾ യുദ്ധത്തിൽ ഒത്തുചേർന്നാൽ, അങ്ങ് ഒടുക്കത്തെ ദിവസത്തിൽ ബലവത്തായ രക്ഷ ഞങ്ങൾക്കരുളണം!1
ഇന്ദ്ര, ഹവിസ്സോടുകൂടിയ വാജിനീപുത്രൻ, കിട്ടേണ്ടുന്ന മഹത്തായ അന്നത്തിന്നുവേണ്ടി അങ്ങയെ സ്തുതിയ്ക്കുന്നു; ഉപദ്രവംവരുമ്പോൾ സജ്ജനപാലകനും (ദുർജ്ജന) നാശകനുമായ അങ്ങയെ സ്തുതിയ്ക്കുന്നു; ഗോക്കൾക്കുവേണ്ടി, മുഷ്ടിയുദ്ധം ചെയ്യുമ്പോൾ അങ്ങനെ നോക്കുന്നു!2
അങ്ങ് ഉശനസ്സിനെ അന്നലാഭത്തിന്നയച്ചു; അങ്ങ് (ഹവിസ്സു) നല്കിയ കുത്സന്നുവേണ്ടി ശുഷ്ണനെ അരിഞ്ഞു; അങ്ങ് അതിഥിഗ്വന്നു സുഖം വരുത്താൻ ‘മർമ്മരഹിത’ന്റെ തല കൊയ്തു!3
ഇന്ദ്ര, അങ്ങ് ഒരു വമ്പിച്ച പടത്തേർ കൊണ്ടുവന്നു, പത്തുനാൾ പൊരുതിയ വൃഷഭനെ രക്ഷിച്ചു; അങ്ങ് തുഗ്രനെ വേതസുവോടൊപ്പം വധിച്ചു; അങ്ങ് സ്തുതിച്ച തുജിയെ തഴപ്പിച്ചു!4
ഇന്ദ്ര, നിഹന്താവായ ഭവാൻ അച്ചെയ്തതു സ്തുത്യംതന്നെ: ശൂര, അങ്ങ് നൂറുമായിരവും പേരെ പിളർത്തിയല്ലോ; അങ്ങ് മലമേൽനിന്നിറങ്ങിയ മുടിയനായ ശംബരനെ വധിച്ചു; അങ്ങ് വിചിത്രരക്ഷകൾ കൊണ്ടു ദിവോദാസനെ രക്ഷിച്ചു!5
ഇന്ദ്ര, അങ്ങ് ശ്രദ്ധകൊണ്ടും സോമംകൊണ്ടും ഇമ്പംപൂണ്ടു, ദഭീതിയ്ക്കുവേണ്ടി ചുമുരുവിനെ ഉറക്കി; അങ്ങ് പിഠീനസ്സിന്നു രജിയെകൊടുക്കാൻ, ബുദ്ധികൗശലത്തലാൽ അറുപതിനായിരത്തിനെ ഒപ്പംകൊന്നു!6
വീരരോടുകൂടിയവനേ, അതിബലവാനേ, ഇന്ദ്ര, മുപ്പാരിന്നുടമയും തടവിലാക്കുന്നവനുമായ ഭവാനാൽ (നല്കപ്പെട്ട) യാതൊന്നിനെ വീരന്മാർ സ്തുതിക്കുന്നുവോ; ഭവാന്റെ ആ മികച്ച സുഖവും ബലവും ഞാനും സ്തോതാക്കളോടൊന്നിച്ച് അനുഭവിയ്ക്കുമാറാകണം!7
ഇന്ദ്ര, പൂജനീയ, അങ്ങയുടെ സഖാക്കളായ ഞങ്ങൾക്ക്, ഈ ധനത്തിന്നുള്ള സ്തോത്രത്തിൽ പ്രിയം പെരുകുമാറാകണം. പ്രതർദ്ദനന്റെ പുത്രൻ ക്ഷത്രശ്രീ ശത്രുനിഗ്രഹത്തിലും വിത്തസംഗ്രഹത്തിലും മികച്ചവനായിത്തീരട്ടെ!8
[1] നീരാടിയ്ക്കുന്ന – സോമനീർകൊണ്ടഭിഷേചിയ്ക്കുന്ന.
[2] വാജിനി – ഭരദ്വാജന്റെ അമ്മ. നോക്കുന്നു – സാഹായ്യത്തിന്ന്.
[3] അയച്ചു – ലബ്ധാന്നനാക്കി. അതിഥിഗ്വൻ = ദിവോദാസൻ. മർമ്മരഹിതന്റെ – തന്റെ ദേഹത്തിൽ മർമ്മമില്ലെന്നു, താൻ മരിയ്ക്കില്ലെന്നു, കരുതിപ്പോന്ന ശംബരന്റെ.
[4] വൃഷഭൻ – ഒരു രാജാവ്. തുഗ്രനും വേതസുവും – അസുരന്മാർ. തുജി – ഒരു രാജാവ്.
[5] നൂറുമായിരവുംപോരെ – ശംബരന്റെ അനുചരന്മാരെ. മുടിയൻ – കർമ്മനാശകൻ.
[6] ശ്രദ്ധ – സാദരമനുഷ്ഠിച്ച കർമ്മങ്ങൾ. ദഭീതി – ഒരു രാജാവ്. ഉറക്കി – കൊന്നു. പിഠീനസ്സ് – ഒരു രാജാവ്(?). രജി – ഒരു കന്യകയുടെയോ രാജ്യത്തിന്റെയോ പേർ.
[7] തടവിലാക്കുന്നവൻ – ശത്രുക്കളെ. വീരന്മാർ – സ്തോതാക്കൾ.
[8] ക്ഷത്രശ്രീ എന്ന രാജാവിന്റെ പുരോഹിതനത്രേ, ഭരദ്വാജൻ.