ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബഹുദേവന്മാർ ദേവത.
നിങ്ങളുടെ അദിതിദേവിയെയും വരുണനെയും മിത്രനെയും അഗ്നിയെയും, അരിസൂദനനായ, ശോഭനസുഖനായ അര്യാമാവിനെയും, സവിതാവിനെയും, ഭഗനെയും – രക്ഷിതാക്കളായ ദേവന്മാരെയല്ലാം – ഞാൻ സുഖത്തിന്നുവേണ്ടി, വണങ്ങി സ്തുതിയ്ക്കുന്നു.1
സുപ്രഭ, സൂര്യ, തേജസ്സു തെളിഞ്ഞ ദക്ഷദൗഹിത്രരായ ദേവന്മാരെ ഭവാൻ ദോഷം ചെയ്യാത്തനിലയിൽ നിർത്തണം: ഇരുലോകങ്ങളിൽ വെളിപ്പെടുന്നവരും, യജ്ഞങ്ങളിൽ സംബന്ധിയ്ക്കുന്നവരും, സത്യശീലരും, ധനികരും, യഷ്ടവ്യരും അഗ്നിജിഹ്വരുമാണല്ലോ, അവർ!2
ദ്യാവാപൃഥിവികളെ, നിങ്ങൾ ഞങ്ങൾക്കു കനത്ത കരുത്തുളവാക്കുവിൻ; രോദാസികളേ, സുസുഖകളേ, നിങ്ങൾ ഞങ്ങൾക്കു വലിയ ഗൃഹം, വളരെദ്ധനമുണ്ടാകുമാറ്, തന്നരുളുവിൻ; ധിഷണമാരേ, നിങ്ങൾ ഞങ്ങളെ പാപം പറ്റാതെ പാർപ്പിയ്ക്കുവിൻ!3
ചെറുതോ വലുതോ ആയ യുദ്ധത്തിൽ നില്ക്കുന്ന ഞങ്ങൾ മരുദ്ദേകളെ എപ്പോൾ വിളിയ്ക്കുമോ; അപ്പോൾ, വിളിയ്ക്കപ്പെട്ട ആ വസുക്കളും അബാധിതരുമായ രുദ്രപുത്രന്മാർ ഞങ്ങളുടെ അടുക്കലെയ്ക്കിറങ്ങട്ടെ!4
രോദസീദേവി യാവചിലരിൽ ചിക്കെന്നു ചെല്ലുമോ, സമൃദ്ധിവരുത്തി പൂജിയ്ക്കുന്ന പൂഷാവും സേവിയ്ക്കുമോ; മരുത്തുക്കളേ, ആ നിങ്ങൾ ഞങ്ങളുടെ വിളികേട്ട് ഇങ്ങോട്ട് വരുമ്പോൾ, ഓരോ വഴിയിലും ജീവജാലം വിറച്ചുപോകും!5
സ്തോതാവേ, ആ സ്ത്രോത്രം കൈക്കൊള്ളുന്ന വീരനായ ഇന്ദ്രനെ ഭാവാൻ ഒരു പുതിയ സ്തവംകൊണ്ടു പൂജിയ്ക്കുക: പുകഴ്ത്തപ്പെട്ടവൻ സ്തുതികേൾക്കുകതന്നെ ചെയ്യും; വാഴ്ത്തപ്പെട്ടവൻ വളരെ അന്നവും തരും!6
തണ്ണീരുകളേ, മനുഷ്യഹിതങ്ങളായ നിങ്ങൾ പുത്രന്നും പൗത്രന്നും അഹിംസിതമായ അന്നവും സുഖവും ശാന്തിയും തരുവിൻ: ചരാചരങ്ങളെയെല്ലാം പ്രസവിച്ച നിങ്ങൾ അമ്മമാരിലും കവിഞ്ഞ ഭിഷക്കുകളാണല്ലോ!7
രക്ഷകനായ, സുവർണ്ണപാണിയായ, യഷ്ടവ്യനായ സവിതൃദേവൻ നമ്മുടെ അടുക്കൽ വന്നെത്തട്ടെ: ഉഷസ്സുദിപ്പുപോലെ, ഹവിർദ്ദാതാവിന്നു വരണീയങ്ങളെ വെളിപ്പെടുത്തുന്ന ധനവാനാണല്ലോ, അവിടുന്ന്!8
ബലപുത്ര, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ഈ യാഗത്തിൽ ദേവന്മാരെ കൊണ്ടുവന്നാലും: ഞാൻ എന്നും അങ്ങയുടെ ദാനത്തിൽ വർത്തിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ രക്ഷയാൽ ഞാൻ നല്ല വീരന്മാരോടുകൂടിയവനുമാകണം!9
മേധാവികളായ നാസത്യരേ, ആ നിങ്ങൾ എന്റെ കർമ്മസഹിതമായ സ്തോത്രത്തിൽ ശീഘ്രം വന്നെത്തുവിൻ: നേതാക്കളേ, അത്രിയെ കൂരിരുളിൽനിന്നു മോചിപ്പിച്ചപോലെ (ഞങ്ങളെ) യുദ്ധത്തിൽ ദുഃഖത്തിൽനിന്നു കരയേറ്റുവിൻ!10
ദേവന്മാരേ, ആ നിങ്ങൾ ഞങ്ങൾക്കു തേജസ്സും ഓജസ്സും ആൾക്കാരും ചേർന്ന ബഹുസ്തുത്യമായ ധനം തന്നരുളുവിൻ; ദിവ്യരും ഭൗമരും ഗോജാതരും അന്തരിക്ഷോൽപന്നരുമായ നിങ്ങൾ ദാനംകൊണ്ടു സുഖിപ്പിയ്ക്കുകയുംചെയ്യുവിൻ!11
ആ വർഷകർ – രുദ്രനും, സരസ്വതിയും, വിഷ്ണുവും, വായുവും, ഋഭുവിഭ്വവാജന്മാരും, ദേവഹിതനായ വിധാതാവും – സമാനപ്രീതിയോടെ നമ്മെ സുഖിപ്പിയ്ക്കട്ടെ; പർജ്ജന്യനും വായുവും നമുക്കു് അന്നും വർദ്ധിപ്പിയ്ക്കട്ടെ!12
അ ദേവൻ സവിതാവും, ഭഗനും, സമ്പത്തു നിറയ്ക്കുന്ന സലിലപുത്രനും, ദേവന്മാരോടും തൽപത്നിമാരോടും കൂടിയ ത്വഷ്ടാവും, ദേവന്മാരോടുകൂടിയ ദ്യോവും, സമുദ്രങ്ങളോടുകൂടിയ ഭൂവും സമാനപ്രീതിയോടെ നമ്മെ രക്ഷിയ്ക്കട്ടെ!13
അഹിർബുധ്ന്യനും, അജനായ ഏകപാത്തും, ഭൂമിയും, സമുദ്രവും നമ്മുടെ സ്തോത്രം കേൾക്കട്ടെ; കവികളാൽ ശസ്ത്രം ചൊല്ലപ്പെട്ട, സ്തുതിയ്ക്കപ്പെട്ട, വിളിയ്ക്കപ്പെടുന്ന, മന്ത്രപ്രതിപാദ്യരായ, യജ്ഞവർദ്ധകരായ ദേവന്മാരെല്ലാം രക്ഷിയ്ക്കട്ടെ!14
ഇങ്ങനെ, എന്റെ പുത്രന്മാരായ ഭരദ്വാജഗോത്രക്കാർ അർച്ചനസാധനങ്ങളായ സ്തോത്രങ്ങൾകൊണ്ടു സ്തുതിച്ചുപോരുന്നു: യജനീയരേ, തർപ്പിയ്ക്കപ്പെട്ട, വസുക്കളായ, അധർഷിതരായ നിങ്ങളെല്ലാവരും, ദേവപത്നിമാരും പുകഴ്ത്തപ്പെടുവിൻ.15
[1] നിങ്ങളുടെ – അമ്മയായ.
[2] ദക്ഷദൗഹിത്രർ = ദക്ഷന്റെ മകളുടെ, അദിതിയുടെ, പുത്രന്മാർ. ഇരുലോകങ്ങളിൽ – സ്വർഗ്ഗത്തിലും ഭൂമിയിലും.
[3] ധിഷണമാർ = ധാരയിത്രികൾ; ദ്യാവാപൃഥിവികളുടെ ഒരു പര്യായം.
[5] രോദസി – രുദ്രപത്നി, സമൃദ്ധി വരുത്തി പൂജിയ്ക്കുന്ന – സ്തോതാക്കളെ സമ്പത്സ്മൃദ്ധരാക്കി മാനിയ്ക്കുന്ന.
[7] ഭിഷക്കുകൾ = വൈദ്യന്മാർ.
[8] വരണീയങ്ങൾ – ധനങ്ങൾ
[9] വീരന്മാർ = പുത്രാദികൾ.
[11] ദിവ്യർ – അദിത്യർ. ഭൗമർ – വസുക്കൾ. ഗോജാതർ – പൃശ്നിപുത്രരായ മരുത്തുക്കൾ. അന്തരിക്ഷോൽപന്നർ – രുദ്രന്മാർ. ദാനംകൊണ്ടു – അഭീഷ്ടങ്ങൾ തന്ന്.
[12] വിധാതാവ് – പ്രജാപതി.
[13] സലിലപുത്രൻ – വൈദ്യുതാഗ്നി.
[14] അജനായ ഏകപാത്ത് – ഒരു ദേവൻ. കവികൾ – ഋഷിമാർ.
[15] പുകഴ്ത്തപ്പെടുവിൻ – എന്റെ (ഋജിശ്വാവിന്റെ) പുത്രന്മാരായ സുഹോത്രാദികളാൽ സ്തുതിയ്ക്കപ്പെട്ടുവിൻ.