ഭരദ്വാജപുത്രൻ ഗർഗ്ഗൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഗായത്രികയും ദ്വിപദയും ബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമേന്ദ്രാദികൾ ദേവത.
ഇത് ആസ്വാദ്യമാകുന്നു; ഇതു മധുരമാകുന്നു; ഇതു തീവ്രമാകുന്നു; ഇതു സത്തുളളതുമാകുന്നു: ഇതു കുടിച്ച ഇന്ദ്രനെ യുദ്ധത്തില്‍ ആരും കീഴമർത്തില്ല!1
ഇവിടെ ഇതു കുടിച്ചാല്‍ വലിയ മത്തുണ്ടാകും: ഇതുകൊണ്ടാണല്ലോ, ഇന്ദ്രന്‍ വൃതൃവധത്തില്‍ മദംപൃണ്ടത്; ഇതാണല്ലോ, ശംബരന്റെ പെരുംപടയെയും തഴച്ച തൊണ്ണൂൊമ്പതിനെയും ഉടച്ചത്!2
ഇതു കുടിച്ചാല്‍ എനിയ്ക്കു വാക്കു പുറപ്പെടും: ഇത് അരുമപ്പെട്ട ബുദ്ധിയെ പ്രകാശിപ്പിയ്ക്കും. ഇതത്രേ, ആറു പെരിയവയെ നിർമ്മിച്ചത്: അവയിലുൾപ്പെടാതെ ഒരുലകുമില്ല!3
ഇതു ഭൂവിനെ പരത്തി; ഇതു ദ്യോവിനെ ഉറപ്പിച്ചു; ഈ സോമം മികച്ച മൂന്നില്‍ അമൃതു വെച്ചിരിയ്ക്കുന്നു; ഇതു വിശാലമായ അന്തരിക്ഷത്തെ താങ്ങുന്നു!4
ഇതു പാർപ്പിടത്തില്‍ വെള്ളവീശുന്ന ഉഷസ്സുകളുടെ ഉദിപ്പിൽ, വിചിത്രദർശനമായ വെളിച്ചം കിട്ടിയ്ക്കുന്നു; മരുത്തുക്കളോടുകൂടിയ ഈ വലിയ വർഷകാരി ഒരു വലിയ ഊന്നുകൊണ്ട് ആകാശത്തെ ഉപ്പിച്ചു!5
ശൂര, ഇന്ദ്ര, വൃതഹന്താവായ ഭവാൻ സമ്പത്സമരത്തിനു, കലശത്തിലെ സോമം ഉശിരുണ്ടാംവണ്ണം കുടിച്ചാലും; മധ്യാഹ്നസവനത്തിൽ വയര്‍ നിറച്ചാലും. ധനനിധിയായ ഭവാൻ ഞങ്ങളില്‍ ധനം നിർത്തിയാലും!6
ഇന്ദ്ര, മുമ്പില്‍ നടക്കുന്നവനെന്നപോലെ, അവിടുന്നു ഞങ്ങളെ നോക്കണം; ഞങ്ങൾക്കു ധാരാളം ധനം കിട്ടിയ്ക്കണം; സുഖപ്രാപ്യനാകണം; ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം; വേണ്ടതു കൊണ്ടുവരണം!7
ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളെ മഹത്തായ ലോകത്തിലെയ്ക്കു – സുഖകരവും ഭയരഹിതവുമായ ജ്യോതിസ്സിലേയ്ക്കു – നിർബാധം കൊണ്ടുപോയാലും: ഞങ്ങൾ അങ്ങയുടെ ദശനീയങ്ങളായ തടിച്ചുരുണ്ട തൃക്കൈകളെ രക്ഷകരാക്കി സേവിയ്ക്കുമാറാകണം!8
ഇന്ദ്രം ശതധന, അവിടുന്നു ഞങ്ങളെ പരപ്പേറിയ പള്ളിത്തേരിലും, കെല്പേറിയ ഇരുകുതിരകളിലും കേറ്റിയിരുത്തിയാലും; അന്നങ്ങളിൽവെച്ചു തുലോം തഴച്ച അന്നം കൊണ്ടുവന്നാലും; മഘവാവേ, ഞങ്ങളുടെ ധനം മറ്റൊരു പണക്കാരൻ മുടിച്ചുകളയരുത്!9
ജന്ദ്ര, നിന്തിരുവടി സുഖിപ്പിച്ചാലും: എനിയ്ക്കു ജീവനൗഷധം തരാനൊരുങ്ങിയാലും; ബുദ്ധി, കത്തിയുടെ വായ്ത്തലപോലെ മൂച്ചർപ്പെടുത്തിയാലും. ഭവല്‍കാമനായ ഞാന്‍ ഇങ്ങനെ വല്ലതും പാഞ്ഞേയ്ക്കും; അതു ഭവാന്‍ സ്വീകരിയ്കണം. എന്നെയും ദേവസമേതനാക്കുക!10
ഞാന്‍ ത്രാതാവായ ഇന്ദ്രനെ, ഞാന്‍ തർപ്പകനായ ഇന്ദ്രനെ, ഞാന്‍ ഓരോ ഹവനത്തിലും സുഖാഹ്വാതവ്യനും ശുരനുമായ ഇന്ദ്രനെ, ഞാന്‍ ശക്രനും പുരുഹുതനുമായ ഇന്ദ്രനെ വിളിയ്ക്കുന്നു: മഘവാവായ ഇന്ദ്രന്‍ നമുക്കു സ്വസ്തി നല്കട്ടെ!11
സുത്രാമാവായ, ധനവാനായ ഇന്ദ്രന്‍ രക്ഷിച്ചു, നന്നായി സുഖിപ്പിയ്ക്കട്ടെ; വിശ്വവേദസ്സു വിദ്വേഷികളെ ഹനിയ്ക്കട്ടെ; അഭയം തരട്ടെ. നല്ല വീര്യത്തിന്നുടമകളാകണം, നമ്മൾ!12
ആ യജനീയന്റെ തിരുവുള്ളത്തിന്നും, ഭദ്രമായ സൗമനസ്യത്തിനും വിഷയമാക്കണം, നമ്മൾ: സുത്രാമാവായ, ധനവാനായ ആ ഇന്ദ്രൻ വിദ്വേഷികളെ നമ്മളില്‍നിന്നകലത്തുവെച്ചുതന്നേ മറയത്താട്ടി ചിതറിയ്ക്കട്ടെ!13
ഇന്ദ്ര, സ്കോതാവിനെ ഉക്ഥങ്ങളും സ്തോത്രങ്ങളും, വളരെ ഹവിസ്സും വളരെസ്സോമനീരും ഭവാങ്കലെയ്ക്കു, ജലം നിമ്നസ്ഥലത്തെയ്ക്കെന്നപോലെ പായുന്നു; വജ്രപാണേ, അവിടുന്നു സോമത്തില്‍ വെള്ളവും ഗോരസങ്ങളും വഴിപോലെ ചേർക്കുന്നു!14
തന്തിരുവടിയെ ആര്‍ സ്തൂതിയ്ക്കും? ആര്‍ കനിയിയ്ക്കും? ആര്‍ യജിയ്ക്കും? സദാ കയർക്കുമല്ലോ, മഘവാവ് താന്‍ ബുദ്ധികൊണ്ടു, നടക്കുന്നവന്‍ കാല്കളെയെന്നപോലെ, മുമ്പനെ പിമ്പിലാക്കും മറിച്ചുമാക്കും!15
ഇന്ദ്രൻ വീരനാണെന്ന കേട്ടിട്ടുണ്ട്: കരുത്തനെ കരുത്തനെ അമർത്താൻ നോക്കും; ഒന്നാമനെ രണ്ടാമതും, മറിച്ചുമാവും, കൊണ്ടു പോവുക; തഴച്ചവരെ തളർത്തും; രണ്ടിന്റെയും രാജാവാണ് പരിചരിയ്ക്കുന്ന മനുഷ്യരെ തെരുതെരെ വിളിയ്ക്കും!16
ഇന്ദ്രന്‍ പ്രധാനരോടു സഖ്യം ചെയ്യില്ല; അവരെ ഉപദ്രവിച്ചുകൊണ്ട്, അപ്രധാനരില്‍ ചേരും – പരിചരിയ്ക്കാത്തവരെ തട്ടിനീക്കിക്കൊണ്ടു വളരെസ്സംവത്സരം കഴിയ്ക്കും!17
പ്രതിരൂപനായ ഇന്ദ്രന്‍ ഓരോ രൂപം ധരിയ്ക്കുന്നു; തന്റെ ആ രൂപം വെവ്വേറെ കാണാം. താന്‍ സങ്കല്പംകൊണ്ടു നാനാവടിവെടുത്ത് എഴുന്നള്ളും: ഒരായിരമുണ്ടല്ലോ, തനിയ്ക്കു തേര്‍ക്കുതിരകൾ.18
ആ തേജസ്വി തേരിന്ന് ഇരുഹരികളെപ്പൂട്ടി, ഇവിടെ പലയിടങ്ങളില്‍ പരിലസിയ്ക്കുന്നു: സ്തോതാക്കളിരിയ്ക്കെ, സദാ മറ്റാരുള്ളു, വിദ്വേഷികളെ വറുക്കാൻ?19
ദേവന്മാരേ, ഞങ്ങൾ മാടുമേയാപ്രദേശത്തു പെട്ടുപോയി; പരന്ന ഭൂമി തട്ടിപ്പറിക്കാരെ തഴുകുന്നു. ബൃഹസ്പതേ, ഭവാൻ ഗോക്കളെത്തിരയാൻ ഉപായവും, ഇന്ദ്ര, ഭവാൻ ഇങ്ങനെയിരിയ്ക്കുന്ന സ്തോതാവിന്നു വഴിയും പറഞ്ഞുതരിക!20
വൃഷാവു നാൾതോറും സ്വസ്ഥാനത്തുനിന്നുദിച്ച്, ഏകരൂപകങ്ങളായ കറുമ്പികളെ മറ്റേപ്പകുതിയ്ക്കുവേണ്ടി പിന്മാറ്റുന്നു. മുടിയ്ക്കുന്ന, മുതല്ക്കൊതിയന്മാരായ വർച്ചി – ശംബരന്മാരെ അദ്ദേഹം ഉദവ്രജത്തിൽവെച്ചു വധിച്ചു!21
ഇന്ദ്ര, അങ്ങയുടെ ആരാധകന്നു പ്രസ്തോകൻ പത്തു പൊന്നുറപ്പകളും പത്തു കുതിരകളെയും തൽക്ഷണം തന്നു! അതിഥിഗ്വനായദിവോദാസങ്കൽനിന്നു, തനതായിത്തീർന്ന ആ ശംബരധനം ഞങ്ങൾ സ്വീകരിച്ചു.22
പത്തു കുതിരകൾ, പത്തുറപ്പകൾ, വിലയേറിയ പത്തു വസ്ത്രങ്ങൾ, പത്തു സ്വർണ്ണക്കട്ടികൾ എന്നിവ ദിവോദാസങ്കൽനിന്ന് എനിയ്ക്കുകിട്ടി.23
പത്തു കുതിരത്തേരുകൾ, നൂറു ഗോക്കൾ എന്നിവയെ അശ്വഥൻ അധർവഗോത്രക്കാർക്കും പായുവിന്നും കൊടുത്തു.24
വിശ്വജനീനമായ വലിയ ധനം കൊടുത്തു, സജ്ഞയപുത്രൻ ഭരദ്വാജരെ പൂജിച്ചു.25
മരമേ, നീ ദൃഢഗാത്രമാകുക; നീ ഞങ്ങളെ സഖാക്കളാക്കി, നല്ല വീരന്മാരോടുംകൂടി വളർത്തുക; മൂരിത്തോൽകൊണ്ടു പൊതിയപ്പെട്ട നീ (ഞങ്ങളെ) ഉറപ്പിയ്ക്കുക. നിങ്കൽ കേറിയവൻ ജേതവ്യരെ ജയിയ്ക്കട്ടെ!26
ദ്യോവിൽനിന്നും ഭൂവിൽനിന്നും എടുക്കപ്പെട്ട ഓജസ്സും, വൃക്ഷങ്ങളിൽനിന്നു സംഭരിയ്ക്കപ്പെട്ട ബലവും, ജലംപോലെ ജവനവും, മൂരിത്തോൽ ചുറ്റിയതും, ഇന്ദ്രന്റെ വജ്രവുമായ രഥത്തെ ഭവാൻ ഹവിസ്സുകൊണ്ടു യജിച്ചാലും!27
ഇന്ദ്രന്റെ വജ്രം, മരുത്തുക്കളുടെ മുൻഭാഗം, മിത്രന്റെ ഗർഭം, വരുണന്റെ പൊക്കിൾ – ഇങ്ങനെയുള്ള ഭവാൻ, ദേവ, രഥമേ, ഞങ്ങളുടെ യജ്ഞത്തിൽ വന്നു, ഹവിസ്സു സ്വീകരിച്ചാലും!28
പടഹമേ, ഭവാൻ മന്നിനെയും വിണ്ണിനെയും ആശ്വസിപ്പിയ്ക്കുക: ചരാചരാത്മകമായ ജഗത്തു ഭവാനെ പലമട്ടിൽ അറിയട്ടെ. ആ ഭവാൻ ഇന്ദ്രനോടും ദേവകളോടുംകൂടി, ശത്രുക്കളെ ദൂരദൂരത്തെയ്ക്കോടിച്ചാലും!29
പടഹമേ, ഭവാൻ നിലവിളിപ്പിയ്ക്കുക; ഞങ്ങൾക്കു സൈന്യത്തെയും ബലത്തെയും തരിക; ദുരിതങ്ങളെ തട്ടിനീക്കിക്കൊണ്ടു ശബ്ദിയ്ക്കുക. വിദ്രോഹികളെ ഇവിടെനിന്നു പായിയ്ക്കുക. ഇന്ദ്രന്റെ മുഷ്ടിയാണല്ലോ, ഭവാൻ; (ഞങ്ങളെ) ഉറപ്പിച്ചാലും!30
ഇന്ദ്ര, അവിടുന്ന് ഇവയെ വീണ്ടെടുക്കുക, ഇവയെ പിന്തിരിപ്പിയ്ക്കുക. അടയാളമായി പടഹം ഒലിമുഴക്കുന്നു: ഞങ്ങളുടെ ആളുകൾ കുതിരപ്പുറത്തു കേറി സഞ്ചരിയ്ക്കുമ്പോൾ, ഞങ്ങളുടെ തേരാളികൾ ജയിയ്ക്കട്ടെ!31
[1] ഇതുമുതൽ അഞ്ചൃക്കുകളുടെ ദേവത, സോമമാകുന്നു: ഇതു് – സോമം.
[2] ഇവിടെ – ഈ യാഗത്തിൽ. തൊണ്ണൂറ്റൊമ്പത് – പുരികൾ.
[3] ആറു പെരിയവ – ദ്യോവ്, ഭൂവ്, പകൽ, രാത്രി, വെള്ളം, സസ്യങ്ങൾ.
[4] മൂന്നിൽ – സസ്യങ്ങളിലും, ജലത്തിലും, പൈക്കളിലും.
[5] പാർപ്പിടം – അന്തരിക്ഷം. വർഷകാരി = മഴപെയ്യിയ്ക്കുന്നത്.
[6] സമ്പത്സമരം – ശത്രുധനമടക്കാൻവേണ്ടിയുള്ള യുദ്ധം.
[7] മാർഗ്ഗരക്ഷകൻ മുമ്പിൽ നടക്കും; പിന്നില്‍ നടക്കുന്നവരെ രക്ഷിപ്പാന്‍ കൂടെക്കൂടെ തിരിഞ്ഞുനോക്കുകയും ചെയ്യും. മറുകരയിലെത്തിയ്ക്കുണം – ശത്രുക്കളുടെ അപ്പുറത്താക്കണം. വേണ്ടതു – ഭോഗ്യവിഭവം.
[9] ശതധന – വളരെദ്ധനമുള്ളവനേ.
[10] സുഖിപ്പിച്ചാലും – ഞങ്ങളെ. ദേവസമേതൻ – രക്ഷകരായ ദേവന്മാരോടു ചേർന്നവൻ.
[13] തിരുവുള്ളം – പ്രസാദം; സൗമനസ്യം – അനുഗ്രഹബുദ്ധി. രണ്ടും ഏതാണ്ട് ഒന്നുതന്നെ.
[14] ചേർക്കുന്നു – ഋത്വിക്കുകളുടെ കർമ്മം ഇന്ദ്രങ്കൽ ആരോപിച്ചിരിയ്ക്കയാണ്.
[15] സ്തുതിയ്ക്കും? സ്തുതിപ്പാൻ ശക്തനാകും. മുമ്പനെ പിമ്പിലാക്കും – പ്രധാനനുമാക്കും. നടക്കുമ്പോൾ, മുന്നിൽ വെച്ച കാൽ പിന്നിലും, പിന്നിൽവെച്ചതു മുന്നിലുമായി ക്കൊണ്ടിരിയ്ക്കുമല്ലോ.
[16] കരുത്തനെ – ബലവാനായ ശത്രുവിനെ. തഴച്ചവരെ – കഴിവുണ്ടായിരിയ്ക്കെ, യജിയ്ക്കാത്തവരെ. രണ്ടിന്റേയും – ദിവ്യ – ഭൗമസമ്പത്തുകളുടെ. വിളിയ്ക്കും – രക്ഷിയ്ക്കാൻ.
[17] പരിചരിയ്ക്കുന്നവരോടേ സംഖ്യം കൊള്ളുകയുള്ളു.
[18] പ്രതിരൂപൻ – രൂപങ്ങളുടെ പ്രതിനിധി. ഓരോ രൂപം – അഗ്ന്യാദി ദേവതാസ്വരൂപം. പരമാത്മാവു പ്രപഞ്ചാത്മനാ പരിണമിയ്ക്കുന്നു എന്ന അർത്ഥത്തിലും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്; ആ പക്ഷത്തില്‍, തേര്‍ക്കുതിരകൾ, ഇന്ദ്രിയവൃത്തികളാകുന്നു.
[19] വറുക്കാൻ – നശിപ്പിയ്ക്കാൻ എന്നർഥം.
[20] ഗർഗ്ഗൻ ഒരിക്കൽ വഴിതെറ്റി ഒരു നിർജ്ജനപ്രദേശത്തു പൊട്ടുപോയി. അപ്പോൾ രക്ഷപ്പെടാൻ ദേവന്മാരെ സ്തുതിച്ചു: മാടുമേയാത്ത പ്രദേശം – പുല്ലുമില്ലാത്ത മരുഭൂമി. തഴുകുന്നു – തട്ടിപ്പറിക്കാരാണ്, ഇവിടെയുള്ളത്. തിരിയാൻ – കാണാതായ പൈക്കളെ തിരഞ്ഞുനടക്കുന്നതിനിടയിലാണ്, ഗർഗ്ഗൻ മരുഭൂമിയിൽ ചെന്നണഞ്ഞത്. ഇങ്ങനെയിരിയ്ക്കുന്ന – കഷ്ടത്തിലകപ്പെട്ട. സ്തോതാവിന്ന് – എനിയ്ക്ക്.
[21] ഉദിച്ച് – സൂര്യാത്മനാ പ്രാദുർഭവിച്ച് കറുമ്പികൾ – രാത്രികൾ. മറ്റേപ്പകുതി – പകൽ. മുടിയ്ക്കുന്ന – യജ്ഞകർമ്മങ്ങളെ. വർച്ചി – ഒരസുരൻ. ഉദവ്രജം – ഒരു ദേശം.
[22] ഇതുമുതൽ നാലൃക്കുകളിൽ ദിവോദാസനെന്ന രാജാവിന്റെ ദാനശീലത്വം സ്തുതിയ്ക്കപ്പെടുന്നു: ആരാധകന്നു – എനിയ്ക്കു്. പ്രസ്തോകൻ – ദിവോദാസന്റെ നാമാന്തരം. പൊന്നുറപ്പകൾ – പൊൻനാണ്യം നിറച്ച ഉറപ്പകൾ, ഒരുതരം വലിയ സഞ്ചികൾ. തൽക്ഷണം – അങ്ങയെക്കുറിച്ചുള്ള സ്തുതി ചൊല്ലിയപ്പോൾത്തന്നെ. തനതായിത്തീർന്ന – ശംബരനെ വധിച്ചു ഭവാൻ അദ്ദേഹത്തിന്നു കൊടുത്തതിനാൽ അദ്ദേഹത്തിന്റേതായിത്തീർന്ന.
[24] അശ്വഥൻ – ദിവോദാസന്റെ മറ്റൊരു പേർ. പായു – ഗർഗ്ഗന്റെ ഭ്രാതാവ്.
[25] സൃജ്ഞയൻ – ദിവോദാസന്റെ അച്ഛൻ.
[26] തേരിൽക്കേറുമ്പോൾ ജപിയ്ക്കേണ്ടുന്ന മന്ത്രം: മരമേ – ദാരുനിർമ്മിതമായ രഥമേ. രഥമാണ് ഇതുമുതൽ മൂന്നൃക്കുകളുടെ ദേവത.
[27] വൃക്ഷങ്ങൾ ഭൂമിയുടെ സാരഭൂതങ്ങളാണ്; അവ ദ്യോവിലെ ജലം (മഴ) കൊണ്ടു വളരുന്നു. അതിനാലാണ്, ദാരുമയമായ രഥത്തെ വാനൂഴികളിൽ നിന്നെടുത്ത ഓജസ്സാക്കിക്കല്പിച്ചിരിയ്ക്കുന്നത്. വജ്രം – വജ്രത്തിന്റെ ഒരംശം; വജ്രത്തിന്റെ ഒരു ഭാഗമത്രേ, രഥം. ഭവാൻ – അധ്വര്യുവിനോടു പറയുന്നതാണിത്.
[28] മുൻഭാഗം – അതിന്നൊത്ത ഗതിവേഗമുള്ളത്. ഗർഭം – അന്തവർത്തി: പകലാണല്ലോ, തേർ നടക്കുക; പകലിന്റെ അധിദേവത, മിത്രനാണ് നാഭി – വരുണന്റേതായ രാത്രിയിൽ, ദേഹമധ്യത്തിൽ പൊക്കിളെന്നപോലെ, നിശ്ചലമായി വർത്തിയ്ക്കുന്നത്.
[29] ഇതുമുതൽ മൂന്നൃക്കുകൾക്കു പെരുമ്പറയാണ്, ദേവത. ആശ്വസിപ്പിയ്ക്കുക – ജയഘോഷംകൊണ്ട്.
[30] നിലവിളിപ്പിയ്ക്കുക – ഞങ്ങളുടെ ശത്രുക്കളെ കരയിച്ചാലും. മുഷ്ടി – മുഷ്ടിപോലെ ശത്രുക്കളെ മർദ്ദിയ്ക്കുന്നത്.
[31] ഇവയെ – ശത്രുക്കളുടെ പക്കൽപ്പെട്ട ഗോക്കളെ. സഞ്ചരിയ്ക്കുമ്പോൾ – ശത്രുക്കളോടു യുദ്ധംചെയ്യുമ്പോൾ.