വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിഷ്ണുവും ഇന്ദ്രാവിഷ്ണുക്കളും ദേവത.
കണക്കിൽക്കവിഞ്ഞ തിരുമൈവളർച്ച പൂണ്ടവനേ, വിഷ്ണോ, അങ്ങയുടെ മഹിമാവു് അളക്കാവുന്നതല്ല: അങ്ങയുടെ രണ്ടു ലോകമേ – പൃഥിവിയും അന്തരിക്ഷവുമേ – ഞങ്ങൾ അറിഞ്ഞിട്ടുള്ളൂ; ദേവ, അപ്പുറം അങ്ങയ്ക്കേ അറിഞ്ഞുകൂടു!1
ദേവ, വിഷ്ണോ, നിന്തിരുവടിയുടെ മഹിമാവിന്റെ അകന്ന അറ്റം ജനിയ്ക്കുന്നവനോ ജനിച്ചവനോ കണ്ടെത്തില്ല: നിന്തിരുവടി ദർശനീയമായ വലിയ വിണ്ണുലകം ഉയർത്തിയുറപ്പിച്ചു; ഭൂമിയുടെ കിഴക്കേദ്ദിക്കും തങ്ങിനിർത്തി!2
മനുഷ്യന്നു കൊടുപ്പാൻ അന്നങ്ങളെയും ഗോക്കളെയും നല്ല പുല്ലുകളെയും വഹിച്ചുപോന്ന ഈ വാനൂഴികളെ വിഷ്ണോ, അവിടുന്നു് ഇരുമട്ടിൽ താങ്ങി നിർത്തി; മന്നിനെ എമ്പാടും മലകൾകൊണ്ടുറപ്പിച്ചു!3
നേതാക്കളേ, നിങ്ങൾ സൂര്യനെയും ഉഷസ്സിനെയും അഗ്നിയെയും വെളിപ്പെടുത്തി, യഷ്ടാവിന്നു മഹത്തായ ലോകം കല്പിച്ചു; വൃഷശിപ്രനെന്ന വിധ്വംസകന്റെ മായകളെ യുദ്ധങ്ങളിൽ നശിപ്പിച്ചു!4
ഇന്ദ്രാവിഷ്ണുക്കളേ, നിങ്ങൾ ശംബരന്റെ ഉറപ്പുറ്റ തൊണ്ണൂറ്റൊമ്പതു പുരികൾ തകർത്തു; വർച്ചി എന്ന അസുരന്റെ എതിരറ്റ നൂറായിരംവീരന്മാരെയും കൂട്ടത്തൊടെ കൊന്നു!5
ഈ മഹത്തായ സ്തുതി ആ വിശാലവിക്രമരും ബലവാന്മാരുമായ മഹാന്മാരെ വർദ്ധിപ്പിയ്ക്കട്ടെ: വിഷ്ണോ, ഇന്ദ്ര, നിങ്ങൾക്കു ഞാൻ യജ്ഞങ്ങളിൽ സ്തോത്രം അർപ്പിക്കുന്നു; നിങ്ങൾ യുദ്ധങ്ങളിൽ അന്നം പെരുപ്പിച്ചാലും!6
വിഷ്ണോ, അങ്ങയ്ക്കു ഞാൻ വഷ്ട്കാരം ഉച്ചരിയ്ക്കുന്നു: ശിപിവിഷ്ട, അങ്ങ് എന്റെ ഈ ഹവിസ്സുകൈക്കൊണ്ടാലും. എന്റെ നല്ല സ്തുതിവാക്യങ്ങൾ അങ്ങയെ വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’7