വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യനും മിത്രാവരുണന്മാരും ദേവതകൾ.
സൂര്യൻ എല്ലാ മനുഷ്യജാതികൾക്കുംവേണ്ടി, മുകളിൽ വളരെ വളരെക്കിരണങ്ങളോടു ചേരുന്നു; പകൽസ്സമയത്തു പരിദീപ്തനായി, ഏകരൂപനായി കാണപ്പെടുന്നു. നിയമിയ്ക്കപ്പെട്ട ഈ വിധാതാവു കർമ്മികളാൽ ഉത്തേജിപ്പിയ്ക്കുപ്പെടുന്നു.1
സൂര്യ, ആ നിന്തിരുവടി ഈ സ്തുത്യങ്ങളായ നാനാവർണ്ണാശ്വങ്ങളിലൂടെ ഞങ്ങൾക്കായി കിഴക്കുദിച്ചാലും; ഞങ്ങൾ അനപരാധികളാണെന്നു, മിത്രനോടും വരുണനോടും ആര്യമാവിനോടും അഗ്നിയോടും പറയുകയും ചെയ്താലും!2
ദുഃഖത്തെത്തടയുന്ന സത്യവാന്മാരായ വരുണനും മിത്രനും അഗ്നിയും ഞങ്ങൾക്ക് ആയിരം തരട്ടെ – ആ ആഹ്ലാദകന്മാർ ഞങ്ങൾക്കു സ്തുത്യവും പൂജനീയമായിട്ടുള്ളതുമായിട്ടുള്ളതു നല്കട്ടെ; സ്തുതിയ്ക്കുന്ന ഞങ്ങളുടെ അഭീഷ്ടം നിറവേറ്റട്ടെ!3
ദ്യാവാപൃഥിവികളേ, അദിതികളേ, മഹതികളേ, നിങ്ങൾ ഞങ്ങളെ രക്ഷിയ്ക്കണം. ജന്മഗുണത്താൽ ഞങ്ങൾ നിങ്ങളെ അറിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ വരുണന്റെയോ വായുവിന്റെയോ നേതാക്കൾക്ക് അത്യന്തം പ്രിയപ്പെട്ട മിത്രന്റെയോ അരിശത്തിൽ പെടരുത്!4
മിത്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളെ ജീവിപ്പിപ്പാൻ തൃക്കൈകൾ നീട്ടിയാലും: ഞങ്ങളുടെ മാടുമേച്ചിൽനിലം വെള്ളംകൊണ്ടു നനയ്ക്കുവിൻ. ഞങ്ങളെ ജനങ്ങളുടെയിടയിൽ വിശ്രുതരാക്കുവിൻ. യുവാക്കളേ, എന്റെ ഈ വിളി കേട്ടാലും!5
മിത്രനും വരുണനും ആര്യമാവും ഇന്നു ഞങ്ങൾക്കും ഞങ്ങളുടെ പുത്രനും ധനം തന്നരുളട്ടെ; ഞങ്ങൾക്കു മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാകട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6