ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രാവരുണന്മാർ ദേവത.
മഹാന്മാരായ ഇന്ദ്രാവരുണന്മാരേ, നിങ്ങൾക്കു ക്ഷിപ്രകാരിയായ സോമം ഇപ്പോൾ ഒന്നിച്ച് ഒരുങ്ങിയിരിയ്ക്കുന്നു. ഇതാണല്ലോ, മനുവിനെന്നപോലെ ദർഭ വിരിച്ചവന്ന് അന്നത്തിന്നും മഹത്തായ സുഖത്തിനും വേണ്ടി ജയിപ്പാൻ നിങ്ങളെ വരുത്തുന്നത്!1
ശ്രേഷ്ഠന്മാരും, യാഗത്തിൽ ധനം നല്കുന്നവരും, ശൂരരിൽവെച്ചു ബലവാന്മാരും, – അത്യുർജ്ജിതന്മാരും – ദാതാക്കളിൽവെച്ചു മുന്തിയവരും, സത്യംകൊണ്ടു ശത്രുക്കളെ ഹനിയ്ക്കുന്നവരും, സമഗ്രസൈന്യരുമാണല്ലോ, നിങ്ങൾ!2
ശ്ലാഘ്യമായ ബലംകൊണ്ടും സുഖംകൊണ്ടും പുകഴ്ത്തപ്പെടുന്ന ആ ഇന്ദ്രാവരുണന്മാരെ നീ സ്തുതിയ്ക്കുക: അവരിലൊരാൾ വൃതനെ വജ്രംകൊണ്ടു കൊല്ലും; മറ്റേപ്രാജ്ഞൻ ഉപദ്രവം നീക്കാൻ കരുത്തോടെ ചെല്ലും!3
മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം സ്വയമൊരുങ്ങി സ്തുതിച്ചു വളർത്തുമ്പോൾ, ഇന്ദ്രാവരുണന്മാരേ, നിങ്ങൾ മഹത്വത്താൽ ഇവർക്കായി കഴിവുകൊള്ളണം: ദ്യോവേ, ഭൂവേ, മഹതികളായ നിങ്ങളും!4
ഇന്ദ്ര, വരുണ, യാവനൊരുത്തൻ നിങ്ങൾക്കു സ്വയം (ഹവിസ്സു) തരുന്നുവോ അവൻതന്നേ, ശോഭനദാസൻ: അവന്നു വിത്തവും യജ്ഞവും കൈവരും; ആ ദാദാവിങ്കൽ ചെന്നുചേരും, ദ്രോഹികളുടെ അന്നം; ധനവും ധനികരായ ആളുകളും അവന്നുണ്ടായിവരും!5
ഇന്ദ്രാവരുണദേവന്മാരേ, പുഷ്ടിപ്പെടുന്ന, പുകളേറിയ യാതൊരു ധനം നിങ്ങൾ ഹവിർദ്ദാതാവിന്നു നല്കിവരുന്നുവോ; അതു – ദ്രോഹികൾ ഉണ്ടാക്കിത്തീർത്ത അകീർത്തിയെ ഉടയ്ക്കുന്ന അതു – ഞങ്ങളിലെത്തുമാറാകണം!6
അത്രമാത്രമല്ല, ഇന്ദ്രാവരുണന്മാരേ, നല്ല രക്ഷയോടുകൂടിയ – ദേവന്മാർ കാവൻനില്ക്കുന്ന – ധനം സ്തോതാക്കളായ ഞങ്ങൾക്കുണ്ടാകണം: ഞങ്ങളുടെ ബലം യുദ്ധങ്ങളിൽ കീഴമർത്തിയും, ഹനിച്ചും, യശസ്സിനെ ഉടനടി തട്ടിനീക്കണം!7
ഇന്ദ്രാവരുണദേവന്മാരേ, സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഉടനേ ഞങ്ങൾക്കു നല്ല കേൾവിയ്ക്കുവേണ്ടി ധനം തന്നരുളുവിൻ; മഹാന്മാരായ നിങ്ങളുടെ ബലത്തെ ഇപ്രകാരം പാടിപ്പുകഴ്ത്തുന്ന ഞങ്ങൾ, പുഴ തോണികൊണ്ടെന്നപോലെ, പാപം കടക്കുകയുംചെയ്യണം!8
മഹിമയും മനീഷയുമുള്ള, ജരയില്ലാത്ത യാതൊരു മഹാകർമ്മാവു തേജസ്സിനാൽ വാനൂഴികളെ ശോഭിപ്പിയ്ക്കുന്നുവോ, ആ വലിയ സാമ്രാട്ടായ വരുണദേവന്നു നീ ഒരു സുവിശാലമായ മനോഹരസ്തോത്രം ചൊല്ലുക!9
നീർ നുകരുന്ന ഇന്ദ്രാവരുണന്മാരേ, ഈ പിഴിഞ്ഞ മദകരമായ സോമം നിങ്ങൾ കുടിയ്ക്കുവിൻ: ധൃതവൃതരേ, വേദപാനത്തിന്നും സ്വപാനത്തിനുംവേണ്ടി യാഗത്തിനു പോരാറുള്ളതാണല്ലോ, നിങ്ങളുടെ തേർ!10
ഇന്ദ്രാവരുണന്മാരേ, വൃഷാക്കളായ നിങ്ങൾ ഈ അതിമധുരവും വർഷവുമായ സോമം ഭുജിച്ചാലും: നിങ്ങൾക്കായി പകർന്നുവെച്ചതാണ്, ഈ ഹവിസ്സ്; ഈ ദർഭയിലിരുന്ന് ഇമ്പംകൊള്ളുവിൻ!11
[1] ക്ഷിപ്രകാരി – വേഗത്തിൽ ഫലമുളവാക്കുന്നത് ഒന്നിച്ച് – ഋത്വിക്കുകളോടുകൂടി. ദർഭ വിരിച്ചവൻ – യജമാനൻ.
[3] ഋഷി, തന്നോടുതന്നെ പറയുന്നു: ഒരാൾ – ഇന്ദ്രൻ. മറ്റേപ്രാജ്ഞൻ – വരുണൻ. ഉപദ്രവം – സ്തോതാക്കൾക്കുണ്ടാകുന്ന പീഡ.
[4] ഇവർയ്ക്കായി – സ്തോതാക്കൾക്കായി. കഴിവുകൊള്ളണം – രക്ഷണശക്തിയെടുക്കണം. നിങ്ങളും – കഴിവുകൊള്ളണം.
[5] ദ്രോഹികളുടെ – ജയിയ്ക്കപ്പെട്ട വിദ്വേഷികളുടെ. ആളുകൾ – പുത്രന്മാർ.
[7] യശസ്സിനെ – ശത്രുക്കളുടെ കീർത്തിയെ.
[9] സ്തോതാവിനോട്.
[10] നീർ – സോമരസം. ധൃതവ്രതർ – കർമ്മവാന്മാർ.