വസിഷ്ഠനും വസിഷ്ഠപുത്രന്മാരും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അവർതന്നെ ദേവത.
വെളുത്ത നിറവും വലത്തു കുടുമ്മയുമുള്ള കർമ്മപൂരകന്മാർ എന്നെ സന്തോഷിപ്പിച്ചുവല്ലോ; അതിനാൽ, യജ്ഞത്തിൽനിന്നെഴുന്നേറ്റു ഞാൻ നേതാക്കളോടു പറയുന്നു – വസിഷ്ഠന്മാർ എങ്കൽനിന്ന് അകലെപ്പോകരുത്.1
ചമസത്തിലെ സോമനീർ കുടിച്ചിരുന്ന മഹാബലനായ ഇന്ദ്രനെ ദൂരത്തുനിന്നു, പാശദ്യുമ്നങ്കൽനിന്നു കൊണ്ടുപോന്നുവല്ലോ; ഇന്ദ്രനും വായതനെതള്ളി, പിഴിഞ്ഞ സോമത്തിന്നു വസിഷ്ഠരെ വരിച്ചു!2
ഇപ്രകാരംതന്നേ സുദാസ്സ് ഇവരെക്കൊണ്ടു സിന്ധു സുഖേന കടന്നു; ഇപ്രകാരംതന്നേ, ഇവരെക്കൊണ്ടു ഭേദനെ സുഖേന വധിച്ചു. ഇപ്രകാരംതന്നേ, വസിഷ്ഠരേ, നിങ്ങളുടെ സ്തുതിയാൽ ഇന്ദ്രൻ സുദാസ്സിനെ പത്തരചപ്പടയിൽ സുഖേന രക്ഷിച്ചു!3
നേതാക്കളേ, നിങ്ങളുടെ സ്തുതി പിതാക്കളെ പ്രീതിപ്പെടുത്തിയിരിയ്ക്കുന്നു. ഞാൻ അച്ചുതണ്ട് ഇളക്കുകയായി; നിങ്ങൾ ക്ഷീണിയ്ക്കില്ലല്ലോ? വസിഷ്ഠരേ, നിങ്ങൾ ഋക്കുകളിൽവെച്ചു മികച്ച ഒരു ഗാനംകൊണ്ട് ഇന്ദ്രങ്കൽ ബലമിയറ്റുവിൻ!4
ദാഹംമൂല യാചിച്ചു, വൃതരായ വസിഷ്ഠർ പത്തരചപ്പടയിൽ ഇന്ദ്രനെ, സൂര്യനെയെന്നപോലെ പ്രാദുർഭവിപ്പിച്ചു: ഇന്ദ്രൻ വസിഷ്ഠന്റെ സ്തോത്രം കേട്ടരുളി; ഒരു വലിയ രാജ്യം തൃത്സുക്കൾക്കു കൊടുക്കുകയുംചെയ്തു!5
ഭരതന്മാർ, മുടിങ്കോലുകൾപോലെ ചെത്തപ്പെട്ടു ചടച്ചുപോയിരുന്നു. അപ്പോഴെയ്ക്കും വസിഷ്ഠൻ പുരോഹിതനായി. അതോടെ തൃത്സുക്കളുടെ പ്രജകൾ തഴച്ചുതുടങ്ങി.6
മൂന്നുപേർ ഉലകങ്ങളിൽ ഉദകമുളവാക്കുന്നു: അവർക്ക് ആദിത്യ പ്രഭൃതികളായി മൂന്നു ശ്രേഷ്ഠപ്രജകളുണ്ട്; ആ ഉജ്ജ്വലരായ മുവ്വർ ഉഷസ്സിനോടു ചേരുന്നു. ഇതൊക്കെ ശരിയ്ക്കറിഞ്ഞവരാണ്, വസിഷ്ഠൻ!7
വസിഷ്ഠരേ, ഈ നിങ്ങളുടെ തേജസ്സ്, സൂര്യന്റേതുപോലെ ഭാസ്വരമാകുന്നു; മഹിമാവു, സമുദ്രത്തിന്റേതുപോലെ അഗാധമാകുന്നു; മന്ത്രഗണം, കാറ്റിന്റെ വേഗമെന്നപോലെ അന്യന് അനുഗമിക്കാവതല്ലാത്തതാകുന്നു!8
ഈ വസിഷ്ഠർ അജ്ഞേയമായ സംസാരത്തിൽ, അറിഞ്ഞുകൊണ്ടുതന്നേ പെരുമാറുന്നു: അവർ സർവനിയന്താവിനാൽ നിവുർത്തപ്പെട്ട വസ്ത്രം നെയ്തുകൊണ്ട്, അപ്സരസ്സുകളിലണഞ്ഞു!9
വസിഷ്ഠ, മിന്നലിന്നൊത്ത തേജസ്സിനെ ഭവാൻ ത്യജിച്ചതു മിത്രാവരുണന്മാർ കണ്ടു. ഉടനേ അഗസ്ത്യൻ അങ്ങയെ പൂർവ്വസ്ഥാനത്തുനിന്നു കൊണ്ടുപോന്നു; അതത്രേ, അങ്ങയുടെ ഒരു ജന്മം!10
വസിഷ്ഠ, മിത്രാവരുണന്മാരുടെ പുത്രനാണ്, ഭവാൻ – ബ്രഹ്മൻ, അവർക്കു ശുക്ലം സ്രവിച്ചപ്പോൾ, ഉർവശിയുടെ മനസ്സിൽനിന്നു ജനിച്ചവനാണ്, ഭവാൻ. ദേവന്മാരുടെ വേദരാശിയോടു ചേർന്ന ഭവാനെ വിശ്വദേവകൾ താമരയിലെടുത്തു.11
ആ ഉൽക്കൃഷ്ടജ്ഞാനനായ, രണ്ടിനെയും അറിഞ്ഞ വസിഷ്ഠൻ സഹസ്രദാനനായിത്തീർന്നു – പോരാ, സർവദാനനായിത്തീർന്നു. അദ്ദേഹം സർവനിയന്താവിനാൽ നിവുർത്തപ്പെട്ട വസ്ത്രം നെയ്തുകൊണ്ട്, അപ്സരസ്സിൽനിന്നു ജനിച്ചു.12
സത്രത്തിലിരുന്ന മിത്രാവരുണന്മാർ സ്തുതിയ്ക്കപ്പെട്ടുകൊണ്ട് ശുക്ലം ഒരു കുടത്തിൽ ഒപ്പം തുളിച്ചു; അതിന്റെ ഉള്ളിൽനിന്നു മാനൻ ഉത്ഥാനംചെയ്തു. വസിഷ്ഠർഷിയും അതിൽനിന്നു ജനിച്ചു എന്നു പറയുന്നു.13
“തൃത്സുക്കളേ, നിങ്ങളുടെ അടുക്കലേയ്ക്കു വസിഷ്ഠൻ വരുന്നുണ്ട്: ഇദ്ദേഹത്തെ നിങ്ങൾ മനംതെളിഞ്ഞുപരിചരിയ്ക്കുവിൻ. അദ്ദേഹം ശസ്ത്രം ചൊല്ലുന്നവനെയും സാമം പാടുന്നവനെയും അമ്മിക്കുഴയെടുത്തവനെയും മുൻനിന്നു ഭരിയ്ക്കും, ഉപദേശിയ്ക്കും!”14
[1] വലത്തു ശിരസ്സിന്റെ വലത്തുവശത്തത്രേ, വസിഷ്ഠഗോത്രക്കാർ കുടുമ്മ വെയ്ക്കുക. വസിഷ്ഠന്മാർ – വസിഷ്ഠപുത്രന്മാർ.
[2] പാശദ്യുമ്നൻ – ഒരു രാജാവ്. വായതൻ = വയതന്റെ പുത്രൻ, പാശദ്യുമ്നൻ. വസിഷ്ഠപുത്രന്മാർ സുദാസ്സെന്ന രാജാവിനെ യജിപ്പിയ്ക്കാൻ തുടങ്ങി; പാശദ്യുമ്നനും അന്നുതന്നെയാണ്, സോമയാഗത്തിലേർപ്പെട്ടെത്. ഇന്ദ്രൻ പാശദ്യുമ്നന്റെ യാഗത്തിൽ സോമം കുടിയ്ക്കുകയായിരുന്നു. അപ്പോൾ വാസിഷ്ഠന്മാർ ഇന്ദ്രനെ മന്ത്രബലംകൊണ്ടു, തട്ടിക്കൊണ്ടുപോന്നു, സുദാസ്സിന്റെ യാഗത്തിലിരുത്തി. പിഴിഞ്ഞ – സുദാസ്സിന്റെ യജ്ഞത്തിൽ പിഴിഞ്ഞ.
[3] ഇപ്രകാരം തന്നേ – ഇന്ദ്രനെ പാശദ്യുമ്നങ്കൽനിന്നു വരുത്തിച്ചതുപോലെ. ഇവർ – വസിഷ്ഠപുത്രന്മാർ. ഭേദൻ – സുദാസ്സിന്റെ ഒരു ശത്രു. പത്തരചപ്പട – പത്തു രാജാക്കന്മാരോടുള്ള യുദ്ധം.
[4] പിതാക്കൾ – വസിഷ്ഠൻ. അച്ചുതണ്ടിളക്കുകയായി – തന്റെ ആശ്രമത്തിലെയ്ക്കു തേർ നടത്തുകയുണ്ടായി. ഗാനം – സാമം.
[5] യാചിച്ചു – മഴയിരന്ന്. വൃതർ – തൃത്സുക്കളെന്ന രാജാക്കന്മാരാൽ വരിയ്ക്കുപ്പെട്ടവർ.
[6] ഭരതന്മാർ = തൃത്സുക്കൾ. ചെത്തപ്പെട്ടു – ശത്രുക്കളാൽ പീഢിപ്പിയ്ക്കപ്പെട്ട് എന്നർത്ഥം. മരച്ചില്ല മുറിച്ച് ഇലകൾ കളഞ്ഞു ചെത്തിയുണ്ടാക്കുന്നതാണല്ലോ, മാടുകളെ തെളിയ്ക്കുന്ന വടിയായ മുടിങ്കോൽ.
[7] മൂന്നുപേർ – അഗ്നിയും വായുവും സൂര്യനും. ആദിത്യപ്രഭൃതികൾ – ആദിത്യർ, വസുക്കൾ, രുദ്രന്മാർ.
[9] വസിഷ്ഠർ – വസിഷ്ഠൻ. വസ്ത്രം – ജനനമരണാദി. അപ്സരസ്സുകളിൽ – വസിഷ്ഠൻ പൂർവദേഹം വെടിഞ്ഞ്, ഒരപ്സരസ്ത്രീയുടെ പുത്രനായി എന്നൊരിതിഹാസമുണ്ട്.
[10] തേജസ്സിനെ – പൂർവദേഹത്തെ. മിത്രാവരുണന്മാർ കണ്ടു – ‘വസിഷ്ഠൻ നാമിരുവരിൽനിന്നു ജനിയ്ക്കണ’മെന്നു സങ്കല്പിച്ചു. പുരാണപ്രസിദ്ധം.
[12] രണ്ടിനെയും – ദ്യാവാപൃഥിവികളെ.
[13] മാനൻ-കൃശഗാത്രൻ, അഗസ്ത്യൻ.
[14] തൃത്സുക്കളോട് ഇന്ദ്രൻ പറയുന്നത്; അമ്മിക്കുഴ – സോമലത ചതയ്ക്കുവാൻ.