വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യനും മിത്രാവരുണന്മാരും ദേവതകൾ.
സൂര്യ, ഉദിച്ചുയരുന്ന ഭവാൻ ഇപ്പോൾ ദേവന്മാരുടെ ഇടയിൽ അരുളിച്ചെയ്യുമെങ്കിൽ, ഞങ്ങൾ സത്യമായും മിത്രവരുണർക്ക് അനപരാധികളായിത്തീരും; അദീന, അര്യമാവേ, സ്തുതിച്ചു ഭവാനു പ്രിയരുമാകും!1
മിത്രാവരുണന്മാരേ, ഇതാ, മനുഷ്യരെ നോക്കുന്നവനും – മർത്ത്യരുടെ നന്മതിന്മകൾ വീക്ഷിയ്ക്കുന്നവനും – ചരാചരങ്ങളുടെയെല്ലം കാവല്ക്കാരനുമായ അ സൂര്യൻ ദ്യാവാപൃഥിവികളുടെ നേരേ ഉദിച്ചു, നടകൊള്ളുന്നു.2
മിത്രാവരുണന്മാരേ, അന്തരിക്ഷത്തിൽ, സൂര്യനെ വഹിയ്ക്കുന്ന ജലപ്രദങ്ങളായ ഏഴു പച്ചക്കുതിരകൾ പൂട്ടപ്പെട്ടിരിയ്ക്കുന്നു. ജഗത്തുകളെയും ജീവികളെയും, ഗോഗണങ്ങളെ എന്നപോലെ നോക്കുന്നവനാണല്ലോ, ആ ഭവൽക്കാമൻ!3
നിങ്ങളിരുവർക്കും മധുരാന്നങ്ങൾ തയ്യാറായി; മിത്രനും ആര്യമാവും വരുണനുമാകുന്ന അദിതിപുത്രന്മാർ തുല്യപ്രീതിയോടേ ആർക്കു വഴിവെട്ടുന്നുവോ, ആ സൂര്യൻ തെളിഞ്ഞ അന്തരിക്ഷത്തിൽ കേറുകയും ചെയ്തു.4
ഈ മിത്രനും അര്യമാവും വരുണനും പാരിച്ച പാപം നശിപ്പിയ്ക്കുന്നവരാണല്ലോ; ഈ അപീഡിതരും സുഖപ്രദരുമായ അദിതിപുത്രന്മാർ യജ്ഞസദനത്തിൽ വർദ്ധിയ്ക്കും!5
ഈ ദുർദ്ധർഷരായ മിത്രാര്യമവരുണന്മാർ അജ്ഞനെപ്പോലും കുശലനാക്കും; വിജ്ഞനായ കർമ്മിയെ പ്രാപിച്ചു, ദുഷ്കൃതം നീക്കി, നല്ല വഴിയിലൂടെ കൊണ്ടുപോകയും ചെയ്യും!6
ഇവർ എന്നെന്നും ദ്യോവിന്റെയും ഭൂവിന്റെയും അജ്ഞാനം അറിഞ്ഞു, നേരേ നടത്തുന്നു; കണ്ടുള്ളേടത്തും പുഴയുടെ ആഴം കുറയ്ക്കുന്നു. അവർ നമ്മുടെ ഈ കർമ്മത്തെ മറുകരയിലണയ്ക്കട്ടെ!7
അദിതിയും മിത്രനും വരുണനും രക്ഷയുള്ള യാതൊരു നല്ല ഗൃഹം ശോഭനദാനന്നു നല്കുമോ; വെമ്പൽകൊള്ളുന്നവരേ, അതിങ്കൽ പുത്രപൗത്രരെ പുലർത്തുന്ന നമ്മൾ ദേവകളെ കോപിപ്പിയ്ക്കുന്നതൊന്നും ചെയ്തുപോകരുത്!8
ആർ യാഗസാധനത്തെ സ്തുതികളോടു ചേർക്കുന്നില്ലയോ, അവൻ വരുണനാൽ ഉപദ്രവിയ്ക്കപ്പെട്ടു ചില യാതനകൾ (അനുഭവിയ്ക്കും). ആര്യമാവു വിദ്വേഷികളെ അകറ്റട്ടെ. വൃക്ഷാക്കളേ, നിങ്ങളിരുവരും ശോഭനദാനന്നു മഹത്തായ ലോകം നൽകുവിൻ!9
ഒളിഞ്ഞും തെളിഞ്ഞുമിരിയ്ക്കും, ഇവരുടെ ചേർച്ച: ഇവർ നിഗൂഢമായ ബലംകൊണ്ടു കീഴമർത്തും. വൃഷാക്കളേ, (വിരോധികൾ) നിങ്ങളെപ്പേടിച്ചു വിറയ്ക്കുന്നു. നിങ്ങൾ കരുത്തിന്റെ കനത്താൽ ഞങ്ങളിൽ കനിഞ്ഞാലും!10
യാവനൊരുത്തൻ അന്നവും മികച്ച ധനവും ലഭിപ്പാൻ സ്തുതികർമ്മത്തിൽ നന്നായി മനസ്സുവെയ്ക്കുമോ, ആ സ്തോതാവിന്റെ സ്തവത്തെ മഘവാക്കുകൾ മാനിയ്ക്കും; വലിയ ഗൃഹത്തിന്നു നല്ല നിലവും കല്പിച്ചുകൊടുക്കും!11
മിത്രാവരുണദേവന്മാരേ, ഇതാ, നിങ്ങൾ യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ടു: ആപത്തെല്ലാം തട്ടിനീക്കി ഞങ്ങളെ മറുകരയിലെത്തിയ്ക്കുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’12
[1] അരുളിച്ചെയ്യുമെങ്കിൽ – ‘ഇവർ അപരാധികളല്ല’ എന്ന്. അര്യമാവ് = ദാതാവ്.
[2] നടകൊള്ളുന്നു – അന്തരിക്ഷത്തിൽ ചരിയ്ക്കുന്നു.
[3] ഗോഗണങ്ങളെ എന്നപോലെ – ഒരിടയൻ മാടുകളെ നോക്കുന്നതുപോലെ. ഭവൽകാമൻ – ഭവാന്മാരിൽ താൽപര്യമുള്ളവൻ.
[4] മിത്രനും എന്നതുമുതൽ പരോക്ഷകഥനം:
[5] വർദ്ധിയ്ക്കും – സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും.
[6] കുശലൻ – കർമ്മനിപുണൻ.
[8] സ്വന്തം ആളുകളോട്: ശോഭനദാനന്ന് – ശോഭനദാനനായ എനിയ്ക്ക്. വെമ്പൽകൊള്ളുന്നവരേ, അങ്ങോട്ടു പോകാൻ വെമ്പുന്ന ആളുകളെ.
[9] കർമ്മങ്ങളിൽ ദേവന്മാരെ സ്തുതിയ്ക്കാഞ്ഞാൽ വരുണൻ കോപിയ്ക്കും. വിദ്വോഷികളെ – നമ്മെ ഉപദ്രവിയ്ക്കുന്ന രാക്ഷസാദീകളെ. ശോഭനദാനന്ന് – എനിയ്ക്കു്.
[10] കീഴമർത്തും – നമ്മുടെ ശത്രുക്കളെ.
[11] മഘവാക്കൾ – ആര്യമാദികൾ. വലിയ ഗൃഹത്തിന്ന് – അവന്നു വലിയ ഗൃഹം നിർമ്മിപ്പാൻ.
[12] പുരസ്കരിയ്ക്കുക – സ്തുതികൊണ്ടു പൂജിയ്ക്കുക.