ഭാരദ്വാജൻ നരൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
സ്തോത്രങ്ങൾ എപ്പോൾ പള്ളിത്തേരിൽ ചെന്നെത്തും? ആയിരംപേരെപ്പുലർത്താനുള്ള വക സ്തോതാവിന്നു ഭവാൻ എപ്പോൾ തരും? ഇവന്റെ സ്തോത്രത്തെ ഭവാൻ എപ്പോൾ ധനത്തിൽ പാർപ്പിയ്ക്കും? ഭവാൻ എപ്പോൾ കർമ്മങ്ങളെ അന്നംകൊണ്ടു രമണീയങ്ങളാക്കും?1
ഇന്ദ്ര, എന്നായിരിയ്ക്കും, അങ്ങ് ആൾക്കാരെ ആൾക്കാരോടും, വീരന്മാരെ വീരന്മാരോടും ഏറ്റുമുട്ടിയ്ക്കുകയും, പോരിൽ ജയിയ്ക്കുകയും, എതിരാളികളുടെ കറവപൈക്കളെ കീഴടക്കുകയും, ഞങ്ങൾക്കു് സാർവത്രികമായ ധനം തരികയും ചെയ്യുക?2
ഇന്ദ്ര, ബലിഷ്ഠ, എന്നായിരിയ്ക്കും, അങ്ങ് സ്തോതാവിന്നു ബഹുവിധമായ അന്നം ഏർപ്പെടുത്തുക; എന്നായിരിയ്ക്കും അങ്ങ് കർമ്മങ്ങളെയും സ്തുതികളെയും സ്വീകരിയ്ക്കുക? എന്നായിരിയ്ക്കും, അങ്ങ് ഗോപ്രദങ്ങളായ സ്തോത്രങ്ങളിൽ വന്നണയുക?3
ഇന്ദ്ര, എന്നാൽ അവിടുന്നു സ്തോതാവിന്നു ഗോക്കളെ നല്കുന്ന, അശ്വങ്ങളെക്കൊണ്ടാഹ്ലാദിപ്പിയ്ക്കുന്ന, ബലംകൊണ്ടു പുകൾപ്പെട്ട അന്നങ്ങൾ ഭരദ്വാജരിൽ വെച്ചാലും – അന്നങ്ങളെയും നല്ല കറവപ്പയ്യിനെയും തഴപ്പിച്ചാലും; സൽപ്രഭകൊണ്ടുദ്ഭാസിപ്പിച്ചാലും!4
ശക്ര, ആ പുതിയ ദ്രോഹിയെ ഭവാൻ മറ്റൊരു മട്ടിലാക്കണം! ശൂരനായ, പിളർത്തുന്നവനായ ഭവാനെ സ്തുതിയ്ക്കുന്ന ഞാൻ വെൺപാൽ ചുരത്തുന്ന പയ്യിങ്കൽനിന്നകലരുത്. മേധാവിൻ, അവിടുന്ന് ആംഗിരസരെ അന്നംകൊണ്ട് ആനന്ദിപ്പിച്ചാലും!5
[1] പ്രത്യക്ഷോക്തി: സ്തോതാവിന്ന് – എനിയ്ക്കു്. ഇവന്റെ – എന്റെ. ധനത്തിൽ പാർപ്പിയ്ക്കും – ലബ്ധധനമാക്കും. കർമ്മങ്ങൾ – അഗ്നിഹോത്രാദികൾ.
[2] ആൾക്കാരെ ആൾക്കാരോടും – ഞങ്ങളുടെ ആളുകളെ ശത്രുജനങ്ങളോടും. വീരന്മാരെ വീരന്മാരോടും – ഞങ്ങളുടെ പുത്രന്മാരെ ശത്രുപുത്രന്മാരോടും.
[3] ഗോപ്രദങ്ങൾ – ഗോലബ്ധിയാകുന്ന ഫലമുളവാക്കുന്ന.
[4] ഭരദ്വാജരിൽ – ഭരദ്വാജപുത്രന്മാരായ ഞങ്ങളിൽ.
[5] മറ്റൊരു മട്ടിലാക്കണം – മരിപ്പിയ്ക്കണം. പിളർത്തുന്നവനായ – ശത്രുക്കളെ. പയ്യ് – ഭവദ്ദത്തയായ ധേനു. ആംഗിരസർ – അംഗിരോഗോത്രക്കാരായ ഞങ്ങൾ.