വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ത്രിഷ്ടുപ്പും ഗായത്രിയും അനുഷ്ടുപ്പും ഛന്ദാസ്സുകൾ; മരുത്തുക്കളും രുദ്രനും ദേവത.
ദേവന്മാരേ, നിങ്ങൾ ആരെ ഇതിൽനിന്നിതിൽനിന്നു രക്ഷിയ്ക്കുമോ, ആരെ കൊണ്ടുനടക്കുകയും ചെയ്യുമോ; അവന്ന്, അഗ്നേ, വരുണ, മിത്ര, ആര്യമാവേ, മരുത്തുക്കളേ, നിങ്ങൾ സുഖം നല്കുവിൻ!1
ദേവന്മാരേ, നിങ്ങളുടെ രക്ഷയാൽ, പ്രിയദിനത്തിൽ യജിയ്ക്കുന്നവൻ കൂടലരെ കടക്കും; യാവനൊരുത്തൻ നിങ്ങളെ നിർത്താൻ മികച്ച ഹവിസ്സു തരുമോ, അവൻ ഗൃഹത്തെ അഭിവൃദ്ധിപ്പെടുത്തും.2
നിങ്ങളിൽ താഴെയുള്ളവനെപ്പോലും വിട്ടിട്ടല്ല, വസിഷ്ഠൻ സ്തുതിയ്ക്കുന്നത്: മരുത്തുക്കളേ, ഇന്നു ഞങ്ങൾ പിഴിഞ്ഞതു തൽപരരായ നിങ്ങളെല്ലാവരും ഒന്നിച്ചു പാനംചെയ്താലും.3
നേതാക്കളേ, നിങ്ങൾ ആർക്കു നൽകിയോ, അവന്നു നിങ്ങളുടെ രക്ഷമൂലം പടയിൽ ഇടിവു വരില്ല. നിങ്ങളുടെ പുതിയ നന്മനസ്സു വന്നെത്തട്ടേ; പിപാസുക്കളായ നിങ്ങളും വെക്കം വരുവിൻ!4
തമ്മിലുരുമ്മുന്ന ധനമുള്ള നിങ്ങൾ ഹവിസ്സുണ്ണാൻ വരുവിൻ: മരുത്തുക്കളേ, ഇതാ, നിങ്ങൾക്കു ഞാൻ തരുന്നുണ്ടല്ലോ, ഹവ്യങ്ങൾ; നിങ്ങൾ മറ്റെങ്ങാനും പോയ്ക്കളയരുത്!5
മരുത്തുക്കളേ, നിങ്ങൾ ഞങ്ങളുടെ ദർഭയിരിയ്ക്കുവിൻ: ഞങ്ങൾക്കു സ്പൃഹണീയങ്ങളായ ധനങ്ങൾ തരുവാൻ വരികയുംചെയ്വിൻ; കനിവുറ്റ നിങ്ങൾ ഇവിടെ സോമമധുവിനാൽ മത്തുകൊണ്ടാലും, സ്വാഹാ!6
മറവിലിരിയ്ക്കുന്ന അവർ തിരുമെയ്യിന്നു മോടി കൂട്ടി, നീലഹംസങ്ങൾപോലെ പറന്നെത്തട്ടെ: ആ വിശാലമായ ഗുണം എന്റെ ചുറ്റും, യജ്ഞത്തിൽ ഇമ്പംകൊള്ളുന്ന സുന്ദരമനുഷ്യർപോലെ ഉപവേശിയ്ക്കട്ടെ!7
വസുക്കളായ മരുത്തുക്കളേ, തിരസ്കൃതനായ യാതൊരുവൻ കെടുകോപം പൂണ്ടു ഞങ്ങളുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുകയും വരുണപാശങ്ങളിൽ കുടുക്കുകയും ചെയ്യുമോ; അവനെ നിങ്ങൾ പൊള്ളിയ്ക്കുന്ന ആയുധംകൊണ്ടു കൊല്ലണം!8
പൊള്ളിയ്ക്കുന്ന, ദ്രോഹികളെ പോക്കുന്ന മരുത്തുക്കളേ, ഇതാ, ഹവിസ്സ്: സ്വന്തം രക്ഷയോടേ ഇതു നിങ്ങൾ സ്വീകരിച്ചാലും!9
ഗൃഹമേധികളും ശോഭനദാനരുമായ മരുത്തുക്കളേ, നിങ്ങൾ സ്വന്തം രക്ഷയോടേ വന്നാലും; പോയ്ക്കളയരുത്!10
സ്വാധീനബലരായി കവികളായി സൂര്യവർണ്ണരായിരിയ്ക്കുന്ന മരുത്തുക്കളേ, നിങ്ങൾക്കു ഞാൻ ഇവിടെത്തന്നേ യജ്ഞമനുഷ്ഠിയ്ക്കുന്നു.11
തൂമണം വീശുന്ന പുഷ്ടിവർദ്ധനനായ ത്ര്യംബകനെ നാം യജിയ്ക്കുക: ഞെട്ടിൽനിന്നു വെള്ളരിയ്ക്കയെന്നപോലെ, എന്നെ മുക്തിപര്യന്തം നിന്തിരുവടി മരണത്തിൽ നിന്നു മോചിപ്പിച്ചാലും!12
[1] ഇതിൽ നിന്നിതിൽനിന്ന് – ഓരോ ഭയത്തിൽ നിന്നും. കൊണ്ടുനടക്കുക – സന്മാർഗ്ഗത്തിലെയ്ക്ക്.
[2] പ്രിയദിനം – നിങ്ങൾക്കു പ്രിയമായ ദിവസം. നിങ്ങളെ നിർത്താൻ – നിങ്ങൾ മറ്റൊരേടത്തെയ്ക്കു പോയ്ക്കളയാതിരിപ്പാൻ.
[3] വസിഷ്ഠൻ നിങ്ങളെല്ലാവരെയും നിർവ്വിശേഷം സ്തുതിയ്ക്കുന്നു. തൽപരർ – സോമകാമർ.
[4] നല്കിയോ – അഭീഷ്ടങ്ങൾ കൊടുത്തുവോ. വന്നെത്തട്ടെ – ഞങ്ങളിൽ. പിപാസുക്കൾ – സോമപാനേച്ഛുക്കൾ.
[5] തമ്മിലുരുമ്മുന്ന – ഇടതിങ്ങിയ.
[7] പരോക്ഷകഥനം: ഗുണം – മരുത്സംഘം. സുന്ദരമനുഷ്യർ – വസ്ത്രാഭരണഭൂഷിതരായിട്ടാണ്, ആളുകൾ യാഗത്തിനു വരിക. ഉപവേശിയ്ക്കുക = ഇരിയ്ക്കുക.
[10] ഗൃഹമേധികൾ – മനുഷ്യഗൃഹങ്ങളിൽ ചെയ്യപ്പെടുന്ന മേധ(യാഗ)ത്തോടുകൂടിയവർ.
[11] കവികൾ = ക്രാന്തദർശികൾ.
[12] തൂമണം – പുണ്യയശസ്സ്. ത്ര്യംബകൻ = രുദ്രൻ. രണ്ടാംവാക്യം പ്രത്യക്ഷോക്തി: ദീർഗ്ഘായുഷ്കരമത്രേ, ഈ മന്ത്രം.