ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
നിങ്ങളുടെ ആളുകൾ സഖ്യത്തിന്നായി, വലിയതനുഷ്ഠിച്ചു സ്തുതി ചൊല്ലിക്കൊണ്ട് ഇന്ദ്രങ്കൽ ചെല്ലുന്നു: വലിയതു നല്കുന്നവനാണല്ലോ, വജ്രഹസ്തൻ; ആ രമണീയനായ മഹാനെത്തന്നേ നിങ്ങൾ രക്ഷയ്ക്കായി യജിയ്ക്കുവിൻ.1
തന്റെ കയ്യിൽ നിറയെയുണ്ട്, മനുഷ്യർക്കു വേണ്ടുന്നവ. തേരാളിയായ താൻ പൊന്നിൻതേരിലിരിയ്ക്കും: കടിഞാണുകൾ തടിച്ച കൈകളിലടക്കം; പൂട്ടപ്പെട്ട യുവാശ്വങ്ങൾ വഴിയിൽ നടക്കും.2
നേതാവേ, വിഭൂതിയ്ക്കായി, പരിചരണം തൃക്കാല്ക്കൽ അർപ്പിയ്ക്കുന്നു. ബലത്താൽ കീഴമർത്തുന്നവനും വജ്രിയും ദക്ഷിണായുക്തനുമായ ഭവാൻ കാഴ്ചയ്ക്കായി നല്ല വടിവു പൂണ്ടു, സൂര്യൻപോലെ സഞ്ചരിയ്ക്കുന്നു.3
യാതൊന്നു പിഴിയുമ്പോളാണോ, പുരോഡാശവും മറ്റും പചിയ്ക്കുന്നതും, പൊരിയവിലൊരുക്കുന്നതും, അന്നം ചമയ്ക്കുന്ന നേതാക്കൾ സ്തുതിച്ചുകൊണ്ടും ഉക്ഥം ചൊല്ലിക്കൊണ്ടും ദേവകളെ ഉപഗമിയ്ക്കുന്നതും; ആ സോമം ഇന്ദ്രനോടു തുലോം ചേരുന്നു!4
അങ്ങയുടെ ബലത്തിന്റെ അറ്റം കണ്ടെത്തിയിട്ടില്ല: അതു മഹത്ത്വംകൊണ്ടു വാനൂഴികളെ ചിക്കെന്നു പേടിപ്പിച്ചു, അതിനെ, സ്തോതാവു വെമ്പലോടെ ഹവിസ്സുകൊണ്ടു യജിച്ചു, വെള്ളത്തിൽ ഗോഗണത്തെയെന്നപോലെ തൃപ്തിപ്പെടുത്തുന്നു!5
ഇത്രയും മഹാനായ ഇന്ദ്രൻ സുഖാഹ്വാതവ്യനായി ഭവിയ്ക്കട്ടെ: പച്ചയണക്കടയുള്ള താൻ വന്നാലും വരാഞ്ഞാലും ധനം നല്കും; ഇങ്ങനെയുള്ള നിസ്തുല്യബലൻ വളരെ രക്ഷസ്സുകളെയും ദസ്യുക്കളെയും നിഹനിയ്ക്കട്ടെ!6
[1] യജമാനരോട്; വലിയത് – മഹത്തായ കർമ്മം; അടുത്ത വാക്യത്തിലെ വലിയതിന്നു മഹത്തായ ധനം എന്നർത്ഥം.
[2] വേണ്ടുന്നവ – ധനങ്ങൾ.
[3] പ്രത്യക്ഷോക്തി: അർപ്പിയ്ക്കുന്നു – ഭരദ്വാജൻ, ദക്ഷിണായുക്തൻ – ദക്ഷിണയോടു, സ്തോതാക്കൾക്കു കൊടുക്കേണ്ടുന്ന ധനത്തോടു, കൂടിയവൻ.
[5] അതു – ബലം. വെള്ളത്തിൽ – വെള്ളത്തിലിറങ്ങിയ ഗോഗണത്തെ ഇടയൻ വെള്ളം കുടിപ്പിയ്ക്കുന്നതുപോലെ.
[6] പച്ചയണക്കട – ഹരിതവർണ്ണങ്ങളായ ഹനുക്കൾ. നല്കും – സ്തോതാക്കൾക്ക്.