ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഗോവും ഇന്ദ്രനും ദേവത.
ഗോക്കൾ വരട്ടെ; ശുഭം തരട്ടെ; തൊഴുത്തിൽ കിടക്കട്ടെ; നമ്മെ സ്നേഹിയ്ക്കട്ടെ. കിടാങ്ങളോടുകൂടിയ വളരെ നാനാവർണ്ണകൾ ഇവിടെ പുലർകാലത്ത് ഇന്ദ്രന്നായി കറക്കപ്പെടുമാറാകണം!1
ഇന്ദ്രൻ യജിയ്ക്കുന്നവന്നും സ്തുതിയ്ക്കുന്നവന്നും (ധനം) കല്പിച്ചുകൊടുക്കും – സദാ അരികിൽച്ചെന്നുതന്നേ കൊടുക്കും; അപഹരിയ്ക്കില്ല. അവരുടെ ധനം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച്, ആ ദേവകാമന്മാരെ അഭേദ്യവും അപ്രാപ്യവുമായ സ്ഥലത്തു പാർപ്പിയ്ക്കും.2
ആ ഗോക്കൾ പോയ്ക്കളയരുത്; കള്ളൻ ഉപദ്രവിയ്ക്കരുത്; അവയ്ക്കു ശത്രുവിന്റെ ആയുധമേല്ക്കരുത് അവയെക്കൊണ്ടു ദേവന്മാരെ യജിയ്ക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉടമസ്ഥൻ നെടുനാൾ അവയോടുകൂടി വസിയ്ക്കട്ടെ!3
പൊടി പൊന്തിയ്ക്കുന്ന കുതിര ആ ഗോക്കളെ സമീപിയ്ക്കുരുത്; വിശസനസംസ്കാരം അവയെ സ്പർശിയ്ക്കരുത്. അവ ആ യജിയ്ക്കുന്ന മനുഷ്യന്റെ വിദൂരസ്ഥമായ അഭയസ്ഥലത്തെയ്ക്കു നടകൊള്ളട്ടെ!4
ഗോക്കൾതന്നേ ധനം; എനിയ്ക്കു് ഇന്ദ്രൻ ഗോക്കളെ തരട്ടെ! ഗോക്കളാണ്, മുഖ്യമായ സോമത്തിന്റെ ഭക്ഷ്യം. ആളുകളേ, ഈ ഗോക്കളകുന്നു, ഇന്ദ്രൻ; ആ ഇന്ദ്രനെ ഞാൻ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും ഇച്ഛിയ്ക്കുന്നു.5
ഗോക്കളേ, നിങ്ങൾ മെലിഞ്ഞവനെയും തടിപ്പിയ്ക്കുവിൻ; ശ്രീയില്ലാത്തവനെയും സുന്ദരനാക്കുവിൻ. മംഗളമായി ശബ്ദിയ്ക്കുന്ന നിങ്ങൾ ഗൃഹത്തെ മംഗളമാക്കുവിൻ! നിങ്ങളുടെ മഹത്തായ അന്നമാണ്, സഭകളിൽ വർണ്ണിക്കപ്പെടുന്നത്.6
നിങ്ങൾ സന്താനവതികളാകുവിൻ; നല്ല പുല്ലു തിന്നുവിൻ; നല്ല കുളത്തിലെ തെളിവെള്ളം കുടിയ്ക്കുവിൻ. നിങ്ങളെ കള്ളൻ കൈക്കലാക്കരുത്; പുലിയും മറ്റും പിടിയ്ക്കരുത്; രുദ്രന്റെ ആയുധവും നിങ്ങളിലേല്ക്കരുത്!7
ഇത് ഈ ഗോക്കളെ തഴപ്പിയ്ക്കട്ടെ – ഇന്ദ്ര, അങ്ങയുടെ വീര്യത്തിന്നു, കാളയുടെ രേതസ്സിനെയും തഴപ്പിയ്ക്കട്ടെ!8
[1] വരട്ടെ – ഞങ്ങളുടെ ഗൃഹത്തിൽ. നാനാവർണ്ണകൾ – നനാനിറംപൂണ്ട പൈക്കൾ.
[2] ആ ദേവകാമന്മാരെ – യഷ്ടാവിനെയും സ്തോതാവിനെയും.
[3] കൊടുക്കുകയും – ഇന്ദ്രന്നായി.
[4] കുതിരയെ കണ്ടാൽ ഗോക്കൾ പേടിയ്ക്കും. വിശസനസംസ്കാരം – യാഗത്തിന്നു കൊല്ലാൻ ചെയ്യപ്പെടുന്ന കർമ്മം; പൈക്കളെ വിശസിച്ചുകൂടാ.
[5] സോമത്തിന്റെ ഭക്ഷ്യം – സോമനീരിൽ ഗോരസങ്ങൾ ചേർക്കുമല്ലോ.
[6] സഭകൾ – യാഗപരിഷത്തുകൾ. അന്നം – പാലും മറ്റും. വർണ്ണിയ്ക്കപ്പെടുന്നത് – ഉപയോഗിയ്ക്കപ്പെടുന്നതെന്നു സാരം.
[7] പ്രത്യക്ഷോക്തിതന്നെ: രുദ്രൻ – കാലസ്വരൂപനായ പരമേശ്വരൻ.
[8] ഇത് – ഈ സൂക്തം. രേതസ്സിനെയും – ചിനയുണ്ടാക്കുന്ന കൂറ്റന്നു രേതസ്സു തഴച്ചാലേ, പൈക്കൾ പെറുകയുള്ളു; പൈക്കൾ പെറ്റാലേ, ക്ഷീരാദി ഹവിസ്സുകളാൽ ഇന്ദ്രൻ വീര്യവാനാകയുമുള്ളു.