ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവിഷ്ണുക്കൽ ദേവത.
ഇന്ദ്രാവിഷ്ണുക്കളേ, നിങ്ങളെ ഞാൻ കർമ്മംകൊണ്ടും ഹവിസ്സുകൊണ്ടും പ്രേരിപ്പിയ്ക്കുന്നു: ഈ കർമ്മത്തിന്റെ അവസാനത്തിൽ നിങ്ങൾ യജ്ഞത്തിലെഴുന്നള്ളണം; ഞങ്ങളെ നിരുപദ്രവമാർഗ്ഗങ്ങളിലൂടെ മറുകരയിലാക്കി, ധനം തന്നരുളുകയും ചെയ്യണം!1
ആ ഇന്ദ്രാവിഷ്ണുക്കൾ എല്ലാ സ്തുതികളും ഉൽപാദിപ്പിയ്ക്കണം; രണ്ടു സോമക്കുടങ്ങളുമായിത്തീരണം! സ്തോതാക്കൾ ചൊല്ലുന്ന ശസ്ത്രങ്ങളും, പാടുന്ന സ്തോത്രങ്ങളും നിങ്ങളിലെത്തട്ടെ!2
ഇന്ദ്രാവിഷ്ണുക്കളേ, മദങ്ങളിൽവെച്ചു മികച്ച മദത്തിന്റെ അധിപതികളായ നിങ്ങൾ ധനങ്ങളുമെടുത്തു സോമത്തിലെയ്ക്കു വരുവിൻ: സ്തോതാക്കൾ ഉക്ഥങ്ങളോടുകൂടി ഉച്ചരിയ്ക്കുന്ന സ്തോത്രങ്ങൾ നിങ്ങളെ തേജസ്സു തേപ്പിയ്ക്കട്ടെ!3
ഇന്ദ്രാവിഷ്ണുക്കളേ, ദ്രോഹികളെ അമർത്തുന്ന, ഒപ്പം ഇമ്പപ്പെടുന്ന കുതിരകൾ നിങ്ങളെ കൊണ്ടുവരട്ടെ: സ്തോതാക്കളുടെ എല്ലാ സ്തുതികളും നിങ്ങൾ കൈക്കൊള്ളണം; എന്റെ സ്തോത്രങ്ങളും ശസ്ത്രങ്ങളും കേൾക്കുവിൻ!4
ഇന്ദ്രാവിഷ്ണുക്കളേ, അതു സ്തുത്യംതന്നെ: നിങ്ങൾ സോമത്തിന്റെ മത്തിൽ വാരുറ്റ ചുവടുകൾ വെച്ചു; അന്തരിക്ഷത്തിന്നു വലുപ്പംകൂട്ടി; ഞങ്ങൾക്കു ജീവിപ്പാൻ, ലോകങ്ങളും വിശാലങ്ങളാക്കി!5
ധൃതാന്നരായ ഇന്ദ്രവിഷ്ണുക്കളേ, ഹവിസ്സുകൊണ്ടു വളരുന്ന, തെളിസോമം നുകരുന്ന, നമസ്കാരപൂർവം ഹവിസ്സിലർപ്പിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങൾക്കു ധനം തന്നാലും: നിങ്ങൾ സമുദ്രമാണ്; സോമകലശമാണ്!6
ദർശനീയരായ ഇന്ദ്രാവിഷ്ണുക്കളേ, ഈ മത്തുപിടിപ്പിയ്ക്കുന്ന സോമം നിങ്ങൾ കുടിയ്ക്കുവിൻ, തിരുവയർ നിറയ്ക്കുവിൻ: മദകരമായ അന്നം നിങ്ങളിലണയട്ടെ; എന്റെ സ്തോത്രവും വിളിയും കേൾക്കുവിൻ!7
നിങ്ങളിരുവരും ജയിയ്ക്കയേ ചെയ്യൂ, തോല്ക്കാറില്ല – നിങ്ങളിലൊരാളും തോല്ക്കുകയുണ്ടായിട്ടില്ല. വിഷ്ണോ, ഇന്ദ്രനും അങ്ങും യാതൊന്നിന്നായി (അസുരന്മാരോടു) പൊരുതിയോ, ആ ത്രിവിധമായ ആയിരത്തെ കല്പിച്ചളന്നു!8
[1] പ്രേരിപ്പിയ്ക്കുന്നു – ഇങ്ങോട്ടു വരാൻ. മറുകരയിലാക്കി – പൂർണ്ണയജ്ഞരാക്കി.
[2] അന്തിമവാക്യം പ്രത്യക്ഷോക്തി: സോമക്കുടങ്ങളുമായിത്തീരണം – കുടങ്ങളിൽ സോമനീർ പകർന്നുവെയ്ക്കുന്നതുപോലെ, ഉദരങ്ങളിൽ സോമനീർ നിറയ്ക്കണം.
[3] തേപ്പിയ്ക്കട്ടെ – എണ്ണ തേപ്പിയ്ക്കുന്നതുപോലെ.
[5] മുപ്പാരളക്കാൻ ചുവടുകൾ വെച്ചതു വിഷ്ണുവാണെങ്കിലും, രണ്ടുപേരുടേയും പ്രയോജനം ഒന്നാകയാൽ, ഇന്ദ്രനെയും ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
[6] തെളിസോമം – സോമനീരിന്റെ തെളിഞ്ഞമേൽ ബ്ഭാഗം. സമുദ്രമാണ് – സോമനീർപ്പുഴകൾ നിങ്ങളിൽ ചേർന്നുകൊണ്ടിരിയ്ക്കും. സോമകലശം – രണ്ടാമൃക്കിന്റെ ടിപ്പിണി നോക്കുക.
[7] അന്നം – സോമരസം.
[8] ഒരാളും – വിഷ്ണുവോ, ഇന്ദ്രനോ. ആ ത്രിവിധമായ ആയിരം – അപരിമിതമായ ലോകം, വേദം, വാക്ക്. യുദ്ധത്തിൽ അസുരന്മാരെ ജയിച്ചതിന്നുശേഷം ഇന്ദ്രൻ അവരോടു പറഞ്ഞു: – “നമുക്കു ലോകം പങ്കിടാം: വിഷ്ണു മൂന്നടിയളക്കും; അതിൽപ്പെട്ടതു ഞങ്ങൾക്കു; ബാക്കിയെല്ലാം നിങ്ങൾക്കും.” അസുരന്മാർ സമ്മതിച്ചു. വിഷ്ണുവാകട്ടേ, ഒന്നാമത്തെ അടികൊണ്ടുതന്നെ ലോകങ്ങൾ അളന്നു; രണ്ടും മൂന്നും അടികൾകൊണ്ട് വേദങ്ങൾ, വാക്കുകൾ എന്നിവയും അളന്നു. (അസുരന്മാർക്ക് ഒന്നുമില്ലാതായി!) ഐതരേയബ്രാഹ്മണത്തിലുള്ളതത്രേ, ഈ ഇതിവൃത്തം. കല്പിച്ചളന്നു – അളന്നു സ്വന്തമാക്കി.