ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രനും ദാനവും ദേവത.
ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ട് എന്തു ചെയ്തു? ഇതു കുടിച്ചിട്ട് എന്തു ചെയ്തു? ഇതിനോടിണങ്ങിയിട്ട് എന്തു ചെയ്തു? ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽനിന്ന് എന്തു കിട്ടി? ഇന്നേത്തവർക്ക് എന്തു കിട്ടി?1
ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ടു നല്ലതു ചെയ്തു; ഇതു കുടിച്ചിട്ടു നല്ലതു ചെയ്തു; ഇതിനോടിണങ്ങിയിട്ടു നല്ലതു ചെയ്തു. ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽ നിന്നു നല്ലതു കിട്ടി; ഇന്നേത്തവർക്കും നല്ലതു കിട്ടി!2
മഘവൻ, ഇന്ദ്ര, അങ്ങയുടെ മഹത്ത്വമൊന്നും ഞങ്ങൾക്കറിഞ്ഞുകൂടാ; മഘവത്ത്വവും അറിഞ്ഞുകൂടാ – അങ്ങയുടെ സ്തുത്യമായ ഏതൊരു ധനവും അറിഞ്ഞുകൂടാ: ആർ കണ്ടു, അങ്ങയുടെ മിടുക്കു്?3
ഇന്ദ്ര, അങ്ങ് വരശിഖന്റെ പുത്രന്മാരെ വധിച്ചുവല്ലോ, അങ്ങയുടെ ആ വീര്യം (ഞങ്ങൾക്കു്) അറിയാം: അങ്ങ് ആഞ്ഞുവിട്ട വജ്രത്തിന്റെ ശബ്ദത്താൽത്തന്നേ കേമൻ പിളർന്നുപോയി!4
ഇന്ദ്രൻ ചയമാനസൂനുവായ അഭ്യാവർത്തിയ്ക്കു (ധനം) നല്കാനാണ്, വരശിഖന്റെ പുത്രന്മാരെ വധിച്ചത്: ഹരിയൂപീയയുടെ കിഴക്കു വൃചീവാന്മാരെ കൊന്നതോടേ, പടിഞ്ഞാറുകാരൻ പേടിച്ചു പിളർന്നുപോയി!5
ഇന്ദ്ര, പുരുഹൂത, കൊറ്റിനുവേണ്ടി കൊല്ലാൻ പാഞ്ഞണഞ്ഞു പാത്രങ്ങളുടച്ച, ചട്ടയിട്ടിരുന്ന വൃചീവാന്മാർ നൂറ്റിമുപ്പതുപേരും ഒപ്പം യവ്യാവതിയിൽവെച്ചു നിശ്ശൂന്യതയടഞ്ഞു!6
ആരുടെ തിളങ്ങുന്ന രണ്ടു കുതിരകൾ നല്ല പുല്ലു തേടിത്തിന്നും കൊണ്ട് അന്തരിക്ഷത്തിൽ മേയുന്നുവോ, അദ്ദേഹം വൃചീവാന്മാരെ ദേവവാതവംശ്യന്നു കീഴ്പെടുത്തിയിട്ടു, സൃഞ്ജർയന്നു തുർവശുവിനെ കൊടുത്തു.7
അഗ്നേ, ധനവാനും സമ്രാട്ടുമായ ചയമാനപുത്രൻ അഭ്യാവർത്തി തേരുകളെയും സ്ത്രീകളെയും ഇരുപതു ഗോമിഥുനങ്ങളെയും എനിയ്ക്കു തന്നിരിയ്ക്കുന്നു: നശിപ്പിയ്ക്കാവുന്നതല്ല, പൃഥുവംശ്യന്റെ ദക്ഷിണ!8
[1] ഫലം കിട്ടാൻ വൈകുന്നതിൽ അക്ഷമനായിട്ട് ഋഷി ഇന്ദ്രനെ ആക്ഷേപിയ്ക്കുന്നു: ഇത് – സോമനീർ. ഇതിന്റെ ഇടം – യാഗശാല; ഇതുമുതൽ പ്രത്യക്ഷോക്തി:
[2] ഇന്ദ്രൻ ഋഷിയുടെ അഭീഷ്ടം നിറവേറ്റി; തന്മൂലം സന്തുഷ്ടനായ ഋഷി ആക്ഷേപം പിൻവലിയ്ക്കുന്നു:
[3] മഘവത്ത്വം = ധനികത്വം.
[4] വരശിഖൻ – ഒരസുരൻ. കേമൻ – വരശിഖപുത്രന്മാരിൽവെച്ചു മുന്തിയവൻ.
[5] ചയമാനസുനു – ചയമാനെന്ന രാജാവിന്റെ മകൻ. അഭ്യാവർത്തി – മകനായ രാജാവിന്റെ പേർ. ഹരിയൂപീയ – ഒരു നദിയോ, നഗരിയോ. വൃചീവാന്മാർ – വരശിഖന്റെ ഒരു പൂർവനായ വൃചീവാന്റെ വംശത്തിൽ ജനിച്ചവർ, വരശിഖപുത്രന്മാർ. പടിഞ്ഞാറുകാരൻ – ഹരിയൂപീയയുടെ പടിഞ്ഞാറുഭാഗത്തു പാർത്തിരുന്ന കേമൻ.
[6] കൊല്ലാൻ – അങ്ങയെ. പാത്രങ്ങൾ – യാഗത്തിന്നുള്ളവ. യവ്യാവതി – ഹരിയൂപീയയുടെ മറ്റൊരു പേർ. നിശ്ശൂന്യത – മരണം.
[7] ദേവവാതവംശ്യൻ – ദേവവാതന്റെ വംശത്തിൽ ജനിച്ച അഭ്യാവർത്തി. സൃഞ്ജയൻ – ഒരു രാജാവ്. തുർവശുവിനെ കൊടുത്തു – സഹായിപ്പാൻ.
[8] അഭ്യാവർത്തിയുടെ ദാനശീലത്വം ഋഷി അഗ്നിയെ അറിയിയ്ക്കുന്നു: ഗോമിഥുനങ്ങൾ – പൈക്കളും കാളകളും. പൃഥുവംശ്യന്റെ – പൃഥുവിന്റെ കുലത്തിൽ പിറന്നവനായ അഭ്യാവർത്തിയുടെ.